HOME
DETAILS
MAL
ബഹ്‌റൈന്‍ ബൈതുല്‍ ഖുര്‍ആന്‍ ; ദൃശ്യവിസ്മയങ്ങളുടെ സങ്കേതം
backup
October 17 2021 | 10:10 AM
സ്വിദ്ദീഖ് നദ്‌വി ചേരൂര്‍
ഖുര്‍ആന്‍ വിഷയങ്ങളിലും ഇസ്‌ലാമിക കലാ രൂപങ്ങളിലും ലോകത്തെ അപൂര്‍വ ശേഖരങ്ങളിലൊന്നാണ് ബൈതുല്‍ ഖുര്‍ആന്‍. 1990ല്‍ സ്ഥാപിതമായ ഈ കേന്ദ്രം ഇന്നും ആയിരങ്ങളെ ആകര്‍ഷിച്ചുവരുന്നു. പ്രമുഖ സിവില്‍ എന്‍ജിനിയറും എഴുത്തുകാരനുമായ ഡോ. അബ്ദുല്ലത്വീഫ് ജാസിം കാനൂ (ജനനം: 1935) വിന്റെ മനസില്‍ വിരിഞ്ഞ ആശയത്തിന്റെ സാക്ഷാല്‍ക്കാരമാണീ ഭവനം.
സ്വദേശത്തെ പഠനത്തിന് ശേഷം ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ് ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും തുടര്‍ന്നു ടെക്‌സാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ ഇദ്ദേഹത്തിന്റെ പ്രധാന ഹോബി പുരാതന ഗ്രന്ഥങ്ങളും കൈയെഴുത്ത് കോപ്പികളും മറ്റു അപൂര്‍വ വസ്തുക്കളും ചരിത്രവസ്തുതകളും ശേഖരിക്കലായിരുന്നു. പ്രത്യേകിച്ച് ഖുര്‍ആന്റെ അപൂര്‍വ കോപ്പികളും കൈയെഴുത്തുപ്രതികളും ഇസ്‌ലാമിക കലാമൂല്യമുള്ള വസ്തുക്കളും എവിടെ കണ്ടാലും വലിയ തുക നല്‍കി അദ്ദേഹം സ്വന്തമാക്കും. ഒപ്പം അവയില്‍ പഠനം നടത്തി പ്രബന്ധങ്ങള്‍ തയാറാക്കാനും അദ്ദേഹം സമയം കണ്ടെത്തി.
പഠനത്തിന് ശേഷം ബഹ്‌റൈനിലെ മുന്‍സിപ്പാലിറ്റി ഭവന നിര്‍മാണ വകുപ്പ് സെക്രട്ടറിയായി സേവനം ആരംഭിച്ച അദ്ദേഹം ചരിത്രം, വാസ്തുവിദ്യ, ഖുര്‍ആന്‍ വിജ്ഞാനങ്ങള്‍ എന്നിവയില്‍ പഠനഗവേഷണവും ഗ്രന്ഥരചനയുമായി മുന്നോട്ടുപോയി. കനപ്പെട്ട നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ച കാനൂ, തന്റെ അപൂര്‍വ ശേഖരങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു മ്യൂസിയം സ്ഥാപിക്കണമെന്ന് അഭിലഷിച്ചു. അങ്ങനെ 1984ല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇതിന് വേണ്ടിയുള്ള കെട്ടിട നിര്‍മാണത്തിന് തുടക്കം കുറിച്ചു.
വിവിധ വ്യക്തികളും സംഘടനകളും ഭരണകൂടങ്ങളും വരെ സഹായിച്ച സംരംഭം 1990 ല്‍ യഥാര്‍ഥ്യമായി. ഇതേ വര്‍ഷം മാര്‍ച്ച് 12നാണ് ഇത് ഔപചാരികമായി ഉല്‍ഘാടനം ചെയ്യപ്പെടുന്നത്. തന്റെ അപൂര്‍വ ശേഖരത്തിലെ വിലപ്പെട്ട വസ്തുക്കള്‍ മുഴുവന്‍ കാനൂ ഇതിലേക്ക് സംഭാവന ചെയ്തു. തുടര്‍ന്നും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇപ്പോഴും ഭരണസമിതിയായ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ചെയര്‍മാനാണ്. ഡോ. കാനൂ രചിച്ച പഠനങ്ങളില്‍ തിരുനബിയുടെ കത്തുകള്‍, അറബി അക്കങ്ങളും മനുഷ്യനാഗരികതയില്‍ അതിന്റെ പങ്കും, ഖുര്‍ആന്റെ കൂടെ മുസ്ഹഫുകള്‍ ചരിത്രത്തിലൂടെ തുടങ്ങിയവ പ്രത്യേകം പ്രസ്താവ്യമാണ്.
അപൂര്‍വശേഖരങ്ങള്‍
വിവിധ സ്ഥാപനങ്ങളുടെ സമുച്ചയമായ ബൈതുല്‍ ഖുര്‍ആന്റെ കീഴില്‍ മനോഹരമായ ഒരു മസ്ജിദ്, അല്‍ഫുര്‍ഖാന്‍ ലൈബ്രറി, യൂസുഫ് ഇബ്‌നി അഹ്മദ് കാനൂ മദ്‌റസ, കോണ്‍ഫ്രന്‍സ് ഹാള്‍, അല്‍ ഹയാത് മ്യൂസിയം, മക്ക വേദി, മദീന വേദി, അല്‍ ഖുദ്‌സ് വേദി എന്നിവ പ്രവര്‍ത്തിക്കുന്നു. മ്യൂസിയത്തില്‍ വിവിധ ഖുര്‍ആന്‍ പതിപ്പുകളും കൈയെഴുത്തുപ്രതികളുമായി 10,000ല്‍ പരം കോപ്പികളുണ്ട്. അവയില്‍ മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ കാലത്ത് ഏട് രൂപത്തില്‍ തയാര്‍ ചെയ്ത മുസ്ഹഫ്, 1694 ല്‍ ആദ്യമായി അച്ചടിച്ച് ജര്‍മനിയില്‍ പുറത്തിറങ്ങിയ ഖുര്‍ആന്‍ പതിപ്പ്, ഹിജ്‌റ 955 ല്‍ ആദ്യമായി സ്വിറ്റ്‌സര്‍ലാന്റില്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഖുര്‍ആന്‍ കോപ്പി, എ.ഡി പതിനെട്ടാം ശതകത്തില്‍ ഇന്ത്യയില്‍ നസഖ് ലിപിയില്‍ എഴുതിയുണ്ടാക്കിയ ഏറ്റവും വലിയ മുസ്ഹഫ് അതുപോലെ മൈക്രോസ്‌കോപിന്റെ സഹായത്തോടെയല്ലാതെ വായിക്കാന്‍ കഴിയാത്തത്ര ചെറിയ മുസ്ഹഫ് കോപ്പികള്‍ തുടങ്ങിയവയും കാണാം. അതുപോലെ ഹിജ്‌റ പതിനൊന്നാം ശതകത്തില്‍ ഇറാനില്‍ തയാറാക്കിയ നസഖ്, സുലുസ് ലിപികളിലായി ചതുരാകൃതിയിലുള്ള മുസ്ഹഫ്. (നാല് ഭാഗത്ത് നിന്നും അത് വായിക്കാം).
ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക വാസ്തുശില്‍പ്പ മാതൃകയിലാണ് ഇതിലെ കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്. അഞ്ചാം ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ കാലത്ത് ബഹ്‌റൈനില്‍ നിര്‍മിച്ച മസ്ജിദുല്‍ ഖമീസിന്റെ മാതൃകയിലാണ് പള്ളിയുടെ മിനാരം ഒരുക്കിയത്.
ദൃശ്യവിസ്മയം
രണ്ട് നിലകളിലായി ഖുര്‍ആന്‍ അനുബന്ധ വിജ്ഞാനങ്ങളിലെ ഗവേഷണ പഠനങ്ങളുടെ പ്രധാനകേന്ദ്രമായ ഇവിടെ വിവിധ ഭാഷകളിലായി 60,000ല്‍ പരം കൃതികള്‍ സൂക്ഷിക്കപ്പെടുന്നു. അതുപോലെ അല്‍ ഹയാത് മ്യൂസിയത്തില്‍ 25,000ല്‍ പരം വാള്യങ്ങളിലായി അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലുള്ള മത വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങളും ലഭ്യമാണ്. ലോകത്തെ ഏത് രാജ്യത്ത് നിന്നുള്ള പൗരന്‍മാര്‍ക്കും ഗവേഷണപഠനങ്ങള്‍ നടത്താനുള്ള സൗകര്യം അവിടെയുണ്ട്. ഗവേഷകര്‍ക്ക് സ്വതന്ത്രമായി പഠനം നടത്താനുള്ള പ്രത്യേക ചേമ്പറുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍ സഊദി പെട്രോളിയം മന്ത്രി അഹ്മദ് സകീ യമാനി ഈ ലൈബ്രറിയുടെ നിര്‍മാണത്തില്‍ കാര്യമായ പിന്‍ബലം നല്‍കിയ വ്യക്തിയാണ്.
യൂസുഫ് ബ്‌നി അഹ്മദ് കാനൂവിന്റെ പേരിലുള്ള മദ്‌റസ പ്രധാനമായും ഖുര്‍ആന്‍ മനനം, പരായണം എന്നിവ അഭ്യസിക്കാനുള്ളതാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച ദൃശ്യശ്രാവ്യ സംവിധാനങ്ങള്‍ അതിനായി അവിടെ സംവിധാനിച്ചിരിക്കുന്നു. അല്‍ ഹയാത് മ്യൂസിയത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വ ഖുര്‍ആന്‍ കൈയെഴുത്തു പ്രതികള്‍ക്ക് പുറമെ അരി, ഗ്രീന്‍ പീസ് എന്നിവയില്‍ ഖുര്‍ആന്‍ അധ്യായങ്ങള്‍ കൊത്തിവച്ച ക്രിസ്താബ്ദം പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യന്‍ നിര്‍മിതമായ അപൂര്‍വ കരവിരുതുകളും അവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ഇറാഖ്, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സ്വര്‍ണം, ചെമ്പ്, സ്ഫടികം, ഓട് എന്നിവയിലുള്ള ആകര്‍ഷകദൃശ്യങ്ങളും കാണാം.
പ്രദര്‍ശിക്കപ്പെടുന്ന അപൂര്‍വത
മക്കാവേദി എന്ന പേരിലുളള വേദിയില്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെയുള്ള കൈയെഴുത്ത് പ്രതികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൂഫി ലിപി പ്രചാരത്തിലുണ്ടായിരുന്ന കാലഘട്ടമെന്ന നിലയ്ക്കും അറബി അക്ഷരങ്ങളില്‍ ഹര്‍കതുകളും പുള്ളികളും വന്നുചേര്‍ന്ന കാലമെന്ന നിലയ്ക്കും പ്രത്യേക പ്രാധാന്യമുള്ള ഘട്ടമാണിത്. അതേസമയം, മദീനാ വേദിയില്‍ ഏറ്റവും മനോഹരമായ ഖുര്‍ആന്‍ പതിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്. ഇവയില്‍ ശീറാസില്‍ എഴുതിയവയും മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ തയാറാക്കിയവയും വടക്കേ ആഫ്രിക്കയിലെ തുനീഷ്യ, അല്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ കരവിരുതുകള്‍ വിരിയിച്ച മനോഹര കാഴ്ചകളും അവിടെ കാണാം.
ഖുദ്‌സ് വേദിയില്‍ ഏറ്റവും വിലപിടിപ്പുള്ള ഖുര്‍ആന്‍ പതിപ്പുകളുടെ പ്രദര്‍ശനമാണ്. ഏറ്റവും വലിയ മുസ്ഹഫ്, ഏറ്റവും ചെറിയ മുസ്ഹഫ്, അരി, എള്ള്, ഗ്രീന്‍പീസ് തുടങ്ങിയവയില്‍ കൊത്തിവച്ച ഖുര്‍ആന്‍ എന്നിങ്ങനെയുള്ളവ ഇവിടെയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്റെ ഹിജ്‌റ ഒന്നാം നൂറ്റാണ്ട് മുതല്‍ പുതിയ നൂറ്റാണ്ട് വരെയുള്ള വിവിധ കാലഘട്ടങ്ങളില്‍ തയാറാക്കിയ കൈയെഴുത്തുപ്രതികളും ചരിത്രപ്രധാന്യമുള്ള മറ്റു രേഖകളും കൊണ്ട് സമ്പന്നമാണ് ബൈതുല്‍ ഖുര്‍ആന്‍.
ഇവയ്ക്ക് പുറമെ ഖുര്‍ആന്‍ പഠനം, മനനം, വിതരണം, മറ്റു ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ വ്യാപനം, പ്രോല്‍സാഹനം തുടങ്ങിയവയും ബൈതുല്‍ ഖുര്‍ആന്റെ സേവനങ്ങളുടെ ഭാഗമാണ്. ബഹ്‌റൈന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വതന്ത്ര ബോഡിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഡോ. അബ്ദുല്ലത്വീഫ് ജാസിം കാനൂ ആണ് നിലവില്‍ അതിന്റെ ചെയര്‍മാന്‍. വിശുദ്ധ ഖുര്‍ആനിനും ഖുര്‍ആനിക പഠനങ്ങള്‍ക്കുമായി പ്രത്യേകം സ്ഥാപിതമായ ലോകത്തെ ഏറ്റവും ബ്രഹത്തായ സമുച്ചയമായാണ് ബഹ്‌റൈനിലെ ബൈതുല്‍ ഖുര്‍ആന്‍ അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."