മോന്‍സന്റെ ചികിത്സാകേന്ദ്രത്തില്‍ ഒളികാമറ; ഉന്നതര്‍ കുടുങ്ങിയിട്ടുണ്ടെന്ന് മൊഴി
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സണ് മാവുങ്കലിന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ സ്ഥാപിച്ചിരുന്നതായി മോന്‍സണിനെതിരേ പോക്സോ കേസില്‍ ഇരയായ യുവതി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.
ഇവിടെയെത്തിയ പല ഉന്നതരും ഒളികാമറാ കെണിയില്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. സൗന്ദര്യ വര്‍ധക ചികിത്സ നടത്തുന്നെന്നാണ് മോന്സണ് പുറത്തു പറയുന്നതെങ്കിലും തിരുമ്മലിനാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്. താന്‍ മോന്സന്റേയും മറ്റു ജീവനക്കാരുടെയും പീഡനത്തിന് ഇരയായതും ഇവിടെ വച്ചാണെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട് .
മോന്‍സന്റെ വീട്ടിലെത്തിയ പല ഉന്നതരും തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. ഒളികാമറ ദൃശ്യം ഉപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങ് ഭയന്നാണ് മോന്‍സണിനെതിരേ ഇവര്‍ മൗനം പാലിക്കുന്നത്. പല ഉന്നതരും മോന്സന് കോടികള്‍ നല്‍കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിങ് ഭയന്നാണ് ഇതു തിരികെ ചോദിക്കാത്തത്. പെണ്‍കുട്ടിയുമായി മോന്‍സന്റെ വീട്ടില്‍ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം മസാജ് പാര്ലറില്നിന്നടക്കം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഫോറന്‍സിക് വിഭാഗവും ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.വീടിന്റെ രണ്ടാം നിലയിലാണ് മോന്സണ് കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിയിരുന്നത്. അറസ്റ്റ് നടക്കുന്നതിനു രണ്ടു ദിവസം മുമ്പ് വരെ മോന്സണ് തന്നെ പീഡിപ്പിച്ചിരുന്നെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."