പണമില്ല; അഫ്ഗാനികള്‍ കുട്ടികളെ വില്‍ക്കുന്നു
കാബൂള്‍: കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന അഫ്ഗാനില്‍ ജനങ്ങള്‍ പട്ടിണി ഭയന്ന് കുട്ടികളെ വില്‍ക്കുന്നു. ഹെരാത് പ്രവിശ്യയില്‍ ഒരു പെണ്‍കുട്ടിയെ വിറ്റത് കേവലം 500 ഡോളറിനാണ് (45,200 അഫ്ഗാനി). ഹെരാതിലെ ഗ്രാമത്തിലെത്തിയ ബി.ബി.സി റിപ്പോര്‍ട്ടര്‍ യോഗിത ലിമായേ കുട്ടിയുടെ മാതാവിനെ കണ്ടുമുട്ടി.
മറ്റു കുട്ടികള്‍ക്ക് വിശന്നു മരിക്കുന്നത് ഒഴിവാക്കാന്‍ മാര്‍ഗമില്ലാതായതാണ് നവജാതശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ചതെന്ന് അവര്‍ പറഞ്ഞു. കുട്ടിയെ വാങ്ങിച്ച അജ്ഞാതന്‍ അവളെ വളര്‍ത്തി വലുതാക്കി തന്റെ മകനു വിവാഹം ചെയ്തു കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ടത്രേ. കുഞ്ഞ് ഇപ്പോള്‍ മാതാവിനൊപ്പമാണ്. എങ്കിലും ഈ മാതാവിന്റെ ആധി മാറിയിട്ടില്ല.
250 ഡോളര്‍ മുന്‍കൂറായി നല്‍കിയ അജ്ഞാതന്‍ മകള്‍ വളര്‍ന്ന് നടക്കാറാകുമ്പോള്‍ വന്ന് കൊണ്ടുപോകുമെന്നും അപ്പോള്‍ ബാക്കി തുക നല്‍കാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 250 ഡോളര്‍(22,737 അഫ്ഗാനി) ഏതാനും മാസത്തെ വിശപ്പടക്കാന്‍ സഹായിക്കുമല്ലോയെന്ന ആശ്വാസത്തിലാണ് ഈ കുടുംബം.
രാജ്യത്തിന്റെ വിദേശ ബാങ്കുകളിലെ ആസ്തികള്‍ അമേരിക്ക മരവിപ്പിക്കുകയും ഐ.എം.എഫ് സഹായം നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ അഫ്ഗാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അഫ്ഗാനി കറന്‍സിയുടെ വില കുത്തനെ ഇടിഞ്ഞതും ഭക്ഷ്യവസ്തുക്കള്‍ക്കുള്‍പ്പെടെ വില ഭീമമായി വര്‍ധിച്ചതും ജനങ്ങളെ പട്ടിണിയിലെത്തിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മയും രൂക്ഷമാണ്. ജോലി ചെയ്താലും പ്രതിഫലം ലഭിക്കാത്ത അവസ്ഥ.
ഇതാണ് ജനങ്ങളെ മക്കളെയുള്‍പ്പെടെ എല്ലാം വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ടര്‍ പറയുന്നു. ചപ്പുചവറുകള്‍ പെറുക്കി വിറ്റിരുന്ന കുടുംബനാഥന് പണിയില്ലാതായതോടെയാണ് ഈ പെണ്‍കുഞ്ഞിന്റെ കുടുംബം പട്ടിണിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."