എവിടെ `ഹബാഷിക` രാജവംശത്തിന്റെ പിന്‍മുറക്കാര്‍
മനോഹരന്‍ ആയക്കുറുശ്ശി
'വിശക്കുമ്പോള്‍ അച്ഛനുമമ്മയും പണിയെടുക്കുന്ന ജന്മിമാരുടെ വീടുകളില്‍ പോകും. അവിടെ കഞ്ഞി പാത്രത്തില്‍ തരില്ല. മുറ്റത്തു പോലുമല്ല. തൊടിയില്‍ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ചുതരും. പതിനാലു വയസുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടില്‍ കഞ്ഞിക്കു ചെന്നു. മണ്ണില്‍ കുഴിച്ച് കഞ്ഞി ഒഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാന്‍ പറഞ്ഞു വീട്ടുകാര്‍. കുഴിയുടെ അടുത്തേയ്ക്ക് കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആര്‍ത്തിയില്‍ എന്നെ കടിച്ചുമാറ്റി.
തിരിഞ്ഞുനോക്കുമ്പോള്‍, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികള്‍ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടികടിച്ച മുറിവില്‍നിന്നു ചോര വന്നപ്പോള്‍ ദേഷ്യമല്ല തോന്നിയത്, എന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.
എം. കുഞ്ഞാമന്‍ (എതിര് -ആത്മകഥ )
ഇത് 'കൊറഗര്‍'. ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ദക്ഷിണ കാനറയുടെ യഥാര്‍ഥ അവകാശികള്‍! ചെങ്കോലും കിരീടവും ധരിച്ച പഴയ രാജവംശത്തിന്റെ ഇന്നത്തെ ചരിത്രം നാടോടികളുടേതാണ്. രാജ്യത്തു വംശനാശം നേരിടുന്ന അഞ്ചു പ്രാക്തന ഗോത്രവര്‍ഗങ്ങളില്‍ ഒന്നാണ് കൊറഗര്‍ സമൂഹം. ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ ഓംഗികള്‍, പാഞ്ചിയ ഡോണ്‍ ഗിറിയ, മാല്‍ പഹിരിയ എന്നിവയെപ്പോലെ കൊറഗരും ഇന്നു ചരിത്രമാവുകയാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വാറ്റുചാരായത്തിന്റെ ലഹരിയില്‍ ഉപജീവനത്തിന് കൊട്ടനെയ്ത്ത് തൊഴിലാക്കിയ ഇവരുടെ വാസസ്ഥലങ്ങളിന്നും മലമേടുകളും ചേരിപ്രദേശങ്ങളുമാണ്.
ജനാധിപത്യ ഭരണം, നീതിന്യായ കോടതി, സോഷ്യലിസം, പൗരാവകാശ സംരക്ഷണം എന്നിവയൊന്നും സ്പര്‍ശിക്കാതെ ഇവിടങ്ങളിലവര്‍ ജീവിച്ചു മരിക്കുന്നു. ശിശുമരണ നിരക്കുപോലും ലോകത്ത് ഏറ്റവും കൂടുതല്‍ ഇവര്‍ക്കിടയിലാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം 40നു താഴെ. സാക്ഷരത വെറും 12 ശതമാനം മാത്രം! കൊറഗരുടെ ചരിത്രം പറയുന്നത് രാജാധികാരത്തിന്റേതാണ്. ദക്ഷിണ കാനറയുടെ പഴയ ഭരണാധികാരി 'ഹബാഷിക' കൊറഗ രാജാവായിരുന്നു. കദംബ രാജാവായ മയൂരവര്‍മ്മനുമായുള്ള ഏറ്റുമുട്ടലില്‍ ഹബാഷിക് പരാജയപ്പെട്ടു. അധിനിവേശക്കാര്‍ കൊറഗരെ അടിമകളാക്കി. വര്‍ണസങ്കരംമൂലം വംശം മുടിഞ്ഞുപോകുമെന്ന ഭയം കൊറഗരെ കാടുകളിലേയ്ക്കു പലായനം ചെയ്യിച്ചു. പട്ടിണികിടന്നു മരിച്ചാലും പിഴച്ചുപോകരുതെന്ന ദൃഢനിശ്ചയം കൊറഗ സ്ത്രീകളെയും കാടണയിച്ചു. കാലം കടന്നുപോയി. കടുത്ത മദ്യപാന ആസക്തിയും സ്വന്തം ജീവിതംതന്നെ തകര്‍ക്കുന്ന സമാധാനപ്രേമവും മുഖമുദ്രയായുള്ള കൊറഗര്‍ സാമൂഹികരംഗത്ത് പിന്തള്ളപ്പെട്ടത് വളരെ പെട്ടെന്നാണ്. കറകളഞ്ഞ സത്യസന്ധത, തികഞ്ഞ ക്ഷമാശീലം, ശാന്തത, പ്രതിഷേധമില്ലായ്മ, സമാധാനകാംക്ഷ എന്നീ പഞ്ചതത്വ ശീലങ്ങളാണ് ഇവരെ നാശത്തില്‍ കൊണ്ടെത്തിച്ചത്.
സര്‍ക്കാരിനറിയുമോ ഇവരുടെ വിവരങ്ങൾ?
കാട്ടിലെ മുളയും വള്ളികളും ശേഖരിച്ച് കുട്ട നെയ്തുവിറ്റാണ് ഉപജീവനം. കാട് അപ്രത്യക്ഷമായതോടെ ജീവിതമാര്‍ഗം അടഞ്ഞു. കൃഷി, കാലിവളര്‍ത്തല്‍, സ്ഥിരമായുള്ള ഒരിടത്തെ താമസം ഇതെല്ലാം ഇവര്‍ക്കന്യമാണ്. നിരവധി മാറാരോഗങ്ങളും പേറി ദിവസങ്ങള്‍ നീളുന്ന യാത്ര ചെയ്താണ് ഇവരിന്ന് ഈറ്റയും മുളയും ശേഖരിക്കുന്നത്. ഉറക്കം എന്നും വീടിനു പുറത്താണ്.
ഏതോ വംശീയ സവിശേഷതപോലെ ആകാശത്തിനു കീഴില്‍ അനന്തവിസ്തൃതി കണ്ടുറങ്ങുന്നതാണ് ഇവരുടെ ശീലം. ക്ഷയം, കുഷ്ഠം, അന്ധത, പോഷകാഹാരക്കുറവ് എന്നിങ്ങനെ ദുരിതങ്ങളുടെ നീണ്ട പരമ്പരയാണ് ഇവര്‍ക്കു കൂട്ട്.
സര്‍ക്കാര്‍ ഏജന്‍സികള്‍ കാലാകാലങ്ങളില്‍ നടത്തുന്ന വികസന മാമാങ്കങ്ങളൊന്നും കൊറഗരുടെ ജീവിതത്തിലേയ്ക്ക് കടന്നുചെന്നിട്ടില്ല. ആദിവാസി, ഹരിജന ഗിരിജന ക്ഷേമം പൊടിപൊടിക്കുമ്പോഴും കേരളത്തിലെ ഏറ്റവും പ്രാചീനമായ ഈ വംശം കാസര്‍കോട് ജില്ലയിലെ മലമടക്കുകളിലും പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും കഴിയുന്നുണ്ടെന്ന യാഥാര്‍ഥ്യം സര്‍ക്കാരിനറിയില്ല. ഇന്ത്യയിലെ ആദിവാസികളുടെ പട്ടിക തന്നെയാണ് ഇതിനു തെളിവ്.
കേന്ദ്ര ഗവണ്‍മെന്റ് 1984ല്‍ പുറത്തിറക്കിയ എസ്. നാരായണ സ്വാമി റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ പ്രാചീന പട്ടികവര്‍ഗങ്ങള്‍ ഏതെന്ന് സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ കൊടുത്തിട്ടുണ്ട്. അതില്‍ കര്‍ണാടകയിലെ കൊറഗര്‍ പ്രാചീന ഗോത്രവര്‍ഗത്തില്‍പ്പെടുന്നു. കേരള സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലാകട്ടെ ചോലനായ്ക്കര്‍, കാടര്‍, കാട്ടുനായ്ക്കര്‍, കുറുമ്പര്‍ എന്നീ നാലു വിഭാഗങ്ങള്‍ മാത്രമേ പ്രാചീന ഗോത്രവര്‍ഗങ്ങളായുള്ളൂ. അപ്പോള്‍ കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ അവശേഷിക്കുന്ന കൊറഗര്‍ എവിടെപ്പോയി? മൗനംകൊണ്ടാണ് അധികൃതര്‍ ഇതിന് ഉത്തരം പറയുന്നത്.
നിഷേധിക്കപ്പെടുന്ന പൗരാവകാശം
കേരളത്തില്‍ ഇന്നും അയിത്തം ആചരിക്കുന്ന പ്രദേശങ്ങളിലൊന്ന് കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന കാസര്‍കോട് താലൂക്കാണ്. മറ്റേത് തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കും. കാസര്‍കോട്ടെ കൊറഗ കോളനികളില്‍ ഇപ്പോഴും അവര്‍ക്ക് ഹോട്ടലുകളില്‍ ഗ്ലാസില്‍ ചായ കൊടുക്കാറില്ല. ചിരട്ടയിലാണ് ചായ കൊടുക്കുന്നത്. ചിറ്റൂരിലെ സ്ഥിതിയും മറിച്ചല്ല. നിയമപ്രകാരം ആറുമാസം വരെ തടവോ 500 രൂപ പിഴയോ ഈടാക്കാവുന്ന കുറ്റം. എന്നാല്‍ നാളിതുവരെ ഈ കുറ്റത്തിന് ആരെയും ശിക്ഷിച്ചതായി അറിവില്ല. ഉത്തരം ലളിതമാണ്. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് കൊറഗര്‍ക്കാണല്ലോ. പ്രതിഷേധ സ്വഭാവം നാലയലത്തുപോലും ഇല്ലാത്ത വിഭാഗം. സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കിര്‍ത്താഡ്‌സ് പട്ടികജാതി, വര്‍ഗ ഗവേഷണങ്ങളും പരിശീലനവും വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എന്നാല്‍, കൊറഗരുടെ സംസ്‌കാരത്തെയോ ജീവിതരീതിയെ കുറിച്ചോ എന്തെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ? പുതിയ കാലത്തും ഈ ദുരവസ്ഥയ്ക്കു വലിയ മാറ്റമൊന്നുമില്ല. കാസര്‍കോട് താലൂക്ക് ബദിയഡുക്ക പഞ്ചായത്തിലെ പെരഡാല കൊറഗ കോളനിയും മംഗല്‍പാടി പഞ്ചായത്തിലെ ബെളിഞ്ച കോളനിയും തന്നെ വലിയ ഉദാഹരണം.
കേരളത്തിലെ പ്രാക്തന ഗോത്രവര്‍ഗങ്ങളിലൊന്നായ കൊറഗരെ ഇന്നും അയിത്തജാതിക്കാരായാണ് ഇതരസമുദായങ്ങള്‍ കണക്കാക്കുന്നത്. പട്ടിണിയും രോഗങ്ങളും കാരണം വംശനാശ വക്കിലെത്തി നില്‍ക്കുന്ന ഈ ജനത അടുത്തകാലംവരെ ചത്ത കന്നുകാലികളെയും മറ്റും ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കറാഡി ബ്രാഹ്മണര്‍, ശീവള്ളി ബ്രാഹ്മണര്‍, ഗൗഡസാരസ്വത ബ്രാഹ്മണര്‍, നായര്‍, നമ്പീശന്‍ തുടങ്ങി ഉന്നതകുല ജാതരെന്ന് അവകാശപ്പെടുന്ന സവര്‍ണപക്ഷം കൊറഗരുടെ നിഴല്‍പോലും ശരീരത്തില്‍ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. തൊഴിലിടങ്ങളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, പൊതുജീവിതത്തില്‍ എല്ലായിടത്തും കൊറഗര്‍ തൊട്ടുകൂടാത്തവരാണ്. തീണ്ടിക്കൂടാത്തവര്‍!
പഠനങ്ങള്‍ പറയുന്നത്
ബ്രിട്ടിഷ് നരവംശ ശാസ്ത്രജ്ഞനായിരുന്ന എഡ്ഗാര്‍ ടഴ്സ്റ്റന്‍ 1909ല്‍ പ്രസിദ്ധീകരിച്ച 'കാസ്റ്റ് ആന്‍ഡ് ട്രൈബ്‌സ് ഓഫ് സതേണ്‍ ഇന്ത്യ'യാണ് കൊറഗരെ പരാമര്‍ശിക്കുന്ന ഏറ്റവും പഴക്കമുള്ള ആധികാരിക രേഖ. ഇതിന്റെ ചുവടുപിടിച്ച് പിന്നീട് പഠനം നടത്തിയത് കേരളീയനായ പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ എ. അയ്യപ്പനും. കെ. പാനൂര്‍ ഉള്‍പ്പെടെ തദ്ദേശീയരായ മറ്റുചിലരും കൊറഗരെക്കുറിച്ച് എഴുതിയിട്ടുണ്ട്. ടഴ്സ്റ്റന്റെ വിവരണം നരവംശ ശാസ്ത്രപരമായ കണ്ടെത്തലുകളും അതിന്റെ വിശദീകരണവുമാണ്. പാനൂരിന്റേത്, താന്‍ നേരില്‍ കണ്ട കൊറഗ ജീവിതത്തിന്റെ ദുരിതക്കഴ്ചയും. പത്രപ്രവര്‍ത്തകനായ വേണു കള്ളാര്‍ രചിച്ച പുസ്തകത്തിന്റെ ശീര്‍ഷകം തന്നെ 'എച്ചില്‍ ജീവിതം' എന്നാണ്. കൊറഗ കാരണവരായ ബെള്ളു മൂപ്പന്റെ ജീവിതമാണ് പുസ്തകമെങ്കിലും അതിലുടനീളം കൊറഗ ജീവിതത്തിന്റെ വിലാപമാണുള്ളത്. പഴയ ദക്ഷിണ കാനറയില്‍നിന്ന് കണ്ടെടുത്ത ഒരു ശിലാരേഖയാണ് മറ്റൊന്ന്. കദംബ രാജാവ് മയൂര വര്‍മ്മയുടേതാണ് ഈ ശിലാരേഖ. പ്രാചീനലിപിയിലുള്ള ഇതിന്റെ പകര്‍പ്പ് ഇന്ന് മൈസൂരു ആര്‍ക്കൈവ്‌സിലാണ് സൂക്ഷിച്ചിട്ടുള്ളത്.
കാട്ടില്‍നിന്ന് കുടിയിറക്കപ്പെട്ട കൊറഗര്‍ നാട്ടുവാസികളായെങ്കിലും പൊതുസമൂഹത്തിന്റെ അവഗണനയ്ക്കു മാറ്റമൊന്നും ഉണ്ടായിട്ടില്ല. തീണ്ടാപ്പാട് അകലെ തന്നെയാണ് ഇന്നും സ്ഥാനം. പൊതു ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, മേല്‍ജാതി വീടുകളിലെ വിവാഹങ്ങള്‍... തുടങ്ങി എല്ലാ രംഗത്തും ഈ അകറ്റിനിര്‍ത്തല്‍ പ്രകടമാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും വരെ ഈ വിവേചനം നേരിടേണ്ടിവരുന്നുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെയാവണം ഇവരിപ്പോഴും തങ്ങളുടെ പ്രാചീന ജീവിതശൈലി തന്നെ പിന്തുടരുന്നതിന്റെ കാരണം. പൂര്‍വശൈലിയനുസരിച്ച് ദിവസങ്ങളെ വിളിപ്പേരുകളായി ഉപയോഗിക്കുന്ന പതിവിനു പോലും മാറ്റമുണ്ടായിട്ടില്ല. വ്യാഴവും വെള്ളിയും ഒഴികെയുള്ള ദിവസങ്ങളാണ് കൊറഗരുടെ പേരുകള്‍...! തുളുവും കന്നഡയും ചേര്‍ന്ന വാമൊഴിയാണു ഭാഷ. ഇതിനു ലിപിയില്ല. മുഖ്യധാരയുടെ ഭാഗമാകുന്നതിന് ഈ പ്രാചീന സങ്കരഭാഷയും തടസമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ബന്ധപ്പെട്ടവര്‍ക്കു മുന്നില്‍ തങ്ങളുടെ പ്രശ്‌നം വേണ്ടവിധം വ്യക്തമാക്കാന്‍ കഴിയാറുമില്ല.
കാസര്‍കോടിന്റെ വടക്കന്‍ മേഖലയിലെ അതിര്‍ത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, മഞ്ച, പോര്‍ക്കാടി, എന്‍മകജെ, ബദിയടുക്ക, വെള്ളൂര്‍, ദേലംപാടി പഞ്ചായത്തകളിലായി താമസിക്കുന്ന കൊറഗരുടെ ജനസംഖ്യ 1600നും താഴെയാണ്. മുമ്പിത് 2000ത്തിനു മുകളിലായിരുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയില്‍ കൊറഗരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ 120 കോടിയിലധികം രൂപ ചെലവഴിച്ചതായാണു കണക്ക്! സര്‍ക്കാര്‍ ഫണ്ട് ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും പോക്കറ്റുകളിലേയ്ക്കാണ് ഒഴുകിയതെന്നാണ് സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കന്നത്. അതിന്റെ നേര്‍ക്കാഴ്ചയാണ് ചോര്‍ന്നൊലിക്കുന്ന വീടുകളും പട്ടിണിയും ദാരിദ്ര്യവും വീട്ടുമാറാത്ത കൊറഗ കോളനികള്‍...!
ഈറ്റയും മുളയും കിട്ടാതായതോടെ ചിലയിനം കാട്ടുവള്ളികളും മറ്റും ഉപയോഗിച്ചാണ് ഇപ്പോള്‍ കുട്ട മെടയുന്നത്. മുളവര്‍ഗത്തില്‍പ്പെട്ട ഊയി, മാതേരിവള്ളി, കരിവള്ളി, പുല്ലാഞ്ഞിവള്ളി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. കര്‍ണാടക സുള്ള്യ വനമേഖലയില്‍ നിന്നാണ് ഇവ ശേഖരിക്കുന്നത്. കാട്ടുവള്ളികള്‍ മുറിച്ചെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനപാലകര്‍ ആട്ടിയോടിക്കുക പതിവാണ്. മര്‍ദനമേല്‍ക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടാകാറുണ്ട്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഒരു കാലത്തെ ഉടമകളും അധികാരികളുമായിരുന്ന ആദിവാസികള്‍ എങ്ങനെ ഇന്നത്തെ അവസ്ഥയിലെത്തി? മര്‍ദിതരും ചൂഷിതരും അവശരും ആര്‍ത്തരുമായ അടിമകളായിത്തീര്‍ന്നു?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."