വികസനം വരട്ടെ.....കെ.എസ്.ഇ.ബിക്ക് സ്ഥലം നല്‍കി യുവാവ്
മാനന്തവാടി: പൊന്നും വില നല്‍കിയാല്‍ പോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഭൂമിവിട്ടു നല്‍കാനൊരുക്കമില്ലാത്ത കാലത്ത് സൗജന്യമായി പത്ത് സെന്റ് സ്ഥലം സര്‍ക്കാര്‍ ഓഫിസിന് വിട്ടുനല്‍കി മാതൃകയാവുകയാണ് തൊണ്ടര്‍നാട് കോറോം സ്വദേശിയായ പ്രവാസി യുവാവ്.
ലക്ഷക്കണക്കിന് രൂപാ വിലവരുന്ന കോറോം ടൗണിലെ പാലേരി റോഡില്‍ പത്ത് സെന്റ് ഭൂമിയാണ് തൊണ്ടര്‍നാടിനുവദിച്ച കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന് സൗജന്യമായി വിട്ടുനല്‍കുന്നത്. ദീര്‍ഘകാലമായി സഊദിയില്‍ ജോലി ചെയ്തുവരുന്ന കോരന്‍കുന്നന്‍ ജാഫറാണ് പ്രദേശത്തിന്റെ വികസനം മോഹിച്ച് ഭൂമി വിട്ടുനല്‍കുന്നത്. തൊണ്ടര്‍നാടിന് പുതുതായി കെ.എസ്.ഇ ബി സെക്ഷന്‍ ഓഫിസെന്നത് ദീര്‍ഘകാലമായുളള ജനങ്ങളുടെ ആവശ്യമായിരുന്നു.
ഇത് അംഗീകരിച്ചു കിട്ടിയപ്പോള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നത് നാട്ടുകാരുടെ കൂടി ഉത്തരവാദിത്തമായി മാറി. ഈ സാഹചര്യത്തിലാണ് പൊതു ആവശ്യത്തിന് പിതാവ് അമ്മദ് ഹാജിയുടെ സ്മരണാര്‍ഥം സൗജന്യമായി സ്ഥലം നല്‍കാന്‍ ജാഫര്‍ മുന്നോട്ട് വന്നത്.
പൊതുവിപണിയില്‍ പത്ത് ലക്ഷത്തോളം വിലവരുന്ന ഭൂമിയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സഊദിയിലെ ജിദ്ദയില്‍ ജോലി ചെയ്തു വരുന്ന ജാഫര്‍ സര്‍ക്കാരിന് കൈമാറുന്നത്. കോറോം ടൗണിലെത്തുന്നവര്‍ക്ക് എളുപ്പത്തിലെത്തിച്ചേരാന്‍ കഴിയുന്ന ഈ ഭൂമിയുടെ രേഖാ സെക്ഷന്‍ ഓഫിസ് ഉദ്ഘാടനത്തിനായെത്തുന്ന വൈദ്യുതി വകുപ്പ് മന്ത്രിക്ക് ഇന്ന് നടക്കുന്ന ചടങ്ങില്‍ വച്ച് ജാഫര്‍ കൈമാറും. പുതിയ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാവുന്നത് വരെ വാടകയൊന്നുമില്ലാതെ ഓഫിസ് പ്രവര്‍ത്തിക്കാന്‍ ടൗണില്‍ കെട്ടിടം നല്‍കിയിരിക്കുന്നത് അത്തിലന്‍ സുബൈര്‍ ആണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സെക്ഷന്‍ ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."