ചെങ്കൊടിക്കീഴിൽ 'ഓം ഹ്രീം'; സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ മെഡിക്കൽ സ്റ്റോറിന് പൂജയും വഴിപാടും
സ്വന്തം ലേഖകൻ
ആലപ്പുഴ
സി.പി.എം ഭരിക്കുന്ന സർവിസ് സഹകരണ ബാങ്കിനു കീഴിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി പൂജയും വഴിപാടും. ചേർത്തല ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ തിരുനല്ലൂരിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കിൽ ശനിയാഴ്ച മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന നീതി മെഡിക്കൽ സ്റ്റോറിലാണ് ദോഷപരിഹാരത്തിനും മികച്ച വരുമാനം ലഭിക്കുന്നതിനുമുള്ള പൂജ നടത്തിയത്.
പ്രദേശത്തെ അറിയപ്പെട്ടുന്ന ശാന്തിയെ വരുത്തിയാണ് ബാങ്ക് അംഗങ്ങളുടേയും ബോർഡ് അംഗങ്ങളുടേയും സാന്നിധ്യത്തിൽ ഇന്നലെ രാവിലെ പൂജ നടന്നത്. വിഘ്നങ്ങളെല്ലാം ഒഴിഞ്ഞുപോകാൻ സമീപത്തെ ക്ഷേത്രത്തിൽ ബാങ്കിൻ്റെ പേരിൽ ഗണപതിഹോമവും നടത്തി.
സി.പി.എം നേതൃത്വം വഹിക്കുന്ന ഇടതുപക്ഷ മുന്നണി ഭരിക്കുന്ന ബാങ്കിനു കീഴിലെ സ്ഥാപനത്തിൽ ഇത്തരത്തിലുള്ള ചടങ്ങ് നടന്നത് കൗതുകത്തോടെയാണ് ജനം വീക്ഷിച്ചത്. ഇവിടെ ബാങ്ക് കെട്ടിടത്തിൽ വേറെ കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവരൊന്നും കച്ചവടമാരംഭിച്ച കാലത്തോ പിന്നീടോ ഇതുപോലുള്ള കർമങ്ങൾ ചെയ്തിട്ടില്ല. ബാങ്ക് ഭരണസമിതിക്കു കീഴിൽ തുടങ്ങുന്ന കച്ചവടം വിജയിക്കുന്നതിലുള്ള വിശ്വാസമില്ലായ്മയാണ് പൂജയിലേക്കെത്തിച്ചത്.
ബാങ്ക് കെട്ടിടത്തിൽ കാൽ നൂറ്റാണ്ടിലേറെയായി വിവിധ കടകൾ നടത്തുന്നവരോട് മുറി ഒഴിയണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിട്ടുണ്ട്. അതിലൊരു വാടകക്കാരനെ മറ്റൊരു മുറി നൽകി മാറ്റിയ ശേഷമാണ് നീതി മെഡിക്കൽ സ്റ്റോർ തുടങ്ങുന്നത്.
ബാങ്കിനു കീഴിൽ പ്രവർത്തിച്ചിരുന്ന പലചരക്കുകടയായ നീതി സ്റ്റോർ കഴിഞ്ഞ അഞ്ചു മാസമായി അടച്ചിട്ടിരിക്കുകയാണ്. നവീകരണത്തിൻ്റെ ഭാഗമായി തൽക്കാലം നിർത്തിയിരിക്കയാണെന്നാണ് ബാങ്ക് അധികൃതർ പറയുന്നതെങ്കിലും നഷ്ടത്തിലായി പൂട്ടിയതാണ്.
മൂന്നു പതിറ്റാണ്ടായി ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന രണ്ട് റേഷൻ കടകളും നഷ്ടത്തിലാണ്. ഈ സാഹചര്യത്തിൽ ഒരു ആശുപത്രിയോ ഒരു ഹെൽത്ത് സെൻ്റർ പോലുമോ ഇല്ലാത്തിടത്ത് മെഡിക്കൽ സ്റ്റോർ തുടങ്ങിയാൽ എന്താകുമെന്ന ചിന്തയാണ് ഈ ചടങ്ങുകൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."