ഫേസ്ബുക്ക് ജനാധിപത്യത്തിന് ഭീഷണി: സമാധാന നൊബേല്‍ ജേതാവ് മരിയ റെസ്സ
മനില: വിദ്വേഷപ്രചാരണത്തിനു കൂട്ടുനില്‍ക്കുന്ന ഫേസ്ബുക്കിന്റെ നടപടിക്കെതിരേ ആഞ്ഞടിച്ച് ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ജേതാവ് മരിയ റെസ്സ. വിദ്വേഷ പ്രചാരണം നടത്തുന്നത് തടയുന്നതില്‍ ഫേസ്ബുക് പരാജയമാണ്. സമൂഹമാധ്യമഭീമന്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറിയെന്നും അവര്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതായി മുന്‍ ഡാറ്റ സയന്റിസ്റ്റ് ഫ്രാന്‍സെസ് ഹൗഗെന്‍ കഴിഞ്ഞദിവസം യു.എസ് സെനറ്റ് മുമ്പാകെ മൊഴിനല്‍കിയിരുന്നു. ഇന്ത്യയില്‍ മുസ്ലിംകള്ക്കെതിരായ വിദ്വേഷപ്രചാരണം തടയാന്‍ ഫേസ്ബുക് നടപടിയെടുത്തില്ലെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. അതിനിടെയാണ് സമാധാന നൊബേല്‍ പങ്കിട്ട ഫിലിപ്പൈന്‍സ് ന്യൂസ് പോര്‍ട്ടലായ റാപ്പ്ലറിന്റെ സ്ഥാപക മരിയ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദത്തേര്തെയുടെ അനുകൂലികള്‍ റെസ്സയ്ക്കെതിരേ ഫേസ്ബുക്കിലൂടെ കടുത്ത വിദ്വേഷപ്രചാരണം നടത്തിയിരുന്നു. തന്റെയും റാപ്പ്ലറിന്റെയും വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രചാരണങ്ങളെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."