മക്കള്‍ ദുരന്തവും മക്കള്‍ മാഹാത്മ്യവും
കണ്ണുകളെ ഈറനണിയിച്ച രണ്ടു പത്രവാര്‍ത്തകളെക്കുറിച്ചാണ് ഇന്നു പറയുന്നത്. രണ്ടു വാര്‍ത്തകളും മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ബന്ധത്തെക്കുറിച്ചുള്ളവയാണ്. എങ്കിലും രണ്ടും മനസ്സിനെ പിടിച്ചുലച്ചത് രണ്ടു തരത്തിലാണ്. ഒരു വാര്‍ത്ത വായിച്ചപ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട മക്കളോട് വല്ലാത്ത വെറുപ്പു തോന്നി. രണ്ടാമത്തേത് വായിച്ചു തീര്‍ത്തപ്പോള്‍ മിഴികളെ ഈറനണിയിച്ചത് സന്തോഷാശ്രുവായിരുന്നു.
മൂവാറ്റുപുഴയില്‍ നിന്നായിരുന്നു ആദ്യ വാര്‍ത്ത. നൊന്തുപെറ്റ മാതാവിനെ വൃദ്ധസദനത്തില്‍ നടതള്ളി തിരിച്ചുപോകുന്ന മകനും അയാളുടെ ഭാര്യയും. ജീവിതത്തിലൊരിക്കലും പ്രതീക്ഷിക്കാത്ത ആ കൈയൊഴിഞ്ഞു പോക്കു കണ്ട് നെടുവീര്‍പ്പിടുന്ന മാതാവ്. താന്‍ തീര്‍ത്തും അനാഥയാക്കപ്പെടുന്ന ആ മുഹൂര്‍ത്തത്തില്‍ അവരുടെ മനസ്സിലൂടെ എന്തെല്ലാം ഓര്‍മകളുടെ തിരയടികള്‍ ഉയര്‍ന്നിരിക്കാം. അവര്‍ അപ്പോള്‍ അനുഭവിച്ച നിരാശയും സങ്കടവും വേദനയുമെല്ലാം ആരോടു പറഞ്ഞു മനസ്സിന്റെ കനം കുറയ്ക്കാനാകും. ആ വൃദ്ധ അങ്ങനെ തരിച്ചുനില്‍ക്കുമ്പോഴാണ് പിറകില്‍ നിന്ന് അതീവസ്‌നേഹത്തോടെ ഒരു വിളി കേട്ടത്..,
'എടീ... മണിയമ്മേ...' തീര്‍ത്തും അപരിചിതമായ ആ സ്ഥലത്ത് ആരാണ് തന്നെ പേരു ചൊല്ലി ഇത്ര സ്‌നേഹത്തോടെ വിളിക്കുന്നതെന്ന് അത്ഭുതപ്പെട്ട് മണിയമ്മ തിരിഞ്ഞു നോക്കി. മുന്നില്‍ നില്‍ക്കുന്ന വൃദ്ധയെ കണ്ട് അവരുടെ കണ്ണുകള്‍ വിടര്‍ന്നു. ഇരുട്ടുനിറഞ്ഞ ആ മാനസികാവസ്ഥയില്‍ കൈത്തിരി കിട്ടിയ സന്തോഷമായി. അത് മണിയമ്മയുടെ സഹോദരിയായിരുന്നു, ശാന്ത! മൂന്നു പതിറ്റാണ്ടോളമായി പരസ്പരം കണ്ടിട്ട്. മണിയമ്മയെപ്പോലെ തന്നെ ജീവിതപ്രയാസം അനുജത്തിയിലും വല്ലാത്ത ആഘാതം സൃഷ്ടിച്ചിരുന്നു. എങ്കിലും ഒന്നിച്ച് ഉണ്ടുമുറങ്ങിയും കളിച്ചും ചിരിച്ചും ജീവിച്ച ബാല്യ-കൗമാരകാലത്ത് ഹൃദയത്തില്‍ പതിഞ്ഞ അതേ സ്‌നേഹവായ്പ്പ് ശാന്തയുടെ മുഖത്തു നിറഞ്ഞുനില്‍ക്കുന്നത് മണിയമ്മ കണ്ടു. അതോടെ അവരുടെ തളര്‍ച്ചയും വ്യഥയുമൊക്കെ എങ്ങോ പോയ് മറഞ്ഞു. താന്‍ എത്തിച്ചേര്‍ന്നതു വൃദ്ധസദനത്തിലല്ല, ഒരു കാലത്തു മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ സ്വന്തം വീട്ടിലാണെന്ന് അവര്‍ ഭ്രമിച്ചുപോയി. ആ ചിന്ത തികച്ചും നിഷ്‌കളങ്കമായി സഹോദരിയോടു പറയുകയും ചെയ്തു. 'എടീ... ഇതു നമ്മുടെ വീടൊന്നുമല്ല, അനാഥാലയം തന്നെയാ... ഞാനിവിടെ വന്നിട്ടു കുറച്ചു കാലമായി'. മണിയമ്മയെ എന്നപോലെ ശാന്തയെയും അവരുടെ മക്കള്‍ ആ വൃദ്ധസദനത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജീവിതസായാഹ്നത്തില്‍ താന്‍ അനുഭവിക്കുന്ന ദുര്‍വിധിയുടെ നേര്‍പകര്‍പ്പുകളായ ഇതര അന്തേവാസികള്‍ക്കിടയില്‍ അന്നുമുതല്‍ ശാന്തയും ജീവിച്ചുവരികയാണ്. ഇപ്പോഴിതാ സ്വന്തം സഹോദരിയും അതേയിടത്തേയ്ക്ക് മക്കളാല്‍ എടുത്തെറിയപ്പെട്ടിരിക്കുന്നു.മണിയമ്മയുടെയും ശാന്തയുടെയും വൃദ്ധസദനത്തിലെ കൂടിച്ചേരല്‍ അപൂര്‍വസംഭവമാണെങ്കിലും അവരെപ്പോലെ ജീവിതസായാഹ്നത്തില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ ദുരനുഭവ വാര്‍ത്തകള്‍ പുതുമയല്ലല്ലോ.
വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാതെ എത്രയെത്ര മാതാപിതാക്കളെ ഇങ്ങനെ ഉറ്റവര്‍ ശരണാലയങ്ങളിലേയ്ക്കു തള്ളിവിടുന്നു. ജീവിതസായാഹ്നത്തില്‍ മറിച്ചൊന്നും പറയാതെ അവര്‍ ജീവച്ഛവങ്ങളെപ്പോലെ അനുസരിക്കാന്‍ നിര്‍ബന്ധിതരുമാകുന്നു.
ഇങ്ങനെ തള്ളപ്പെടുന്ന ഓരോ മാതാവും പിതാവും എത്ര പ്രതീക്ഷയോടെയായിരിക്കാം മക്കളെ പോറ്റിവളര്‍ത്തിയിട്ടുണ്ടാവുക. മക്കളെ വിശപ്പറിയിക്കാതിരിക്കാന്‍ പട്ടിണി മാത്രം ഉണ്ടു കഴിഞ്ഞവര്‍... മക്കള്‍ക്കു രോഗം വരുമ്പോള്‍ നെഞ്ചുപിടഞ്ഞവര്‍.., മക്കളുടെ കൈവളരുന്നോ കാല്‍വളരുന്നോയെന്നു ഓരോ നിമിഷത്തെയും കൗതുകത്തോടെ നോക്കിക്കണ്ടവര്‍.., തങ്ങള്‍ക്കുള്ളതെല്ലാം മക്കള്‍ക്കായി പകുത്തു നല്‍കിയവര്‍... അവരാണ് ജീവിതസായാഹ്നത്തില്‍ അതേ മക്കളാല്‍ കൈയൊഴിയപ്പെടുന്നത്. ഇങ്ങനെ എത്രയെത്ര പേര്‍. അനാഥമന്ദിരങ്ങള്‍ കുറേക്കാലമായി ഉണ്ടെങ്കിലും വൃദ്ധസദനമെന്ന പേര് കേരളീയസമൂഹത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ഉറ്റവരും ഉടയവരുമില്ലാത്തവരെയാണ് അനാഥമന്ദിരങ്ങളില്‍ പാര്‍പ്പിച്ചിരുന്നത്. വൃദ്ധസദനങ്ങളില്‍ അങ്ങനെയല്ല, അവിടത്തെ അന്തേവാസികള്‍ ഉറ്റവരും ഉടയവരുമുള്ളവര്‍ തന്നെയാണ്. പലവിധ കാരണങ്ങളാല്‍ മക്കള്‍ മാതാപിതാക്കളെ സ്വമനസ്സാലെ ഇത്തരം സ്ഥാപനങ്ങളില്‍ കൊണ്ടുചെന്നാക്കുകയാണ്.
വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ ജോലിയുള്ളവര്‍ക്ക് പലപ്പോഴും മാതാപിതാക്കളെ ഒപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞെന്നു വരില്ല. ഭാര്യയും ഭര്‍ത്താവും ജോലിയുള്ളവരാണെങ്കില്‍ പ്രായമായവരുടെ പരിചരണം പ്രയാസമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മാതാവിനെയോ പിതാവിനെയോ തനിച്ചാക്കാനുള്ള പ്രയാസം കണക്കിലെടുത്ത് അവര്‍ക്ക് നല്ല നിലയില്‍ പരിചരണം കിട്ടുന്നയിടങ്ങളില്‍ താമസിപ്പിക്കാന്‍ ചില മക്കള്‍ ശ്രമിക്കാറുണ്ട്. അതിന് അവരെ നിര്‍ബന്ധിതരാക്കുന്നത് സ്‌നേഹക്കുറവായിരിക്കില്ല, ഗത്യന്തരമില്ലായ്മയായിരിക്കും.
പക്ഷേ, നാലും അഞ്ചും മക്കളുള്ളവര്‍ക്കു പോലും, മക്കളില്‍ പലരും നാട്ടിലുണ്ടായിട്ടുപോലും, വാര്‍ദ്ധക്യത്തിലെ കൈയൊഴിയല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ഈയിടെ അത്തരമൊരു സംഭവത്തിന് നേരിട്ടു സാക്ഷിയാകേണ്ടി വന്നു. എന്റെ വീട്ടിനടുത്ത് വലിയൊരു വീട്ടില്‍ തൊണ്ണൂറോളം വയസ്സു പ്രായമുള്ള ഒരു സ്ത്രീ വാടകയ്ക്കു താമസിക്കുന്നുണ്ടായിരുന്നു. രണ്ടു പെണ്‍മക്കളും ഒരു മകനുമാണ് അവര്‍ക്ക്. മകന്‍ അമേരിക്കയിലാണ്. പെണ്‍മക്കളിലൊരാള്‍ ബംഗളൂരുവിലും. ഒരു മകള്‍ നാട്ടിലുണ്ട്. അമേരിക്കയിലും ബംഗളൂരുവിലുമുള്ള മക്കള്‍ക്ക് അമ്മയെ നോക്കാനാവില്ലെങ്കില്‍ തനിക്കും വയ്യെന്നു നാട്ടിലുള്ള മകള്‍ തീരുമാനിച്ചു. വൃദ്ധസദനത്തിലാക്കാമെന്ന് അവര്‍ സഹോദരങ്ങളോടു പറഞ്ഞു. അത്ര ക്രൂരത മകനുണ്ടായില്ല. അദ്ദേഹമാണ് വാടക വീടെടുത്ത്, അമ്മയെ നോക്കാന്‍ തമിഴ് ദമ്പതിമാരെ നിയോഗിച്ചത്. ആ വൃദ്ധയുടെ തനിച്ചുള്ള താമസത്തിന്റെ ഗതികേടു മനസ്സിലാക്കി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലിസെത്തി നാട്ടിലുള്ള മകളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു. പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയില്ല. ഒരുപക്ഷേ, ശരണാലയത്തില്‍ പാര്‍പ്പിച്ചിരിക്കാം.
ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ കണ്ണില്‍ ചോരയില്ലാത്ത നടപടിക്കെതിരേ കര്‍ക്കശമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഇരിക്കൂര്‍ സ്വദേശിയായ ഫാറൂഖ് എന്ന യുവാവ് ഏറെക്കാലം പോരാട്ടം നടത്തിയിരുന്നു. താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഓരോ ഘട്ടങ്ങളില്‍ വിജയിക്കുമ്പോള്‍ അദ്ദേഹം ആ സന്തോഷം പ്രിയപ്പെട്ടവരെയെല്ലാം വിളിച്ചറിയിക്കാറുമുണ്ട്. തന്നെപ്പോലുള്ളവര്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ചില മക്കള്‍ വീണ്ടും ക്രൂരത കാണിക്കുന്നതിലുള്ള മനോവിഷമവും അദ്ദേഹം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മനഃസാക്ഷിയില്ലാതെ പെരുമാറുന്ന മക്കള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്താണ് തുടക്കത്തില്‍ പറഞ്ഞ രണ്ടാമത്തെ വാര്‍ത്ത മനസിന് കുളിരേകി കണ്‍മുന്നിലെത്തുന്നത്.
കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ കോടഞ്ചേരിയില്‍ ഏലിയാമ്മ എന്ന വൃദ്ധസ്ത്രീയെ കാണാതായി. മൂത്തമകനൊപ്പമാണ് അവര്‍ താമസം. മറവിരോഗം ബാധിച്ച അവരെ വീട്ടില്‍ നിന്നു തനിച്ചു പുറത്തേയ്‌ക്കൊന്നും വിടാറില്ല. വല്ലപ്പോഴും അയല്‍വീട്ടില്‍ പോകും. ചിരപരിചിതമായ സ്ഥലമായതിനാല്‍ വഴി തെറ്റാതെ വീട്ടിലെത്തും. കഴിഞ്ഞദിവസം അയല്‍വീട്ടില്‍ പോയ ഏലിയാമ്മ തിരിച്ചെത്തിയില്ല. ദിവസങ്ങള്‍ക്കു മുമ്പ് കടുവയിറങ്ങിയ സ്ഥലമാണ്. തൊട്ടുചേര്‍ന്നു വന്യമൃഗങ്ങള്‍ ധാരാളമുള്ള കാടാണ്. വിവരമറിഞ്ഞയുടന്‍ മറ്റുമക്കളും ഓടിക്കിതച്ചെത്തി. അവരും നാട്ടുകാരും ആ പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കി. ഒരു സൂചനയുമില്ലാതെ ഒരാഴ്ചയോളം പോയി. എങ്കിലും അവര്‍ ആശ കൈവെടിയാതെ സ്വന്തം മാതാവിനായി തെരച്ചില്‍ നടത്തി. തങ്ങളുടെ മാതാവിന് ഒരാപത്തും വരുത്തരുതേയെന്നു മുട്ടിപ്പായി പ്രാര്‍ഥിച്ചു. ഒടുവില്‍, ഏഴാം നാള്‍ നാലുകിലോമീറ്റര്‍ അകലെ കാട്ടില്‍ ഏലിയാമ്മയെ കണ്ടെത്തി. നരിമടയെന്നു വിളിക്കുന്ന ഗുഹാമുഖത്തിനടുത്ത ഒരു കുഴിയില്‍ വീണ് അവശയായി കിടക്കുകയായിരുന്നു അവര്‍. മാതാവിനെ തിരിച്ചുകിട്ടിയ സന്തോഷം ആ മക്കള്‍ക്കു പറഞ്ഞറിയിക്കാന്‍ ആവാത്തത്രയുമുണ്ടായിരുന്നു. കാരണം, അവര്‍ തങ്ങളുടെ മാതാവിനെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."