കോണ്‍ഗ്രസുമായി കൂടാതിരുന്നാല്‍?
ജേക്കബ് ജോര്‍ജ്
ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളെയൊക്കെ ചേര്‍ത്ത് വിശാലമായൊരു ഐക്യനിര കെട്ടിപ്പടുക്കണമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് നയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനം. കോണ്‍ഗ്രസുമായി ചേര്‍ന്ന് വിശാലപ്രതിപക്ഷ ചേരി രൂപീകരിക്കുന്നതിനെതിരേ കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ നിന്നുയര്‍ന്ന ആവശ്യം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു എന്നര്‍ഥം.
കേരളത്തില്‍ സി.പി.എമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ് തന്നെ. ഐക്യകേരളം രൂപംകൊണ്ടനാള്‍ തൊട്ട് ഇതാണ് സ്ഥിതി. ആദ്യകാലഘട്ടത്തിലെ ചില രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ക്കുശേഷം ഐക്യമുന്നണി സമ്പ്രദായം രൂപപ്പെടുകയും അതിവേഗം ശക്തിപ്രാപിക്കുകയും ചെയ്തു. ചെറുതും വലുതുമായ പല പാര്‍ട്ടികളും ഇക്കാലത്തു കൊഴിഞ്ഞുപോയെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഐക്യജനാധിപത്യ മുന്നണി എന്നീ രണ്ടു മുന്നണികള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു. ഒന്നിന്റെ തലപ്പത്ത് സി.പി.എമ്മും മറ്റതിന്റെ തലപ്പത്ത് കോണ്‍ഗ്രസും. വര്‍ഷങ്ങളായി കേരളത്തില്‍ തുടരുന്ന ഐക്യമുന്നണി പരീക്ഷണം. പക്വതയാര്‍ന്ന ബലപരീക്ഷണം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു തല്‍ക്കാലം കൂട്ടേണ്ട.
എങ്കിലും കേരളത്തിലെ രാഷ്ട്രീയ ചേരിതിരിവിനു പ്രത്യേകതകളേറെയുണ്ട്. ഏറെക്കുറെ തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ഓരോ വര്‍ഷവും ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണു ബഹുവിശേഷം. തൃശൂര്‍ പൂരത്തിനു നടക്കുന്ന കുടമാറ്റം പോലെ എന്ന് സക്കറിയ ഒരിക്കല്‍ 'ഇന്ത്യാ ടുഡേ' മലയാളം വാരികയുടെ തെരഞ്ഞെടുപ്പ് പതിപ്പിലെഴുതി.
പക്ഷേ, കുടമാറ്റം ഇത്തവണ പതിവു തെറ്റിച്ചു. പ്രധാന കാരണം കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതുതന്നെ. മുന്നണി സംവിധാനത്തില്‍ ഓരോ ഘടകകക്ഷിയും പ്രധാനമാണ്. ഏറെക്കുറെ തുല്യശക്തികളായി രണ്ടുമുന്നണികള്‍ ഏറ്റുമുട്ടുന്ന കേരളത്തില്‍ ഇതു സ്വാഭാവികം മാത്രം. 1957ലെ തെരഞ്ഞെടുപ്പിനു മുമ്പ് ഒറ്റയ്ക്കു മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നേരിടാന്‍ പി.എസ്.പി, മുസ്‌ലിം ലീഗ് എന്നീ കക്ഷികളെ കൂട്ടുപിടിക്കാന്‍ ഉപദേശിച്ച ഫാദര്‍ വടക്കന്റെ കാര്യം ഒന്നുകൂടി ഓര്‍ക്കാവുന്നതാണ്. വലിയ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ഫാദര്‍ വടക്കന്‍ അന്നത്തെ രാഷ്ട്രീയസ്ഥിതി ആഴത്തില്‍ പഠിച്ചശേഷമാണ് ഇങ്ങനെയൊരു ഉപദേശം തയാറാക്കിയത്. 'മട്ടാഞ്ചേരി തീസീസ്' എന്നു പേരുമിട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആന്റി കമ്യൂണിസ്റ്റ് ഫ്രണ്ട് (കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി) എന്നൊരു സംഘടനയും ഫാദര്‍ വടക്കന്‍ ഉണ്ടാക്കി. വടക്കനച്ചന്റെ ഉപദേശം കോണ്‍ഗ്രസ് നേതാക്കള്‍ അപ്പാടേ തള്ളിക്കളഞ്ഞു. ഫലം പ്രതീക്ഷിച്ചതുതന്നെ. കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തി. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി.
1960ല്‍ തെരഞ്ഞെടുപ്പു വന്നപ്പോള്‍ കോണ്‍ഗ്രസ് തെറ്റുതിരുത്താനൊരുങ്ങി. പി.എസ്.പിയെ കൂട്ടുപിടിച്ചു. അപ്പോഴും മുസ്‌ലിം ലീഗിനോടടുക്കാന്‍ കോണ്‍ഗ്രസിനു പേടിയായിരുന്നു. ലീഗ് വര്‍ഗീയകക്ഷിയാണെന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കളില്‍ പലര്‍ക്കും. ലീഗുമായി കൂട്ടുകൂടുന്നതിനോട് സംസ്ഥാനത്തെ കോണ്‍ഗ്രസിനും അത്ര വലിയ യോജിപ്പുണ്ടായിരുന്നില്ല. അപ്പോഴും ഫാദര്‍ വടക്കന്‍ രംഗത്തിറങ്ങി. കോണ്‍ഗ്രസും പി.എസ്.പിയും മുസ്‌ലിം ലീഗും ഒരു മുന്നണിയായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിക്കാനാവൂ എന്ന് ഫാദര്‍ വടക്കന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ ആരും ചെവിക്കൊള്ളുന്ന മട്ടു കണ്ടില്ല. ഈ മൂന്നു കക്ഷികളുടെയും മുന്നണിയുണ്ടാക്കാന്‍ ഫാദര്‍ വടക്കന്‍ ഓടിനടന്നു. മൊയ്തു മൗലവിയെപ്പോലെ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന ദേശീയ മുസ്‌ലിം നേതാക്കള്‍ക്കും ലീഗുമായുള്ള ബന്ധത്തോടു യോജിക്കാനാവുമായിരുന്നില്ല. മുംബൈയിലെ ചില മുസ്‌ലിം നേതാക്കളും ഇക്കാര്യത്തില്‍ മൊയ്തു മൗലവിയുടെ പക്ഷത്തായിരുന്നു. മൊയ്തു മൗലവിയുമായും മുംബൈയിലെ മുസ്‌ലിം നോതാക്കളുമായും ഫാദര്‍ വടക്കന്‍ ലീഗ് ബന്ധത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. പി.എസ്.പിയെ വശത്താക്കാന്‍ ആചാര്യ കൃപലാനിയുമായും സംസാരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധിയുമായി വിശദമായി ചര്‍ച്ച നടത്തി. അതു കഴിഞ്ഞ് എ.ഐ.സി.സി സമ്മേളനം നടക്കുന്ന ചണ്ഡിഗഡിലെത്തി. എ.ഐ.സി.സി സമ്മേളന സ്ഥലത്തേയ്ക്ക് ഫാദര്‍ വടക്കന് വിശിഷ്ടാതിഥിയായിത്തന്നെ സ്വീകരണം കിട്ടി. മുസ്‌ലിം ലീഗുമായി കോണ്‍ഗ്രസ് കൂട്ടുകൂടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എ.ഐ.സി.സി നേതാക്കളെ ബോധ്യപ്പെടുത്തിയ ഫാദര്‍ വടക്കന്‍ കോണ്‍ഗ്രസ് - പി.എസ്.പി- മുസ്‌ലിം ലീഗ് സഖ്യത്തിന് ഒരടിത്തറയിടാന്‍ ഏറെ കഷ്ടപ്പെട്ടു.
കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാതെ ഏകീകരിക്കുക എന്നതു മാത്രമായിരുന്നു ഫാദര്‍ വടക്കന്റെ കര്‍മ്മപദ്ധതി. ഈ നീക്കം അപകടകരമാവുമെന്ന് കമ്യൂണിസ്റ്റ് നേതൃത്വവും മനസിലാക്കി. പക്ഷേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പി.എസ്.പിയും ലീഗും മുന്നണിയുണ്ടാക്കി. 1960ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്വന്തമാക്കി. 1957ലെ തെരഞ്ഞെടുപ്പിനു മുമ്പ് ഫാദര്‍ വടക്കന്‍ കോണ്‍ഗ്രസിനു നല്‍കിയ ഉപദേശം കോണ്‍ഗ്രസ് തള്ളി. എന്നാല്‍ 1960ല്‍ ആ കണക്കുകൂട്ടല്‍ ജയിച്ചു. ഈ തെരഞ്ഞെടുപ്പ് വലിയൊരു ശക്തിപരീക്ഷണം തന്നെയായിരുന്നു. 'കോണ്‍ഗ്രസും പി.എസ്.പിയും ലീഗും ഒരേ ചരടില്‍ കോര്‍ക്കപ്പെട്ടു എന്നതായിരുന്നു അതിപ്രധാനമായ വസ്തുത. ഈ കോര്‍ക്കലിനു നൂലായതു ഞാനാണെന്ന് ആരും സമ്മതിക്കും' - ഫാദര്‍ ജോസഫ് വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും' എന്ന ആത്മകഥയില്‍ '1960-ലെ തെരഞ്ഞെടുപ്പ്' എന്ന അധ്യായം ആരംഭിക്കുന്നതിങ്ങനെ.
ഭരണം കൈയില്‍ കിട്ടിയപ്പോള്‍ ലീഗിനെ മന്ത്രിസഭയില്‍ ചേര്‍ക്കേണ്ടതില്ലെന്നായി കോണ്‍ഗ്രസ്. ചര്‍ച്ചയും കൂടിക്കാഴ്ചയുമൊക്കെയായി മൂന്നാഴ്ചയ്ക്കുശേഷം പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കേണ്ടിവന്നു കോണ്‍ഗ്രസിന്. കെ.എം സീതി സാഹിബായിരുന്നു സ്പീക്കര്‍. ആ സ്ഥാനം കൊടുത്തത് ലീഗില്‍ നിന്നു രാജിവയ്പ്പിച്ചിട്ടായിരുന്നു. 1961 ഏപ്രില്‍ 17ാം തീയതി സീതി സാഹിബ് നിര്യാതനായി. പകരം സി.എച്ച് മുഹമ്മദ് കോയയെ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുത്തു. പക്ഷേ അപ്പോഴും കോണ്‍ഗ്രസ് എതിര്‍ത്തു. ലീഗ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യാനാവില്ലെന്നായി കോണ്‍ഗ്രസ് നേതൃത്വം. അതും ഒത്തുതീര്‍പ്പായി. ലീഗ് അംഗത്വം രാജിവച്ച് സി.എച്ച് സ്പീക്കറായി. പക്ഷേ കോണ്‍ഗ്രസിന്റെ ലീഗ് വിരോധം തുടര്‍ന്നു. ക്രമേണ ലീഗ് കോണ്‍ഗ്രസില്‍ നിന്നകന്നു. സി.എച്ച് സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുകയും ലീഗ് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
1965ലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായില്ല. 1967ല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളെ കൂട്ടുപിടിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാട് സപ്തകക്ഷി മുന്നണി രൂപീകരിച്ചു. 1967ലെ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റേതായി. ഇ.എംഎസ് വീണ്ടും മുഖ്യമന്ത്രി. ലീഗ് മന്ത്രിസഭയില്‍. ഇങ്ങനെ പല ഘട്ടങ്ങളിലൂടെയാണ് കേരളത്തില്‍ ഇന്നു കാണുന്ന യു.ഡി.എഫും എല്‍.ഡി.എഫും വളര്‍ന്നുവന്നതെന്നു കാണണം. പലതരം പരീക്ഷണങ്ങളിലൂടെയാണ് ഈ രണ്ടു മുന്നണികളും ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളില്‍ ജയിച്ചും പ്രതിപക്ഷത്തിരുന്നും ഇന്നത്തെ നിലയിലെത്തിയത്.
ദേശീയതലത്തിലും ഇതേ രീതികളാണ് സ്വീകരിക്കേണ്ടത്. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ കക്ഷികളാണ് ഭരണത്തില്‍. പഞ്ചാബ്, രാജസ്ഥാന്‍ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ഭരിക്കുന്നു. ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെയൊക്കെയും കോര്‍ത്തിണക്കി ഒരു മുന്നണിയുണ്ടാക്കുക മാത്രമാണ് കേന്ദ്രത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു വഴി. ഇത് 1957 ലെ ഫാദര്‍ വടക്കന്റെ രാഷ്ട്രീയ സിദ്ധാന്തം തന്നെയാണ്. പക്ഷേ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ വരവും പോക്കും കണ്ട ഏതൊരു കേരളീയനും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എന്താണു വഴിയെന്ന ചോദ്യത്തിനുത്തരം തേടി വടക്കനച്ചന്റെ രാഷ്ട്രീയ സിദ്ധാന്തത്തിനു പുറകേ നടക്കേണ്ട കാര്യമില്ല.
കേരളത്തിലെ സി.പി.എം ഘടകത്തിന്റെ പ്രധാനശത്രു കോണ്‍ഗ്രസ് തന്നെ. രാഷ്ട്രീയമായി അതു ശരിയാണുതാനും. ഇവിടെ നേര്‍ക്കുനേര്‍ പൊരുതിനില്‍ക്കുന്ന രണ്ടു ചേരികളിലേതെങ്കിലുമൊന്നില്‍ വിള്ളലുണ്ടായാല്‍ അതു ബി.ജെ.പിക്കു വളരാന്‍ കാരണമായേക്കാം. ആ രണ്ടു മുന്നണികളും അതുപോലെ നില്‍ക്കേണ്ടത് കേരളത്തിന്റെ രാഷ്ട്രീയ ഭദ്രതയ്ക്കും ആവശ്യമാണ്. പക്ഷേ അതുകൊണ്ട് ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടേണ്ടതില്ലെന്ന നിലപാട് സി.പി.എം കേരളഘടകം എടുക്കേണ്ടതുണ്ടോ? ദേശീയതലത്തില്‍ ചേരാവുന്ന പാര്‍ട്ടികളുമായെല്ലാം കൂട്ടുചേര്‍ന്നും ചേര്‍ക്കാവുന്ന കക്ഷികളെയൊക്കെ കൂട്ടുപിടിച്ചുമാണ് അതിവിശാലമായൊരു ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കേണ്ടത്. ബി.ജെ.പിയുടെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന കക്ഷികള്‍ക്കൊക്കെയും ഇതില്‍ ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ സി.പി.എമ്മിനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."