സാമ്പത്തികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു
സ്റ്റോക്‌ഹോം: ബ്രിട്ടനില്‍ മിനിമം വേതനം നടപ്പാക്കാന്‍ കാരണക്കാരനായ തൊഴില്‍ വിപണി വിദഗ്ധന്‍ ഡേവിഡ് കാര്‍ഡും മറ്റു രണ്ടുപേരും ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ പങ്കിട്ടു. കാനഡയില്‍ ജനിച്ച കാര്‍ഡിനെ കൂടാതെ അമേരിക്കക്കാരനായ ജോഷ്വ ആന്‍ഗ്രിസ്റ്റ്, നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ഗൈ്വഡോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മൂവരും യു.എസ് യൂനിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്നവരാണ്.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 1992ല്‍ ന്യൂജഴ്‌സിയിലെ മിനിമം വേതനം മണിക്കൂറില്‍ 4.25 ഡോളറില്‍നിന്ന് 5.25 ആക്കിയത് ഫാസ്റ്റ് ഫുഡ് വ്യവസായത്തില്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയോ എന്ന പഠനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. മിനിമം വേതനം വര്‍ധിപ്പിച്ചതോടെ ന്യൂജഴ്‌സിയിലെ റസ്റ്ററന്റുകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി അദ്ദേഹം കണ്ടെത്തി.
കാഷ്വല്‍ റിലേഷന്‍ഷിപ്പിനുള്ള സംഭാവനയ്ക്കാണ് മറ്റു രണ്ടുപേര്‍ക്കും പുരസ്‌കാരം. ഇവരുടെ പഠനങ്ങള്‍ തൊഴില്‍ വിപണി സംബന്ധിച്ച് പുതിയ ഉള്‍ക്കാഴ്ച നല്‍കിയെന്നും സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് ഇവര്‍ തെളിയിച്ചതായും ജൂറി വിലയിരുത്തി. സമ്മാനത്തുകയായ ഒരു കോടി സ്വീഡിഷ് ക്രോണയുടെ (8.63 കോടി രൂപ) പകുതി ഡേവിഡ് കാര്‍ഡിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."