വെല്ലുവിളികൾ നേരിടുന്ന ന്യൂനപക്ഷാവകാശങ്ങൾ
ഡോ.മൊയ്തീൻ കുട്ടി
ഭൗമ രാഷ്ട്രീയത്തിലും ദേശരാഷ്ട്ര വ്യവഹാര പരിസരത്തും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പും അവരുടെ അവകാശങ്ങളും. ജനാധിപത്യ വ്യവസ്ഥിതികളിൽ മാത്രമല്ല, രാജാധിപത്യ ക്രമങ്ങളിലും ന്യൂനപക്ഷാവകാശങ്ങളെ കുറിച്ച് വിചാരപ്പെടലുകളും ഇന്റർ ഫെയിത്ത് ഡയലോഗുകളും കുറഞ്ഞതോ കൂടിയതോ ആയ തോതിൽ നടന്നിരുന്നു. ബംഗ്ലാദേശിനെ പോലെ സെക്യുലറിസം ഒഴിവാക്കിയ ചില രാജ്യങ്ങൾ അവ പുനഃസ്ഥാപിച്ചുവരികയാണ്.
യു.എ.ഇ പോലുള്ള രാജ/അമീർ ഭരണപ്രദേശങ്ങളിൽ പോലും സഹിഷ്ണുതാ വകുപ്പ് മന്ത്രിമാരുണ്ട്. നമ്മുടെ അയൽ രാജ്യമായ പാകിസ്താനിലെ മതകാര്യ മന്ത്രി ഇന്റർ ഫെയിത്ത് മന്ത്രി കൂടിയാണ്. രാഷ്ട്രങ്ങൾ കൂടുതൽ ബഹുസ്വരവും മാനവീകവും മതനിരപേക്ഷവും ആയിക്കൊണ്ടിരിക്കുകയാണ്.
ന്യൂനപക്ഷാവകാശ
പ്രഖ്യാപനം: നാൾവഴികൾ
ന്യൂനപക്ഷ അവകാശങ്ങൾ അന്തസ്സായി ജീവിക്കാനും അഭിപ്രായം പറയാനും തൊഴിൽ ചെയ്യാനുമൊക്കെയുള്ള മനുഷ്യാവകാശങ്ങളുടെ നീളിച്ചയാണ്. വിവിധ സന്ധികളിലൂടെയും അന്താരാഷ്ട്ര കരാറുകളിലൂടെയും ആഗോള നിയമങ്ങളിലൂടെയും സാർവദേശീയ പ്രഖ്യാപനങ്ങളിലൂടെയും സ്ഥിരപ്രതിഷ്ഠ നേടിയ മനുഷ്യാവകാശങ്ങൾ എല്ലാ മനുഷ്യർക്കും പൊതുവായി നിലനിൽക്കുമ്പോൾ തന്നെ സവിശേഷ പരിഗണന അർഹിക്കുന്ന ചില വിഭാഗങ്ങൾ ഉണ്ടെന്നും അവർക്കായി പ്രത്യേക നിയമങ്ങളും പ്രഖ്യാപനങ്ങളും വേണമെന്ന അഭിപ്രായവും അന്താരാഷ്ട്ര വേദികളിൽ ഉയർന്നുവന്നു.
1992ഓടെയാണ് ഇത്തരം നിർദേശങ്ങളുടെ രചനാത്മക സമാഹരണം സാധ്യമായത്. 1992 ഡിസംബർ 18ന് ഐക്യരാഷ്ട്ര സഭ അതിന്റെ 47/135ാം പ്രമേയത്തിലൂടെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനം നടത്തി. അതിന്റെ ഓർമയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളോടൊപ്പം ഇന്ത്യയിലും ഡിസംബർ 18ന് വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 1992ൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായിരുന്ന ബുത്രസ് ബുത്രസ് ഗാലി മുസ്‌ലിം ഭൂരിപക്ഷ ഈജിപ്തിൽ നിന്നുള്ള കോപ്റ്റിക് കൃസ്ത്യൻ ന്യൂനപക്ഷ സമുദായ അംഗമായിരുന്നു എന്നത് തികച്ചും യാദൃശ്ചികം.
ന്യൂനപക്ഷ നിയമം ഇന്ത്യയിൽ
1992ൽ തന്നെ യു.എൻ അംഗ രാജ്യമെന്ന നിലയിൽ ഇന്ത്യയിലും നാഷനൽ കമ്മിഷൻ ഫോർ മൈനോരിറ്റീസ് ആക്ട് നിലവിൽവന്നു. കൃത്യമായി നിർവചിക്കപ്പെട്ട എട്ട് നിയോഗങ്ങളും മറ്റ് അത്യാവശ്യ കൃത്യങ്ങൾ നിർവഹിക്കാൻ ഉതകുന്ന ഒമ്പതാം നിർദേശവുമാണ് മൈനോരിറ്റി കമ്മിഷൻ ആക്ടിലുള്ളത്. കേന്ദ്രത്തെ പിന്തുടർന്ന് സംസ്ഥാനങ്ങളും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുകളെ നിയോഗിച്ചു. ഹിന്ദി ബെൽറ്റിലെ ചില സംസ്ഥാനങ്ങൾ അടുത്ത കാലത്താണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് രൂപം നൽകിയത്. മൈനോരിറ്റി ആക്ടിൽ വിപുലമായ അധികാരങ്ങളാണ് ന്യൂനപക്ഷ കമ്മിഷന് എണ്ണിപ്പറഞ്ഞിട്ടുള്ളതെങ്കിലും അവയ്ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് പ്രധാന നിരൂപണം.
കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്റെ പ്രധാന ദൗത്യം കേന്ദ്ര-സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പുരോഗതി വിലയിരുത്തി ആവശ്യമായ പരിഹാരങ്ങൾ നിർദേശിക്കുക എന്നതാണ്. അഥവാ ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തിൽ സക്രിയമായ ഇടപെടൽ നടത്താൻ മൈനോരിറ്റി കമ്മിഷനുകൾക്ക് അവകാശമുണ്ടെന്ന് ചുരുക്കം. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല ബംഗാൾ (അലിപ്പൂർ) മേഖലയിൽ നിന്നുള്ള ഗോത്രവർഗ ക്രിസ്ത്യനാണ്. വടക്കുകിഴക്കൻ മേഖലയിലെ സംഘട്ടനം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അനുഗുണമല്ലെന്ന് മറ്റാരേക്കാളും അദ്ദേഹത്തിന് അറിയാം. ന്യൂനപക്ഷങ്ങളുടെ താൽപര്യ സംരക്ഷണാർഥമുള്ള കാര്യക്ഷമമായ നിർദേശങ്ങൾ സമർപ്പിക്കാനും അതിനുവേണ്ട പഠനങ്ങളും ഗവേഷണങ്ങളും നടത്താനും ന്യൂനപക്ഷ കമ്മിഷന് അവകാശമുണ്ട്.
ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിവേചനങ്ങളെയും അവകാശ ധ്വംസനങ്ങളെയും കുറിച്ച് കാലാകാലങ്ങളിൽ റിപ്പോർട്ട് നൽകലും ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനമാണ്. ശക്തവും വ്യക്തവുമായ നയനിലപാടുകൾ കമ്മിഷനുണ്ടാക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുഭാവപൂർവം അവ പരിഗണിക്കുകയും ചെയ്താൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളായ പാഴ്‌സി (0.006), സിഖ് (1.7), ബുദ്ധ (0.7), ജൈന (0.45), ക്രിസ്ത്യൻ (2.29 ), മുസ്‌ലിം (14.2) (2011ലെ 15ാം സെൻസസിലേതാണ് കണക്കുകൾ) വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാനാകും.
ഒരു രാഷ്ട്രം അതിലെ ന്യൂനപക്ഷങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്നത് ഒരു ഉരകല്ലാണ്.
ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളായ സമത്വത്തിനും സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ചൂഷണത്തിനു എതിരേയുള്ള അവകാശങ്ങളോടൊപ്പം സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങളും ഭരണഘടനാ പരമായ പ്രതിവിധികൾ തേടാനുമുള്ള അവകാശമുണ്ടായിരിക്കും. ആർട്ടിക്കിൾ 14 മുതൽ 35 വരെയുള്ള ഈ മൗലിക അവകാശങ്ങൾ പുറമെയാണ് ആർട്ടിക്കിൾ 29ലൂടെ ഭരണഘടനാ ശിൽപികൾ ന്യൂനപക്ഷങ്ങളുടെ ഭാഷാ പരവും ലിപി പരവും മതപരവുമായ സ്വത്വത്തെ സംരക്ഷിച്ചത്. അർട്ടിക്കിൾ 30ലൂടെ അവരുടെ വിദ്യാഭ്യാസത്തിലൂടെയുള്ള വികാസവും ഉറപ്പാക്കി. തത്വമല്ലല്ലോ പ്രയോഗമല്ലേ പ്രധാനം എന്നു ചോദിച്ചാൽ ന്യൂനപക്ഷ ക്ഷേമ വിഷയത്തിൽ കൃത്യമായ മറുപടി പറയുവാൻ മാറിമാറി വന്ന ഭരണാധികാരികൾക്കാവില്ല.
ന്യൂനപക്ഷ വിഭാഗങ്ങളും ഭൂരിപക്ഷ വിഭാഗങ്ങളും ഇന്ത്യയിൽ വിവിധ കാരണങ്ങളാൽ ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട്. അതിനു പുറമെ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോ വിഭാഗവും പരസ്പരവും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളും സംഘർഷങ്ങളും സംഘട്ടനങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇടതുപക്ഷ മതനിരപേക്ഷത മേൽകൈയുള്ള കേരളത്തിൽ പോലും ഹെയിറ്റ് കാംപയിനുകൾ നടക്കുകയാണ്. കാസർകോട് നടന്ന സംഭവവും മലപ്പുറത്തെ കുറിച്ചുള്ള വെറുപ്പുൽപാദനവും കേരളത്തിലെ സ്ഥിരം പ്രവണതയായി മാറുന്നു.
ന്യൂനപക്ഷാവകാശങ്ങൾ
അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും
ഐക്യരാഷ്ട്ര സഭ പാസാക്കിയ ന്യൂനപക്ഷാവകാശ പ്രഖ്യാപനത്തിന്റെ പ്രഥമ വകുപ്പ് തന്നെ ന്യൂനപക്ഷങ്ങളെയും അവരുടെ മത, ഭാഷാ സാംസ്‌കാരിക, വംശീയ ഉണ്മയെയും സംരക്ഷിക്കേണ്ടത് യു.എൻ അംഗരാജ്യങ്ങളുടെ കടമയാണെന്നും അതിനു വേണ്ടി നിയമ നിർമാണം നടത്തണമെന്നും നിർദേശിക്കുന്നു. സമകാലീന സാഹചര്യത്തിൽ ഇന്ത്യയിലെയും ഇതര ഇടങ്ങളിലെയും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിക്ക് ഏറെ ദൃശ്യത ലഭിച്ചിട്ടുണ്ട്. ഏതൊരു ന്യൂനപക്ഷ വിഭാഗത്തിനും തങ്ങളുടെ സംസ്‌കാരത്തെ ആസ്വദിക്കാനും തങ്ങളുടെ മതം ആചരിക്കാനും പ്രഖ്യാപിക്കാനും അവകാശമുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ ഗണനീയ എണ്ണമാണ്. എന്നാൽ, പാർലമെന്റിൽ അവരുടെ പ്രാതിനിധ്യം കുറവാണ്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷമായ ക്രിസ്ത്യാനികളിൽനിന്ന് ഒരു കേന്ദ്ര സഹമന്ത്രിയാണ് ഉള്ളത്. മുസ്‌ലിം വിഭാഗത്തിൽനിന്ന് ഒരു മന്ത്രിയുമില്ല. 543 ലോക്സഭ സീറ്റിലും 245 രാജ്യസഭ സീറ്റിലും കൂടി ഇന്ത്യയിലെ ജനസംഖ്യയുടെ 14.2 % വരുന്ന മുസ് ലിം ന്യൂനപക്ഷത്തിനു ഭരിക്കുന്ന പാർട്ടിയുടെ ഒരു എം.പിയും ഇല്ലെന്നത് ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന്റെ പുരാതനമായ 'ഉൾക്കൊള്ളൽ' ദർശനത്തെയാണ് നിരാകരിക്കുന്നത്.
രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് 16 (12+4) സംസ്ഥാനങ്ങളിൽ മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരു എം.എൽ.എ പോലും ഇല്ലെന്നതല്ല പ്രശ്‌നം. അങ്ങിനെ ഒരു വസ്തുത നിലനിൽക്കുന്നുവെന്ന കാര്യം ഭരണസാരഥികളെ അലോസരപ്പെടുത്തുന്നില്ല എന്നതാണ് കാര്യം. ന്യൂനപക്ഷ ശാക്തീകരണം അവരുടെ രാഷ്ട്രീയ ശാക്തീകരണം കൂടിയാണെങ്കിലും ആ നിലയ്ക്കുള്ള സമീപനം ഭരണകക്ഷികളിൽനിന്ന് ഉണ്ടായില്ലെങ്കിൽ ന്യൂനപക്ഷങ്ങളെ ഉൾക്കൊണ്ടുള്ള ജനാധിപത്യം സ്വപ്നമായി അവശേഷിക്കും.
ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിവേചനങ്ങളും പീഡനങ്ങളും
മ്യാൻമറിലും ഉഴിഗൂറിലും ഫലസ്തീനിലും ഇന്ത്യയിലും മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് വിവേചനങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുന്നതെങ്കിൽ സുദാനിൽ ക്രിസ്ത്യാനികളും സിറിയയിൽ യസീദികൾ എന്ന മാറ്റമേയുള്ളൂ. ബ്രസീലിൽ തദ്ദേശ വാസികൾക്കെതിരേ നടക്കുന്ന പീഡനങ്ങളും ന്യൂനപക്ഷ വംശീയ ആക്രമണങ്ങളാണ്. ബ്രിട്ടനിലും അമേരിക്കയിലും ആഫ്രോ ഏഷ്യൻ വംശജർ വിവേചനം നേരിണ്ടേണ്ടി വരുന്നുണ്ട്. എല്ലാ ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുന്ന ഒരു മാനസികാവസ്ഥയിലേക്കും സാമൂഹിക നിർമിതിയിലേക്കും ഇന്ത്യ എന്നു എത്തിച്ചേരുമെന്ന ചോദ്യം ന്യൂനപക്ഷ ദിനാചരണവേളയിലും നമുക്കാവർത്തിക്കാം.
(കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്
മുൻ ഡയരക്ടറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."