കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വന്‍ഷന് തുടക്കം
കുറവിലങ്ങാട്: ലക്ഷങ്ങളിലേക്ക് വചനദീപ്തി സമ്മാനിച്ച് കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വന്‍ഷനു തുടക്കമായി.
ദേവമാതാ കോളജ് മൈതാനത്ത് ഒരുക്കിയിരിക്കുന്ന മുത്തിയമ്മ നഗറില്‍ നടന്ന കണ്‍വന്‍ഷന്‍പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പ്രിസ്റ്റണ്‍ രൂപത നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു വെങ്ങാലൂര്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ദേവമാതാ കോളജ് ബര്‍സാര്‍ ഫാ. ജോസഫ് തെക്കേല്‍, ദേവമാതാ കോളജ് അസി.പ്രഫ. ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ഫാ. ജോസഫ് നരിതൂക്കില്‍, എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ സഹകാര്‍മികരായി.
വചനശ്രവണത്തിനെത്തുന്നവരുടെ സൗകര്യാര്‍ത്ഥം ദോവാലയങ്കണത്തിന്റെ വിവിധ ഭാഗങ്ങളിലും പാരിഷ്ഹാളിലും എല്‍ഇഡി വാളുകളും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും ക്രമീകരിച്ചിട്ടുണ്ട്.എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലുമുതല്‍ ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍. വിശുദ്ധ കൂര്‍ബാനയെതുടര്‍ന്നാണ് കണ്‍വന്‍ഷന്‍. പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ തിങ്കളാഴ്ചയും മോണ്‍. ജോസഫ് മലേപറമ്പില്‍ 30നും മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ 31നും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
എല്ലാദിവസവും രാവിലെ ഒമ്പതു മുതല്‍ 3.30വരെ സ്പിരിച്വല്‍ ഷെയറിങിനും 10 മുതല്‍ നാലുവരെ കുമ്പസാരത്തിനും അവസരമുണ്ട്.
കുമ്പസാരം വലിയപള്ളിയിലും വൈദികമന്ദിരത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്. കണ്‍വന്‍ഷനിലെത്തുന്നവര്‍ക്കായി 501 വോളണ്ടിയര്‍മാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. പൊലിസിന്റെയും വോളണ്ടിയര്‍മാരുടേയും നേതൃത്വത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്റെ ആദ്യദിനം മുത്തിയമ്മയ്‌ക്കൊരു വീട് പദ്ധതിയില്‍ 15 പേര്‍ക്ക് വീട് നിര്‍മാണത്തിനുള്ള തുക മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. മര്‍ത്ത്മറിയം ഡയറിയുടെ പ്രകാശനം മാര്‍ ജോസഫ് സ്രാമ്പിക്കലിന് കോപ്പി നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."