ബെണ്ണ ഗ്രാമവാസികളുടെ പുനരധിവാസം; സര്‍വേ ആരംഭിച്ചു
ഗൂഡല്ലൂര്‍: മുതുമല സങ്കേതത്തിലെ ബെണ്ണയിലെ താമസക്കാരായ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ഭൂ സര്‍വേ തുടങ്ങി. ഈ ഗ്രാമത്തിലെ 16 ആദിവാസി കുടുംബങ്ങളെയാണ് പാലാപള്ളിയിലേക്ക് പുനരധിവസിപ്പിക്കുന്നത്. 5.25 ഏക്കര്‍ സ്ഥലമാണ് മാറ്റി പാര്‍പ്പിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്നത്.
ഇതില്‍ ഒരു ഏക്കര്‍ സ്ഥലത്തിന്റെ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. മുന്‍പ് ഇവരെ അയ്യംകൊല്ലി ചണ്ണകൊല്ലിയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചണ്ണകൊല്ലിയിലേക്ക് മാറ്റിപ്പാര്‍പ്പിക്കരുതെന്ന് ആദിവാസി കുടുംബങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് ബെണ്ണ വനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പാലാപ്പള്ളി പുനരധിവാസത്തിന് തിരഞ്ഞെടുത്തത്.
വീടുകള്‍ നിര്‍മിച്ച് നല്‍കി ഇവരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. മുതുമല വന്യജീവി സങ്കേതത്തിലെ നാഗംപള്ളി, മുതുകുളി, പുളിയാരം, കടക്കാട് തുടങ്ങിയ ഗ്രാമങ്ങളില്‍ മൗണ്ടാടന്‍ ചെട്ടിമാരും ആദിവാസികളുമാണ് താമസിക്കുന്നത്. 1883ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവരുടെ കൈവശഭൂമിക്ക് പട്ടയം നല്‍കിയിരുന്നത്.
എന്നാല്‍ വൈദ്യുതി, തെരുവ് വിളക്ക്, റോഡ്, നടപ്പാത, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. നരകതുല്യമായ ജീവിതമാണ് വര്‍ഷങ്ങളായി ഇവര്‍ നയിക്കുന്നത്. 1992ല്‍ നീലഗിരി കലക്ടറായിരുന്ന ലീനാ നായരും ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ ആയിരുന്ന സഹായവും പ്രസ്തുത ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുടെ പ്രയാസങ്ങള്‍ നേരിച്ച് മനസിലാക്കിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് 1998ല്‍ ചെന്നൈ ഹൈക്കോടതിയില്‍ പ്രദേശവാസികള്‍ ഹരജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. 2007 ഫെബ്രുവരി 21ന് കോടതി പ്രസ്തുത കുടുംബങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുതുമല വന്യജീവി സങ്കേതത്തിലെ ഗ്രാമങ്ങളില്‍ സര്‍വേ നടത്തുകയും ഗ്രാമങ്ങളിലെ 449 കുടുംബങ്ങളെ അയ്യംകൊല്ലിക്കടുത്ത ചണ്ണകൊല്ലിയിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് 996 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. ഇവിടെ വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഈ കുടുംബങ്ങള്‍ക്ക് മാറ്റസ്ഥലം നല്‍കി എന്നല്ലാതെ പുനരധിവാസ പ്രവൃത്തികള്‍ മന്ദഗതിയിലാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."