19 വരെ പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനാല്‍ 19 വരെ പവര്‍കട്ടും ലോഡ് ഷെഡിങും വേണ്ടെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വാങ്ങാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
19നു ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് പവര്‍കട്ടിലേക്ക് പോകുന്നത് ആക്ഷേപങ്ങള്‍ക്കിടയാക്കുമെന്നും യോഗം വിലയിരുത്തി. തുടര്‍ന്നാണ് കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ പണം കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി പ്രതിദിനം രണ്ടു കോടി രൂപ ചെലവാകുമെന്നും സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വൈദ്യുതിക്കുറവ് 400 മെഗാവാട്ടിനു മുകളില്‍ പോയാല്‍ സ്ഥിതി ഗുരുതരമാകും.
നിലവില്‍ ആവശ്യമുള്ള 3,800 മെഗാവാട്ട് വൈദ്യുതിയില്‍ 1,800- 1,900 മെഗാവാട്ടാണ് കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്നത്. ഇതിലാണ് 300 മുതല്‍ 400 മെഗാവാട്ട് വരെ കുറവുണ്ടായത്. കൂടംകുളത്തുനിന്ന് ലഭിക്കേണ്ട വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജനങ്ങളെ ബോധവല്‍കരിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."