സമത്വവും സാഹോദര്യവും സ്‌നേഹവുമായിരുന്നു മുഹമ്മദ് നബി
രമേശ് ചെന്നിത്തല
ലോകം കണ്ട എക്കാലത്തെയും വിശിഷ്ട വ്യക്തികളില്‍ ഒരാളായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി. അരാജകത്വത്തിലൂടെ ജീവിച്ചിരുന്ന ഒരു ജനതയ്ക്ക് വിജ്ഞാനത്തിന്റെയും വിവേകത്തന്റെയും വിശ്വാസത്തിന്റെയും പുതിയ തെളിച്ചങ്ങള്‍ നല്‍കിയ ആ മഹദ്ജീവിതം ഇന്നും കൂടുതല്‍ പ്രകാശനമാവുകയാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഫണം വിടര്‍ത്തി അഴിഞ്ഞാടുന്ന ഇക്കാലത്ത് പ്രവാചക സന്ദേശങ്ങളും ഉപദേശങ്ങളും ജീവിത രീതിയും നമുക്ക് വലിയ സാന്ത്വനവും പ്രതീക്ഷയുമാണ് തരുന്നത്. ഇസ്‌ലാമിനെ ഒരു സാധാരണക്കാരന് ഏറ്റവും കൂടുതല്‍ അടുത്തറിയാന്‍ പ്രവാചകനെ പഠിച്ചാല്‍ മതി.
സാന്ത്വനവും സമാധാനവും ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ അതുല്യമായ സൂര്യവെളിച്ചമായി അദ്ദേഹം നിലകൊള്ളുന്നു. കേവലം 23 വര്‍ഷം കൊണ്ട് ലോകചരിത്രത്തില്‍ അവിസ്മരണീയമായ ദിശാബോദത്തിന്റെ തെളിച്ചങ്ങളാണ് അദ്ദേഹം പകര്‍ന്നു നല്‍കിയത്. 40 വയസിന് ശേഷമാണ് ദൈവനിയോഗവുമായി, പ്രവാചകത്വവുമായി സത്യത്തിന്റെ പുതിയ സന്ദേശ സമര്‍പ്പണത്തിനായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെന്നത്. പിന്നെ, ദൃശ്യമായത് ലോകം അന്നു വരെ ദര്‍ശിക്കാത്ത ആത്മീയാനുഭൂതികളായിരുന്നു.
പ്രതിസന്ധികളൂടെയും പ്രയാസങ്ങളുടേയും വലിയ നിരയെ തന്നെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. അപമാനങ്ങള്‍, അക്രമങ്ങള്‍ എല്ലാത്തിനേയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം ഒന്നുകൊണ്ടു നേരിട്ടു. എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കു മുന്‍പിലും ഹൃദയം തുറന്നു വച്ചു. കരുണാര്‍ദ്രമായ സമീപനം കൊണ്ടും സഹനത്തിന്റെ പരിചകൊണ്ടും അദ്ദേഹം എല്ലാ പ്രതിബന്ധത്തേയും കൂസാതെ മുന്നോട്ടു പോയി.
ദൈവികമായ ഒരു ജീവിത പദ്ധതി എല്ലാ മനുഷ്യര്‍ക്കും നല്‍കാനുള്ള നിയോഗമായിരുന്നു ചരിത്രം അദ്ദേഹത്തെ ഏല്‍പ്പിച്ചത്. ഞാനൊരു മനുഷ്യന്‍ മാത്രമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തനിക്ക് മുന്‍പ് ദൈവം അയച്ച എല്ലാ പ്രവാചകന്‍മാരുടെയും അസ്തിത്വം അംഗീകരിച്ചു. അതിലുപരി മനുഷ്യത്വമാണ് ഏറ്റവും വലിയ മാനദണ്ഡം എന്നു വിശ്വസിച്ചു. മാനവികതയുടെ മറക്കാനാവാത്ത മന്ദസ്മിതങ്ങള്‍ ചരിത്രത്തില്‍ ഏറെ ദര്‍ശിക്കാനുള്ള അവസരവും അദ്ദേഹം നമുക്കു നല്‍കി.
നിസ്സഹായരായ മനുഷ്യരെ കറുത്തവനെന്നോ വെളുത്തവനെന്നോ വലിയ കുടുംബത്തിലുള്ളവരെന്നോ വേര്‍തിരിക്കാതെ എല്ലാവരെയും ഒരു പോലെ കണ്ടു. സമത്വവും സാഹോദര്യവും സ്‌നേഹവുമായിരുന്നു മുഹമ്മദ് നബി. ഇസ്‌ലാമിനെതിരേയും മുസ്‌ലിം സഹോദരന്‍മാര്‍ക്കെതിരേയും അപവാദ പ്രചാരണങ്ങള്‍ നടക്കുന്ന ഈ കാലത്ത് അവരെല്ലാം മുഹമ്മദ് നബിയെയും ഇസ്‌ലാം മതത്തെയും കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കണം. നബിദിന കാലം അതിനു നിമിത്തമാകുമെന്ന പ്രത്യാശയോടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."