കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി കിരണ്‍ അറസ്റ്റില്‍
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരണ്‍ പിടിയില്‍. കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 25 കോടിയോളം രൂപ കിരണ്‍ കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മാപ്രാണം സ്വദേശിയായ കിരണ്‍ ഉത്തരേന്ത്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ ആറ് പ്രധാന പ്രതികളാണുള്ളത്. ഇതില്‍ അഞ്ചുപേരും നേരത്തെ പിടിയിലായിരുന്നു.
ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്ന വാദം ഉന്നയിച്ച് കിരണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലേത്. ഈ ഭരണസമിതിയെ തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. പല രീതിയിലാണ് വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 100ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."