മോഫിയ പര്‍വീന്റെ ആത്മഹത്യ: ഒടുവില്‍ ആലുവ സി.ഐക്ക് സ്ഥലം മാറ്റം; സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കൊച്ചി: സ്ത്രീധന പീഡനത്തെതുടര്‍ന്ന് നിയമ വിദ്യാര്‍ഥി മോഫിയ പര്വീന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ സി.ഐ സി.എല്‍ സുധീറിനെ ഒടുവില്‍ സ്ഥലം മാറ്റി. പൊലിസ് ആസ്ഥാനത്തേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇന്നലെതന്നെ ഇദ്ദേഹത്തെ സ്ഥലം മാറ്റിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സ്ഥലം മാറ്റിയിട്ടില്ലെന്ന ആരോപണവുമായി സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്തുതന്നെ രംഗത്തെത്തുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
ഇതിനെല്ലാം പിന്നാലെയാണ് നടപടികള്‍.
സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം തുടരുകയാണ്. സി.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നതാണ് സമരക്കാരുടെ ആവശ്യം. സി.ഐക്കെതിരേ മറ്റു പരാതികളും ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം പെണ്‍കുട്ടിയുടെ മരണത്തിലേക്കു നയിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടിട്ടുണ്ട്. ആലുവ റൂറല്‍ എസ് പി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനോടകം തന്നെ മോഫിയയുടെ മരണത്തില്‍ ഡി.വൈ.എസ്പി എസ്പി ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ്, മാതാപിതാക്കള്‍,ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഡി.വൈ.എസ്പി കൈമാറിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ഐ സുധീറിനെതിരെ നടപടി ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."