ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം. ശ്രീശങ്കറും ഷമിയുമുള്‍പ്പടെ 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അര്‍ജുന പുരസ്‌കാരം. 26 പേരടങ്ങുന്ന അര്‍ജുന പുരസ്‌കാര പട്ടികയില്‍ ഇടം നേടിയ ഏക മലയാളിയാണ് ശ്രീശങ്കര്‍. 2022 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും 2022ലെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ താരമാണ്. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ശ്രീശങ്കര്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
അതേസമയം ലൈഫ്‌ടൈം വിഭാഗത്തില്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകന്‍ ഇ ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. ബെംഗളൂരു സായിയില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചാണ് അദ്ദേഹം ഇപ്പോള്‍. 2009 മുതല്‍ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു.
2010ല്‍ പുരുഷന്മാരുടെ ടീമിനും 2014ല്‍ വനിതാ ടീമിനും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിക്കൊടുത്തു. പ്രോ കബഡി ലീഗില്‍ യു മുംബെയെ ഒരിക്കല്‍ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുകളുമാക്കി. ജനുവരി ഒന്‍പതിന് രാവിലെ 11ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
അര്‍ജുന അവാര്‍ഡ് നേടിയവര്‍: ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), പാറുല്‍ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്‌സിങ്), ആര്‍. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ബഹദൂര്‍ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍ (കബഡി), റിതു നേഗി (കബഡി), നസ്രീന്‍ (ഖോഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്, ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്), സുനില്‍ കുമാര്‍ (ഗുസ്തി), അന്തിം പംഗല്‍ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിങ്).
13 ന് സര്‍ക്കാര്‍ സമിതിയാണ് കായികതാരങ്ങളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തത്. റെഗുലര്‍ വിഭാഗത്തില്‍ അഞ്ച് പരിശീലകര്‍ക്കും ലൈഫ് ടൈം വിഭാഗത്തില്‍ മൂന്ന് പേര്‍ക്കും ദ്രോണാചാര്യ അവാര്‍ഡിന് മന്ത്രാലയം അനുമതി നല്‍കി. ലൈഫ് ടൈം വിഭാഗത്തിലെ ധ്യാന്‍ചന്ദ് പുരസ്‌കാരം മൂന്ന് പേര്‍ക്ക് നല്‍കും.
മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (റെഗുലര്‍ വിഭാഗം): ലളിത് കുമാര്‍ (ഗുസ്തി), ആര്‍.ബി രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി (പാരാ അത്‌ലറ്റിക്‌സ്), ശിവേന്ദ്ര സിങ്, (ഹോക്കി), ഗണേഷ് പ്രഭാകര്‍ (മല്ലകാമ്പ്).
മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (ലൈഫ് ടൈം വിഭാഗം): ജസ്‌കിരത് സിങ് ഗ്രെവാള്‍ (ഗോള്‍ഫ്), ഇ. ഭാസ്‌കരന്‍ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്).
മേജര്‍ ധ്യാന്‍ചന്ദ് ലൈഫ് ടൈം അവാര്‍ഡ്: കവിത സെല്‍വരാജ് (കബഡി), മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി).
ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം. ശ്രീശങ്കറും ഷമിയുമുള്‍പ്പടെ 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."