ദലിത് ഗവേഷകയ്ക്കെതിരേ ജാതിവിവേചനം നന്ദകുമാർ കളരിക്കലിനെ മാറ്റി നടപടി കണ്ണിൽ പൊടിയിടാൻ;അധ്യാപകനെ പിരിച്ചുവിടും വരെ സമരമെന്ന് ഗവേഷക
സ്വന്തം ലേഖകൻ
കോട്ടയം
ദലിത് ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ ആരോപണ വിധേയനായ ഇന്റർനാഷണൽ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജി ഡയരക്ടർ ഡോ. നന്ദകുമാർ കളരിക്കലിനെ തൽസ്ഥാനത്തുനിന്നു മാറ്റി. ഇന്നലെ വി.സിയുടെ ചേമ്പറിൽ ചേർന്ന ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. നാനോ സയൻസിന്റെ ചുമതല വി.സി നേരിട്ട് ഏറ്റെടുക്കും. നാനോ സയൻസ് വകുപ്പുമേധാവിയും മൂന്ന് സിൻഡിക്കേറ്റ് അംഗങ്ങളും അടങ്ങിയ നാലംഗ കമ്മിറ്റി ഗവേഷക ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എട്ട് ഫയലുകൾ പരിശോധിക്കും.
ഈ കമ്മിറ്റിയും വിദ്യാർഥിനിയുടെ ഗവേഷണ പുരോഗതി അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് അഞ്ചംഗ കമ്മിറ്റിയും നിലവിൽ വന്നു. കഴിഞ്ഞ 29നാണ് ഗവേഷക ഡോ. നന്ദകുമാറിനെ മാറ്റണം എന്ന ആവശ്യവുമായി സർവകലാശാല കവാടത്തിൽ നിരാഹാര സമരം ആരംഭിച്ചത്. തുടർന്ന് നവംബർ ഒന്നിന് ഉന്നതാധികാര സമിതി യോഗം ചേർന്നിരുന്നു. ഗവേഷണം പൂർത്തീകരിക്കാൻ സഹായകരമായ രീതിയിൽ ഫീസ് ഒഴിവാക്കാനും ഹോസ്റ്റൽ, ലബോറട്ടറി സൗകര്യങ്ങൾ ലഭ്യമാക്കാനും അടക്കം, ഗവേഷകയ്ക്ക് അനുകൂലമായി കൈക്കൊണ്ട തീരുമാനങ്ങളുടെ തുടർച്ചയായാണ് ഡയരക്ടറെ നീക്കിയതെന്നു സർവകലാശാല അധികൃതർ വ്യക്തമാക്കി. വിദേശത്തായതിനാൽ ആണ് അധ്യാപകനെ മാറ്റിയത് എന്നാണ് സർവകലാശാലയുടെ വിശദീകരണം. കുറച്ചു നാളായി ഡോ. നന്ദകുമാർ ഫ്രാൻസിൽ ആണ്. അതിനാൽ വി.സിക്കായിരുന്നു ഗവേഷണ വിഭാഗത്തിന്റെ ചുമതല. പത്താം ദിവസത്തേക്കടുത്ത സമരം ഒത്തുതീർക്കണം എന്ന് ഇന്നലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നന്ദകുമാർ കളരിക്കലിനെതിരെയുള്ള സർവകലാശാലാ നടപടി കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും സമരം തുടരുമെന്നും ഗവേഷക പ്രതികരിച്ചു. കളരിക്കലിനെ സർവിസിൽ നിന്നു പിരിച്ചുവിടും വരെ സമരം തുടരും. വൈസ് ചാൻസലർ ഡോ. സാബു തോമസിനെയും തൽസ്ഥാനത്തുനിന്നു മാറ്റണം. വി.സിയെ മാറ്റുന്ന കാര്യത്തിൽ അടക്കം സർക്കാർ നേരിട്ട് ഇടപെടണം എന്നും ഗവേഷക ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."