പലയിടത്തും വെള്ളം കയറി; റോഡുകള്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നാശനഷ്ടം. വിവിധ ഭാഗങ്ങളിലെ ദേശീയ പാതയിലടക്കം വെള്ളം കയറി ഗതാഗതം നിലച്ചു. പുഴയും തോടുകളും കരകവിഞ്ഞ് വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
പാലക്കാട് അഗളിയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതി ചുരത്തില്‍ മരം കടപുഴകി വീണു.
ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇതുകാരണം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പീച്ചി ഡാമിലെ ജലനിരപ്പും ഉയരുകയാണ്. ചാലക്കുടി റെയില്‍വേ അടിപ്പാത വെള്ളത്തില്‍ മുങ്ങി.
കൊട്ടാരക്കര വാളകം ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങി. കടകളിലേക്ക് വെള്ളം ഇരച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. നിരവധി വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. ദീര്‍ഘദൂര യാത്രികര്‍ വാളകത്ത് കുടുങ്ങിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ മിക്കതും വെള്ളം കയറി തകരാറിലായി.
കണ്ണൂര്‍ എടക്കാടും വെള്ളത്തിലായി. എടക്കാട് ബസാര്‍, എടക്കാട് പാച്ചാക്കര റോഡ്, മലക്ക് താഴെ റോഡ്, കടവ് റോഡ്, ഇ.എം.എസ് റോഡ് എന്നിവ പൂര്‍ണമായും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്.
മലപ്പുറം കൊണ്ടോട്ടിയില്‍ റോഡുകള്‍ വെള്ളത്തിനടിയിലാണ്. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പലയിടത്തും കടകളിലും വീടുകളിലും വെള്ളം കയറിയ അവസ്ഥയിലാണ്.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2021/10/WhatsApp-Video-2021-10-12-at-9.49.52-AM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."