'ദി ക്യൂബ്';ലോകത്തെ ഏറ്റവും വലിയ കെട്ടിടവുമായി സഊദി
റിയാദ്:സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ വടക്കുപടിഞ്ഞാറായി 19 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പുതിയ നഗരം ഒരുങ്ങുന്നു. റിയാദിന്റെ അനുബന്ധ നഗരിയായി വിഭാവനം ചെയ്യപ്പെടുന്ന ഇവിടെ നിര്‍മിക്കുന്ന പുതിയ കെട്ടിടം നിരവധി പ്രത്യേകതകള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. 400 മീറ്റര്‍ ഉയരവും 400 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയുമുള്ള ദി ക്യൂബ് ലോകത്തെ ഏറ്റവും വലിയ നിര്‍മിതികളിലൊന്നായിരിക്കും.
'റിയാദിന്റെ പുതിയ മുഖം' എന്നാണ് ഈ 'ദി ക്യൂബ്' വിശേഷിപ്പിക്കപ്പെടുന്നത്. നഗരത്തിനുള്ളില്‍ മറ്റൊരു നഗരം നിര്‍മിക്കാനുള്ള പദ്ധതികള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. റിയാദിലെ മുറബ്ബ നഗരകേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് മെഗാ-പ്രോജക്റ്റ് ദി ക്യൂബ് വരുന്നത്. 20 ലക്ഷം ചതുരശ്ര മീറ്ററില്‍ കടകള്‍, സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുണ്ടാവും. ഏതാണ്ട് പൂര്‍ണ ഉയരമുള്ള നടുമുറ്റം, സര്‍പ്പിള ഗോപുരം എന്നിവ മറ്റു പ്രധാന പ്രത്യേകതകളാണ്.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍ പ്രഖ്യാപിച്ച ബൃഹത് പദ്ധതിയായ മുറബ്ബ ജില്ലയുടെ വികസനത്തിന്റെ ഭാഗമാണ് ക്യൂബ്. പദ്ധതിയില്‍ ആകെ ഒരു ലക്ഷം റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 9,000 ഹോട്ടല്‍ മുറികളും 980,000 ചതുരശ്ര മീറ്റര്‍ കടകളും 14 ലക്ഷം ചതുരശ്ര മീറ്റര്‍ ഓഫീസ് സ്ഥലവും അടങ്ങിയിരിക്കും. കൂടാതെ 80 വിനോദ-സാംസ്‌കാരിക വേദികള്‍, ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ യൂണിവേഴ്‌സിറ്റി, ഒരു 'ഐക്കണിക്ക്' മ്യൂസിയം എന്നിവയും ഇതില്‍ ഉള്‍പ്പെടും.
2030ഓടെ നഗര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സഊദി ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. സഊദി പൊതുമേഖല സ്ഥാപനമായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ആണ് പണംമുടക്കുന്നത്. രാജ്യത്ത് നിലവില്‍ നിരവധി വികസന പദ്ധതികളാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നടപ്പാക്കിവരുന്നത്. ദി ലൈന്‍ എന്ന പേരില്‍ ആഡംബര മെഗാ നഗരം മരുഭൂമിയില്‍ സജ്ജമാക്കുന്നത് നേരത്തേ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
ഭൂമിക്ക് കുറുകെ കിലോമീറ്ററുകളോളം നീളത്തില്‍ തിരശ്ചീനമായി നിര്‍മിക്കുന്നതിനാലാണ് ദി ലൈന്‍ എന്ന് പേരിട്ടത്. സാന്താ മോണിക്ക ആസ്ഥാനമായുള്ള സ്ഥാപനമായ മോര്‍ഫോസിസ് ആര്‍ക്കിടെക്റ്റ്സ് രൂപകല്പന ചെയ്ത ഈ ഘടന 105 മൈല്‍ (160 കിലോമീറ്റര്‍) നീളവും 500 മീറ്റര്‍ ഉയരവും 200 മീറ്റര്‍ വീതിയുമുള്ളതായിരിക്കും. ശരവേഗത്തില്‍ കാറുകള്‍ക്ക് സഞ്ചരിക്കാനുള്ള പാത ഇതിലുണ്ടാവും.
സ്മാര്‍ട്ട് സിറ്റി, മൗണ്ടന്‍ റിസോര്‍ട്ട്, വാട്ടര്‍ ആന്‍ഡ് ഹൈഡ്രജന്‍ കമ്പനി എന്നിവയും ഉള്‍പ്പെടുന്ന നിയോം എന്ന ബ്രഹ്‌മാണ്ഡ പദ്ധതിയുടെ ഭാഗമാണ് ദി ലൈന്‍. നിയോം പദ്ധതിക്ക് ഒരു ട്രില്യണ്‍ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. ദി ലൈനിന് മാത്രം 500 ബില്യണ്‍ ഡോളര്‍ ചെലവാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."