അതിജീവന വഴിയില്‍ ദുരന്തഭൂമി; മഴഭീതി വിട്ടൊഴിയുന്നില്ല
കരുതലുമായി സന്നദ്ധസംഘടനകളും പ്രവര്‍ത്തകരും
ചികിത്സയും കൗണ്‍സിലിങ്ങുമായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം
യു.എച്ച് സിദ്ദീഖ്
കൂട്ടിക്കല്‍ (കോട്ടയം): മഴ ഒഴിയാതെ പെയ്തിറങ്ങുമ്പോഴും ദുരന്തം വിതച്ച കെടുതികളില്‍ നിന്നും കരകയറാനുള്ള കഠിനാധ്വാനത്തിലാണ് കിഴക്കന്‍ മേഖല. ദിവസങ്ങളായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലാണ് കരുതലിന്റെ കരങ്ങള്‍ നീട്ടി സന്നദ്ധപ്രവര്‍ത്തകര്‍. വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഉള്‍പ്പെടെ ചികിത്സാ സൗകര്യങ്ങളുമായി മെഡിക്കല്‍ സംഘങ്ങളും സജീവം. ദുരന്തത്തിന്റെ ഭീതിയില്‍ നിന്നും കരകയറ്റാന്‍ മാനസികമായ പിന്തുണ നല്‍കി കൗണ്‍സിലര്‍മാരും സജീവം.
പ്രകൃതിയുടെ പ്രഹരത്തില്‍ എല്ലാം നഷ്ടപ്പെട്ടുപോയവര്‍ക്ക് പുതുവസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമായി സംഘടനകളും വ്യക്തികളും എത്തുന്നുണ്ട്. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടമായ കുട്ടികള്‍ക്ക് പുതിയവ എത്തിച്ചു നല്‍കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നു. കൂട്ടിക്കല്‍, ഏന്തയാര്‍, മുക്കുളം മേഖലകളിലാണ് വീണ്ടെടുപ്പിനുള്ള കഠിനാധ്വാനം തുടരുന്നത്. മലവെള്ളപാച്ചിലും ഉരുളും വീടുകളില്‍ അവശേഷിപ്പിച്ചു പോയ ചെളിയും കല്ലുംമണ്ണും നീക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടന്നുവരുന്നത്. വിവിധ സാമുദായിക സന്നദ്ധ സംഘടനകളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിലാണ്.
വാഗമണ്‍ മലനിരകളിലെ മൂപ്പന്‍മലയുടെ താഴ്ഭാഗം മുതല്‍ ആരംഭിക്കുന്ന ജനവാസ കേന്ദ്രങ്ങളെയെല്ലാം കീഴടക്കിയാണ് ദുരന്തം മലയിറങ്ങിയത്. പുല്ലകയാറിന്റെ തീരങ്ങളും പുഴ ഗതിമാറിയൊഴുകിയ പ്രദേശങ്ങളിലുമെല്ലാം സംഭവിച്ചത് കനത്തനാശം. പുഴ ഗതിമാറിയൊഴുകിയ ഇടങ്ങളില്‍ ഉള്‍പ്പെടെ ഉരുളും മലവെള്ളപാച്ചിലും വീടുകള്‍ മാത്രമല്ല റോഡുകളെല്ലാം തകര്‍ത്തിരുന്നു. പാലങ്ങള്‍ തകര്‍ന്നും ഒലിച്ചും പോയതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗങ്ങളില്ല. ഇളംകാട് ടൗണ്‍ മുതല്‍ കൂട്ടിക്കല്ലിന്റെ മറുകര വരെയുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. പാതകളില്‍ അടിഞ്ഞുകൂടിയ ചെളിയും കല്ലുംമണ്ണും നീക്കി തടസങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. വൈദ്യുതി ബന്ധം നിലച്ചിട്ടു ദിവസങ്ങളായതോടെ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.
കൂട്ടിക്കല്‍, മുണ്ടക്കയം, ഏന്തയാര്‍ മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം മെഡിക്കല്‍ ക്യാംപ് നടത്തി. 20 ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ടെക്‌നീഷ്യന്‍മാരും സംഘത്തിലുണ്ടായിരുന്നു. ഇ.സി.ജി അടക്കമുള്ള സംവിധാനങ്ങളുമായി മൂന്നു സംഘമായാണ് ക്യാംപുകളില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."