മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി
മട്ടാഞ്ചേരി: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളം ശക്തമായ തിരയിലകപ്പെട്ട് മുങ്ങി. അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട തൃശൂര്‍ പെരിഞ്ഞനം സ്വദേശികളായ ദാസന്‍, സദന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള മുല്ലക്കല്‍ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പതര മണിയോടെ വൈപ്പിന്‍ ഞാറക്കലില്‍ നിന്ന് നാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.
മത്സ്യബന്ധനത്തിനായി വലയിട്ട ശേഷം വലിച്ച് കയറ്റുന്നതിനിടയില്‍ ശക്തമായ തിരയടിക്കുകയും വള്ളം മറിയുകയുമായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പതിനേഴ് തൊഴിലാളികളും വള്ളത്തിലെ ഡിങ്കിയില്‍ പിടിച്ച് കിടന്നതിനാല്‍ രക്ഷപെടുകയായിരുന്നു. ഡിങ്കിയില്‍ പിടിച്ച് കിടന്ന തൊഴിലാളികളെ അത് വഴി വന്ന ഫ്രണ്ട്‌സ് എന്ന വള്ളത്തില്‍ പിന്നീട് കയറ്റി.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലിസും എത്തി അപകടത്തില്‍പ്പെട്ട വള്ളം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വള്ളത്തിന്റെ പടിയില്‍ കയര്‍ കെട്ടി വലിക്കുന്നതിനിടെ പടി തകര്‍ന്നതാണ് ഉയര്‍ത്താനുള്ള ശ്രമം വിഫലമാകാന്‍ കാരണം.
അവശരായ തൊഴിലാളികളെ പിന്നീട് കോസ്റ്റല്‍ പൊലിസ് ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. ഇതിന് ശേഷം ഇവരെ നാട്ടിലേക്ക് മടക്കി അയച്ചു. വള്ളത്തിലുണ്ടായിരുന്ന രണ്ട് എഞ്ചിന്‍, വല എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.
ഏകദേശം പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എ.സി സജീവന്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ നിയാസ്, നസീബ്, കോസ്റ്റല്‍ പൊലിസ് എസ്.ഐ സി.കെ റഹീം, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ നിസാമുദ്ധീന്‍, ആന്റണി എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."