ഇത് സന്തോഷത്തിന്റെ കലാലയം
നിസാം കെ. അബ്ദുല്ല
കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ പരന്നുകിടക്കുന്ന ഒരു സന്തോഷത്തിന്റെ കാംപസുണ്ട്. ഇവിടെ പഠനം കേവലം പുസ്തകങ്ങളില്‍നിന്നുള്ളതു മാത്രമല്ല. എല്ലാതരം മനുഷ്യരുടെയും ജീവിതങ്ങള്‍ക്ക് എങ്ങനെ താങ്ങാകാനാകുമെന്ന് ഇവിടുത്തെ മൂന്നു വര്‍ഷത്തെ കലാലയ ജീവിതത്തില്‍ കുട്ടികള്‍ക്ക് പഠിച്ചെടുക്കാനാവും. ചുറ്റും ജീവിക്കുന്ന നാല്‍പതോളം കുടുംബങ്ങളും കോളജിന്റെ ഭാഗമാണ്. അവരുടെ ജീവിതസുരക്ഷയും ആരോഗ്യവും അതിജീവനവും ഏറ്റെടുത്താണ് കലാലയം പുതിയ മാതൃക അവതരിപ്പിക്കുന്നത്. നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റേതാണ് സമാനതകളില്ലാത്ത മാനുഷികസ്‌നേഹത്തിന്റെ ഈ കഥ. വൈവിധ്യവും ഭാവനാസമ്പന്നവുമായ ഈ പ്രവര്‍ത്തനമികവിനു ലഭിച്ചതാകട്ടെ, നാഷനല്‍ അസസ്‌മെന്റ് അക്രഡിറ്റേഷനില്‍ ഏറ്റവും മികച്ച റാങ്കും. ഓട്ടോണമസ് പദവിയിലേക്കു നീങ്ങാനുള്ള കരുത്തും ഇതിലൂടെ കോളജിനു ലഭിച്ചു. തമിഴ്‌നാട്ടിലെ ഭാരതിയാര്‍ സര്‍വകലാശാലയ്ക്കു കീഴില്‍ 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളജ്, പാഠ്യേതര വിഷയങ്ങളില്‍ പുതുമയാര്‍ന്ന പദ്ധതികള്‍ നടപ്പാക്കിയ കലാലയമെന്ന നിലയില്‍ ദേശീയതലത്തില്‍ മികച്ച 10 കോളജുകളുടെ പട്ടികയില്‍ നേരത്തെ ഇടംപിടിച്ചിരുന്നു. കോളജിന്റെ മുഖമുദ്രയായ ഹാപ്പി കാംപസ്, സ്‌കില്‍ ബാങ്ക്, സ്‌പോര്‍ട്‌സ് അക്കാദമി, ഹാപ്പിനെസ് ലഞ്ച് കാംപയിന്‍, കൊവിഡനന്തര സുസ്ഥിര ഗ്രാമം പദ്ധതി തുടങ്ങിയവ പരിഗണിച്ചായിരുന്നു പുരസ്‌കാരം.
ഗ്രാമീണവശ്യതയാണ് കോളജിന്റെ മുഖ്യ ആകര്‍ഷണം. പച്ചപ്പും ചുറ്റുപാടും നിറഞ്ഞുനില്‍ക്കുന്ന കാര്‍ഷികവിളകളും നമ്മെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടെത്തിക്കും. സ്വന്തമായി നട്ടുപരിപാലിക്കുന്ന നെല്‍പാടങ്ങളും പച്ചക്കറികളുമാണ് ഈ കാംപസിന് അതിരിടുന്നത്. വയല്‍വരമ്പുകള്‍ കടന്ന് പ്രധാന കോളജ് കെട്ടിടത്തില്‍നിന്ന് മറ്റൊന്നിലേക്ക്. അവിടെനിന്ന് ഗ്രൗണ്ടിലേക്ക്. കെട്ടിയൊതുക്കിയ കോണ്‍ക്രീറ്റ് പാതകളും ഗൃഹാതുരതയുടെ വയല്‍വരമ്പുകളും കാംപസ് സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പദ്ധതികള്‍കൊണ്ട് വിദ്യാര്‍ഥികളില്‍, ഉയര്‍ന്ന ചിന്താഗതി വളര്‍ത്തിയെടുക്കുന്നതോടൊപ്പം എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനുള്ള മനസുകൂടി സമ്മാനിക്കുന്ന കാംപസിനെ നീലഗിരി, വയനാട് ജില്ലകളിലുള്ളവര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നതും അതിനാലാണ്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കു മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം പുതിയൊരു കലാലയ സംസ്‌കാരം സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് തങ്ങളെന്ന് കോളജ് മാനേജിങ് ഡയരക്ടര്‍ റാഷിദ് ഗസാലി പറയുന്നു.
നീലഗിരി കോളജിലെ ഓരോ കര്‍മങ്ങളിലും സന്തോഷം അലതല്ലും. വീണുപോയവരെ കൈപിടിച്ചു നടത്തിയും ഉയരങ്ങളിലേക്ക് കുതിക്കുന്നവര്‍ക്കു ചവിട്ടുപടിയായും കാംപസില്‍ സന്തോഷത്തിന്റെ നിറക്കാഴ്ചകളാണ്. വൈവിധ്യങ്ങളിലെ സൗന്ദര്യം നുകരുന്ന, അപരന്റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്ന വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുകയാണിവിടെ. വൃദ്ധസദനങ്ങളിലെ ചുമരുകള്‍ക്കുള്ളിലകപ്പെട്ട ജീവിതങ്ങളെ സന്തോഷത്തിലാക്കുന്നു ഈ കലാലയം. ഇവരെ കാംപസിലെത്തിച്ച് അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും സ്‌നേഹം കൈമാറിയും ആഹ്ലാദത്തിന്റെ സ്‌നേഹസ്വരം പൂത്തുലയുന്ന ഹാപ്പിനെസാണ് കാംപസിലെ നന്മയുടെ നറുമണങ്ങളിലൊന്ന്. സമൂഹത്തിലെ അടിത്തട്ടില്‍ പിടയുന്നവര്‍ക്ക് അന്നംനല്‍കുന്ന ഹാപ്പിനസ് ലഞ്ച്, കാംപസിന്റെ സ്വന്തമായ ഹാപ്പിനസ് അസംബ്ലി, മാനസിക വെല്ലുവിളികള്‍ നേരിടുന്ന അയല്‍ക്കാരെ ചേര്‍ത്തുപിടിക്കുന്ന ഹാപിറ്റല്‍.... നീളുകയാണ് നീലഗിരി കോളജിലെ സന്തോഷത്തിന്റെ കഥകള്‍. കോളജിന്റെ അയല്‍ക്കാരായവര്‍ക്കു കോളജ് ലൈബ്രറിയും സ്‌പോര്‍ട്‌സ് അക്കാദമിയും സന്തോഷത്തോടെ വിട്ടുനല്‍കുന്ന മാനേജ്‌മെന്റിന്റെ നൈബര്‍ ഹുഡ് കമ്മ്യൂണിറ്റി പദ്ധതിയും അത്ഭുതപ്പെടുത്തുന്ന മാതൃകയാണ്. കോളജിലെ ക്ലാസ്മുറികളും നെല്‍പാടങ്ങളും ടര്‍ഫ് കോര്‍ട്ടുമടക്കം ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ഗ്രാമത്തില്‍നിന്ന് ലോകത്തോളമുയരാനുള്ള അവസരവും കൃഷിയിലെ കൊടുക്കല്‍ വാങ്ങലുകളും തനതു തൊഴില്‍മേഖലകളിലെ നൈപുണ്യങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരവും ഉറപ്പാക്കുകയാണ് ഈ കലാലയം.
ഹരിത സംസ്‌കാരം
കുട്ടികള്‍ക്ക് കൃഷിയുടെ നന്മകള്‍ പകരാന്‍ കാംപസില്‍ ആരംഭിച്ച ഹാപ്പി ഫാംസ്, ആരോഗ്യകരമായ ഭക്ഷണത്തിന്റെയും കൃഷിരീതികളുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാന്‍ ആരംഭിച്ച ഗ്രീന്‍ പോസിറ്റീവ് എന്നിവയിലൂടെ കാംപസിനോട് ചേര്‍ന്നുകിടക്കുന്ന 15 ഏക്കര്‍ നെല്‍പാടത്ത് പൊന്നുവിളയിക്കുകയാണ് കോളജ്. പാടം കാണാത്ത വിദ്യാര്‍ഥികള്‍പോലും നെല്‍ക്കറ്റകളുമായി പാടത്തിറങ്ങി, കതിര്‍മണികള്‍ വിളയിക്കാന്‍ പഠിച്ചെടുക്കുന്നതാണ് അവര്‍ക്കു ലഭിക്കുന്ന അമൂല്യമായ പാഠം. കോളജിനോടു ചേര്‍ന്ന് താമസിക്കുന്ന നാല്‍പതോളം കുടംബങ്ങളിലെ കാര്‍ഷികവൃത്തി തൊഴിലാക്കിയവരെല്ലാം ഇവിടെ കൂട്ടുകൃഷിക്കാരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കോളജില്‍ വിജയകരമായി ചെയ്തുവരുന്ന ജൈവനെല്‍കൃഷിയുടെ ഞാറുനടല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അയല്‍വാസികളുടെയും സാന്നിധ്യത്തിലാണ് നടക്കുന്നത്.
ഹാപ്പി ഫാമിങ്ങിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം പതിനായിരത്തിലധികം കിലോ നെല്ല് ഉല്‍പാദിപ്പിച്ചു. വര്‍ഷത്തില്‍ 10 മണിക്കൂര്‍ കൃഷി പ്രവൃത്തിപരിചയത്തിലൂടെ വിദ്യാര്‍ഥികളെ ജൈവകൃഷികളോടും അനുബന്ധകാര്യങ്ങളിലേക്കും ആകൃഷ്ടരാക്കുക എന്ന വലിയ സ്വപ്‌നമാണു കലാലയത്തിനുള്ളത്. ഇതര ജൈവകൃഷികളും ഇതോടൊപ്പം കുട്ടികള്‍ പരിശീലിക്കുന്നുണ്ട്. ഉല്‍പാദിപ്പിക്കപ്പെടുന്ന നെല്ല് സമീപവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും നല്‍കുന്നതിലൂടെ പുതിയൊരു സംസ്‌കാരംകൂടി നീലഗിരി കോളജ് സൃഷ്ടിച്ചെടുക്കുകയാണ്.
സ്‌കില്‍ ആന്‍ഡ് ഫിറ്റ് കാംപസ്
വിദ്യാര്‍ഥികളിലെ വിഭിന്നങ്ങളായ അഭിരുചികളും വ്യക്തിഗത മികവുകളും തിരിച്ചറിഞ്ഞ് അവര്‍ക്കുവേണ്ടി വികസിപ്പിച്ചെടുത്ത വിവിധ പദ്ധതികളിലൂടെ സമൂഹത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടാവുന്ന യുവസമ്പത്ത് ഉറപ്പാക്കുകയാണ് സ്‌കില്‍ ഇന്ത്യ, സ്‌കില്‍ കാംപസ് പദ്ധതിയിലൂടെ നീലഗിരി കോളജ്. ദേശീയതലത്തില്‍ നടപ്പാക്കുന്ന മാതൃകകള്‍ കോളജ് കാംപസിലേക്ക് പറിച്ചുനടുകയായിരുന്നു ഇവിടെ. സ്‌കില്‍ ഓറിയന്റഡായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്താദ്യമായി സ്‌കില്‍ ബാങ്ക് അവതരിപ്പിച്ച കോളജാണിത്. നിരന്തര പരിശീലനത്തിലൂടെയും പരിശ്രമങ്ങളിലൂടെയും പഠനം കഴിയുന്നതോടെ വിവിധ മേഖലകളില്‍ മികവു തെളിയിക്കാനുതകുന്ന കോഴ്‌സുകളും പരിപാടികളും കോളജ് നടപ്പാക്കുന്നു. ആരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നല്ല ഭക്ഷണം, നല്ല ആരോഗ്യം എന്ന ലക്ഷ്യത്തിലധിഷ്ഠിതമായാണ് കാംപസിനെ ക്രമീകരിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനായി കോളജ് ഉടമസ്ഥതയിലുള്ള ഏക്കര്‍കണക്കിനു സ്ഥലത്ത് നെല്ലും പച്ചക്കറികളും പഴവര്‍ഗങ്ങളും വളര്‍ത്തിയെടുക്കുന്നു. വര്‍ഷങ്ങളായി വിജയകരമായി തുടര്‍ന്നുപോരുന്ന കാംപസിലെ ഏറ്റവും മികച്ച പരിശീലനം കൂടിയാണ് കൃഷി. കോളജിലെ ടര്‍ഫ് ഗ്രൗണ്ട്, സൈക്ലിങ് ക്ലബ്, ഇന്‍ഡോര്‍ ഗ്രൗണ്ട്, നടവഴി തുടങ്ങി കായികക്ഷമത നിലനിര്‍ത്താനുള്ള വിവിധ സംവിധാനങ്ങളും ഇവിടെയുണ്ട്.
ഡിജിറ്റല്‍ കാംപസ്
ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെയും റോബോട്ടിക്‌സ് സാങ്കേതിക വിദ്യകളുടെയും ലോകം അക്കാദമിക് രംഗത്ത് കോളജ് തുറന്നിട്ടു. കോളജ് ഓഫിസ് മുതല്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വരെ നമ്മെ എത്തിക്കാനും വഴികാണിക്കാനും 'ഈപ്പോ' എന്ന പേരിലുള്ള രണ്ട് റോബോട്ടുകളും 'ആലിസ് ' എന്ന വലിയ റോബോട്ടും സജ്ജമാണ്. നിങ്ങളെ എത്തേണ്ട സ്ഥലത്തെത്തിച്ച് ഹോംപോയിന്റിലേക്ക് മടങ്ങിയെത്തും റിസപ്ഷനിസ്റ്റ് കൂടിയായ ആലിസ്. മലയാളവും ഇംഗ്ലിഷും കൈകാര്യം ചെയ്യുന്ന റോബോകള്‍, കാംപസിലെത്തുന്നവരുടെ വികാരങ്ങള്‍ വരെ അളക്കും. സന്തോഷമറിയാനും സങ്കടങ്ങള്‍ കേള്‍ക്കാനും ഫീഡ്ബാക്കുകള്‍ നല്‍കാനും ഈ റോബോട്ടുകള്‍ക്കു കഴിയും. പത്രം വായിച്ചും പാട്ടുപാടിയും വിദ്യാര്‍ഥികള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും കോളജിന്റെ മുഖശ്രീയായിരിക്കുകയാണ് ഈ റോബോട്ടുകള്‍.
പതിനായിരത്തിലധികം പുസ്തകശേഖരമുള്ള ഡോ. എ.പി.ജെ അബ്ദുല്‍ കലാം ലൈബ്രറി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നളന്ദ ഓഡിയോ വിഷ്വല്‍ ഹാള്‍, 250ഓളം കംപ്യൂട്ടറുകള്‍ കൊണ്ട് സജ്ജമാക്കിയ ലാബ്, ലാംഗ്വേജ് ലാബ്, സൈക്കോളജി ലാബ്, രണ്ടായിരത്തോളം പേര്‍ക്ക് ഒന്നിച്ചിരിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം, നീലഗിരിയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ട്, ഫൈവ്‌സ് ഫുട്‌ബോള്‍ ടര്‍ഫ്, ഓപണ്‍ ഇന്‍ഡോര്‍ ജിം, ക്രിക്കറ്റ് നെറ്റ്‌സ്, റസ്റ്ററന്റ്, ഹാപ്പി മാര്‍ട്ട്, റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങളും കോളജിനു സ്വന്തം.
ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് പുതിയ അവസരമൊരുക്കി ദേശീയതലത്തില്‍തന്നെ താരങ്ങളെ സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ കായികവിഭാഗം സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ ഒന്നിലധികം ദേശീയ താരങ്ങളാണ് പിറവിയെടുത്തത്. അടിസ്ഥാന സൗകര്യങ്ങളെല്ലാമൊരുക്കി ഗ്രാമത്തിലെ കുട്ടികള്‍ക്കടക്കം അത്യാധുനിക സാങ്കേതികവിദ്യകളുമായി ചേര്‍ന്ന് പഠിക്കാനും മണ്ണിന്റെ സുഗന്ധവും കാര്‍ഷിക സംസ്‌കാരവും അനുഭവിച്ചറിഞ്ഞ് പുതിയൊരു സംസ്‌കാരത്തിന് മുളയെടുക്കാനുമുള്ള സാധ്യതകളാണ് നീലഗിരിക്കുന്നിന്‍മുകളിലെ ഈ കലാലയം വാഗ്ദാനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."