ത്രിപുരയിൽ പള്ളി തകർത്തിട്ടില്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി
ത്രിപുരയിൽ മുസ് ലിംകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കെ അവിടെ മുസ് ലിം പള്ളികളൊന്നും തകർത്തിട്ടില്ലെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നുമുള്ള വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് പള്ളി തകർത്തെന്ന രീതിയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ എല്ലാം വ്യാജമാണെന്ന് അവകാശപ്പെട്ടത്. ചില സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ അവകാശപ്പെടുന്നതുപോലെ ത്രിപുരയിൽ സമീപകാലത്ത് പള്ളികൾക്കോ മറ്റു മതസ്ഥാപനങ്ങൾക്കോ കേടുപാടു വരുത്തിയ സംഭവങ്ങളുണ്ടായിട്ടില്ല. ആർക്കെങ്കിലും ചെറിയ രീതിയിൽ പരുക്കേൽക്കുകയോ സ്ത്രീകൾ ബലാത്സംഗത്തിനിരയാവുകയോ ചെയ്തിട്ടില്ല. ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പ്രസ്താവന പറയുന്നു. ഗോമതി ജില്ലയിലെ കാക്കർബാനിൽ പള്ളി അടിച്ചു തകർത്തുവെന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണ്. ദർഗബസാറിലെയും പള്ളിക്ക് കേടുപാടുണ്ടായിട്ടില്ല.
പൊലിസ് ശാന്തി ഉറപ്പാക്കുന്നുണ്ടെന്നും വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരേ അക്രമമുണ്ടായെന്നാരോപിച്ചാണ് കഴിഞ്ഞ മാസം അവസാനത്തിൽ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ ത്രിപുരയിൽ മുസ് ലിംകൾക്കെതിരേ വ്യാപക അക്രമമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."