വാളെടുത്ത് മുതിർന്ന നേതാക്കൾ; വഴങ്ങാതെ സുധാകരൻ
ഇ.പി മുഹമ്മദ്
കോഴിക്കോട്
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരേ നീക്കം ശക്തമാക്കി മുൻ അധ്യക്ഷൻമാരായ വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നതോടെ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ പുകയുന്നു. വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന കെ. സുധാകരന്റെ പ്രസ്താവനയാണ് കടുത്ത പ്രതികരണത്തിന് ഇരു നേതാക്കളെയും പ്രേരിപ്പിച്ചത്. എന്നാൽ വിമർശങ്ങൾക്കു വഴങ്ങാതെ പുനഃസംഘടനയും സി.യു.സി രൂപീകരണവും ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് സുധാകരൻ.
വ്യക്തിപരമായ ഏറ്റുമുട്ടലിനെ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ പുനഃസംഘടനയ്ക്കെതിരായ പ്രതിഷേധമാക്കി രാഷ്ട്രീയ മാനം നൽകാനാണ് കെ.പി.സി.സി മുൻ അധ്യക്ഷൻമാരുടെ ശ്രമം. അതേസമയം വിമർശനങ്ങൾക്ക് അവസരമുണ്ടാക്കിക്കൊടുക്കുന്ന തരത്തിൽ. സുധാകരൻ പെരുമാറുന്നത് പാർട്ടിയിലെ അന്തരീക്ഷം കലുഷിതമാക്കുമെന്ന അഭിപ്രായം മറ്റു മുതിർന്ന നേതാക്കൾക്കുണ്ട്. സുധാകരന്റെ ശൈലി കണ്ണൂർ രാഷ്ട്രീയത്തിനു പോലും ഗുണകരമല്ലെന്ന പ്രസ്താവനയിലൂടെ തുറന്ന പോരിന് തയാറാണെന്ന സൂചനയാണ് സുധീരൻ നൽകിയത്. നിഴലിനോട് യുദ്ധം ചെയ്യുന്നയാളെന്ന പരാമർശമാണ് സുധീരനെ രോഷാകുലനാക്കിയത്.
സുധാകരൻ അനുകൂലികളുടെ സമൂഹമാധ്യമ കൂട്ടായ്മയായ കെ.എസ് ബ്രിഗേഡിന് ഫാസിസ്റ്റ് സ്വഭാവമാണെന്നും സുധാകരനെ എതിർക്കുന്നവരെ തേജോവധം ചെയ്യുകയാണെന്നും ഇത് നിർത്തണമെന്നും സുധീരൻ പറയുന്നു.
വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്ന പരാമർശത്തിനെതിരേ മുല്ലപ്പള്ളിയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. താൻ മൗനം പാലിക്കുകയാണെന്നും കൂടുതൽ പറയാൻ പ്രേരിപ്പിക്കരുതെന്നുമുള്ള മുന്നറിയിപ്പും അദ്ദേഹം സുധാകരന് നൽകുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുനഃസംഘടന നടത്തുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുന്നു.
പുനഃസംഘടനയുമായി മുന്നോട്ടു പോകാനുളള കെ.പി.സിസി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കാനിരിക്കെയാണ് മുതിർന്ന നേതാക്കളും കലാപക്കൊടി ഉയർത്തുന്നത്. പുനഃസംഘടന സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡിനു വിടാനാണ് കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സിയുടെ സമ്പൂർണ നേതൃയോഗം തീരുമാനിച്ചത്. എന്നാൽ പിറ്റേന്ന് നടന്ന നിർവാഹക സമിതിയിൽ പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്ന് സുധാകരൻ പ്രഖ്യാപിച്ചതാണ് ഗ്രൂപ്പുകളുടെ എതിർപ്പിന് കാരണം. ഇക്കാര്യത്തിൽ എ.ഐ.സി.സി ഇടപെട്ട് തീരുമാനമുണ്ടാക്കണമെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനവും അവരെ ചൊടിപ്പിച്ചിട്ടുണ്ട്.
കെ.പി.സി.സി സെക്രട്ടറിമാരെ നിയമിക്കുന്ന കാര്യത്തിൽ തങ്ങളുടെ അഭിപ്രായം ചോദിക്കുന്നില്ലെന്നും ഗ്രൂപ്പുകൾക്ക് പരാതിയുണ്ട്.
സുധാകരന്റെ പ്രഖ്യാപനം നേരത്തെയായിപ്പോയെന്ന വികാരം പാർട്ടിയിൽ ശക്തമാണ്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതു നേതൃത്വത്തിന്റെ നീക്കങ്ങളെ പിറകോട്ട് വലിക്കുന്നതാണ് ഇത്തരം സമീപനങ്ങളെന്ന് നിഷ്പക്ഷത പാലിക്കുന്ന നേതാക്കളും ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാർട്ടിയെ സമൂലമായി ഉടച്ചുവാർത്ത് ശക്തമാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അട്ടിമറിക്കാനാണ് ഗ്രൂപ്പുകൾ ശ്രമിക്കുന്നതെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."