അരുണാചല്‍: ചൈനയുടെ ഇടപെടല്‍ ശ്രദ്ധതിരിക്കാന്‍
കെ.പി ആഷിക്ക്
അരുണാചല്‍ എന്നാല്‍ ഉദയസൂര്യന്‍ എന്നാണര്‍ഥം. ചുറ്റും മലകളാലും താഴ്‌വരകളാലും ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രാദേശികഭാഷയും വൈവിധ്യ സംസ്‌കാരങ്ങളുമുള്ള നാട്. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യാ നായ്ഡു അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ വക്താവ് രംഗത്തെത്തി. അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഉപരാഷ്ട്രപതി അവിടെ സന്ദര്‍ശനം നടത്തിയത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്. പരാമര്‍ശത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും അരുണാചല്‍ അവിഭാജ്യ ഘടകമെന്നാവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ ന്യായം അരുണാചല്‍ തര്‍ക്കപ്രദേശമാണെന്നും ടിബറ്റിന്റെ ഭാഗമാണെന്നുമാണ്. ടിബറ്റുതന്നെ ചൈനയുടേതാണോയെന്നുള്ളത് ഇപ്പോഴും തര്‍ക്കവിഷയമായി തുടരുകയാണെന്നത് വേറെ കാര്യം. ചൈനയുടെ ഭാഗമായി അംഗീകരിക്കാന്‍ ഭൂരിഭാഗം ടിബറ്റന്‍ വംശജരും ലോകംതന്നെയും ഇതുവരെ തയാറായിട്ടില്ല. നാടുവിടേണ്ടിവന്ന ദലൈലാമയാണ് അവരുടെ നേതാവ്. ദലൈലാമ ഇന്ത്യയിലുള്ളിടത്തോളം ചൈനയ്ക്ക് ഇന്ത്യയെ അസ്വസ്ഥതയോടെ മാത്രമേ കാണാന്‍ കഴിയൂ എന്നതും വസ്തുതയാണ്.പ്രകോപനങ്ങളിലൂടെ അസ്വസ്ഥതയുണ്ടാക്കാന്‍ ചൈന കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയും വ്യാവസായിക, സാങ്കേതികരംഗത്തുള്ള കുതിച്ചുചാട്ടവും ആഗോളവല്‍ക്കരണത്തിനുശേഷമുള്ള ഉദാരവല്‍ക്കരണ സമീപനവും ചൈനയ്ക്ക് വലിയ വെല്ലുവളി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ അമേരിക്കന്‍ സൗഹൃദവും അവര്‍ കരുതലോടെയാണ് നോക്കിക്കാണുന്നത്. ചൈനയിലാണെങ്കില്‍ ടിയാനന്മന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയ്ക്കുശേഷം ചെറുപ്പക്കാരുടെ വലിയതോതിലുള്ള അസ്വസ്ഥതയും കൂടിവരുകയാണ്. ഉരുക്കുമുഷ്ടികൊണ്ടു കാര്യങ്ങള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന കാര്യം ഹോങ്കോങ് പ്രക്ഷോഭത്തിലൂടെ മനസിലാവുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം കടുപ്പിച്ചതിലൂടെ യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുറഞ്ഞു വാര്‍ധക്യത്തിലാണ് ഇപ്പോള്‍ ഭൂരിപക്ഷ ജനസംഖ്യയുള്ളത്. ഏറെക്കാലം ഏകാധിപത്യവും സ്വാര്‍ഥതയും വച്ചു മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അവര്‍ മനസിലാക്കിവരുന്നു. അതായിരിക്കാം ഇപ്പോള്‍ വാണിജ്യ, സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി താലിബാനെയും പാകിസ്താനെയും ഒപ്പംകൂട്ടാന്‍ ശ്രമിക്കുന്നത്. ഈയൊരു കൂട്ടുകെട്ട് ഏറെ അസ്വസ്ഥയുണ്ടാക്കുന്നത് ഇന്ത്യക്കും അമേരിക്കയ്ക്കുമാണെന്ന് ചൈനക്കറിയാം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രമാവാന്‍ അടിസ്ഥാന സൗകര്യവികസനം കൂടിയേ തീരൂ എന്ന ഒരേയൊരു അജന്‍ഡയാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. അതിനുള്ള ശ്രമമാണ് ഇടയ്ക്ക് തവങ് താഴ്‌വരയും അതിര്‍ത്തിപ്രദേശത്തുമുള്ള അവരുടെ നുഴഞ്ഞുകയറ്റ ശ്രമം. കശ്മിരിനെ അസ്ഥിരപ്പെടുത്തിയാലേ ഇത് വിജയിക്കൂ എന്ന കാര്യം അവര്‍ക്കറിയാം.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന രണ്ടു പ്രദേശങ്ങളാണ് അക്‌സയ് ചൈനയും തവാങ്, ഗോഗ്രെ ഉള്‍പ്പടെയുള്ള അരുണാചല്‍ പ്രദേശിലെ ചില ഭാഗങ്ങളും. തര്‍ക്കപരിഹാരമെന്ന രീതിയിലുണ്ടാക്കിയ മക്‌മോഹന്‍ രേഖ ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല. നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഭാഗമായ അരുണാചല്‍ 1972 ലാണ് കേന്ദ്രഭരണ പ്രദേശമാവുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടുതന്നെ ഏറെക്കാലം കേന്ദ്ര വിദേശ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നേരിട്ടു ഭരിച്ച അരുണാചല്‍ 1987 ലാണ് ഇന്ത്യയുടെ 24ാം സംസ്ഥാനമായി മാറിയത്. അന്നു മുതല്‍ ചൈന അരുണാചലിന്റെ പല പ്രശ്‌നങ്ങളിലും അഭിപ്രായം പറയുമായിരുന്നു. ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന കേന്ദ്രത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കുശേഷവും ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ഒക്ടോബര്‍ 9നാണ് ഉപരാഷ്ട്രപതി അരുണാചല്‍ നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇത് ചൈനയെ രോഷം പിടിപ്പിക്കുകയും ഇന്ത്യ തര്‍ക്കപ്രദേശങ്ങളില്‍ ഉപരാഷ്ട്രപതിയെ അയയ്ച്ചത് ശരിയായില്ല എന്നുമുള്ള പ്രസ്താവന ചൈനീസ് വിദേശകാര്യ വക്താവില്‍ നിന്നുണ്ടാവുകയും ചെയ്തു. ഇത്തരം അനാവശ്യ പ്രതികരണം നടത്താന്‍ ചൈനയെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ ഇന്ത്യയുമായുള്ള വിദേശബന്ധം ഇപ്പോഴും സുദൃഢമല്ലെന്ന് അവര്‍ കാണിക്കുകയാണ്. അതിന് തൊട്ടുമുന്‍പാണ് ഇന്ത്യയുമായുള്ള സൈനിക ചര്‍ച്ചയിലൂടെ തവാങ്ങില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ചൈന തീരുമാനമെടുത്തത്. ഇപ്പോഴും തവാങ്ങും ഗോഗ്രയും ചൈന തര്‍ക്കമുന്നയിക്കാനുള്ള പ്രധാന കാരണം അതിലൂടെയാണ് ദലൈലാമ ഇന്ത്യയിലേക്ക് വന്നത് എന്നതുകൊണ്ടും ചൈനയിലുള്ള കൈകടത്തലിനെതിരേ ടിബറ്റുകാര്‍ക്കൊപ്പം പിന്തുണയുമായി അരുണാചലുമുണ്ടാകുമെന്ന പേടികൂടിയാണ്. ഇതിന് മറ്റൊരു രാഷ്ട്രീയം കൂടിയുണ്ട്. ഈയിടെയായുള്ള ചൈനീസ് ആഭ്യന്തര പ്രശ്‌നങ്ങള്‍, തൊഴില്‍ നഷ്ടപ്പെടുന്ന യുവാക്കളുടെ അമര്‍ഷം, ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തല്‍ ഉണ്ടാക്കിയ ലോകശ്രദ്ധ ഇതില്‍നിന്നൊക്കെ ദേശീയശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം കൂടിയാണ്. ലോകമെമ്പാടും വേരുകളുള്ള ലാമമാരുടെ ഏറ്റവും പ്രധാന കേന്ദ്രമാണ് തവാങ് മേഖലയെന്നത് ചൈനയെ എന്നും ഉറക്കം കെടുത്തുന്ന കാര്യം കൂടിയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സംസ്ഥാനങ്ങളുടെ വിഷയങ്ങളില്‍ വിദേശരാജ്യം ഇടപെടുന്നതിനെ ശക്തമായ വിദേശനയങ്ങള്‍കൊണ്ട് തുടക്കത്തിലേ തടയിടാന്‍ മുന്‍പൊക്കെ കഴിഞ്ഞിട്ടുണ്ട്. താലിബാന്‍-ചൈന-പാക് സൗഹൃദത്തിന്റെയും മറ്റും സാഹചര്യത്തില്‍ കുറച്ചുകൂടി കരുതല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവണം. അതിര്‍ത്തി സംസ്ഥാനങ്ങളായ കശ്മിര്‍, അരുണാചല്‍, അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വികസനം എത്തിനോക്കാത്ത പ്രദേശങ്ങളുണ്ട്. പ്രാദേശിക വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുകയാണ് ഒന്നാമതായി വേണ്ടത്. അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കണം. അയല്‍ രാജ്യങ്ങളുമായി ശക്തമായ ബന്ധമുണ്ടാക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."