സമയരഥത്തിലേറി മറുകര തേടി
സമയരഥത്തിലേറി ബിച്ചു തിരുമല പോയി. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോൾ ഓർമവന്നത് ആ ഗാനമാണ്:
സമയരഥത്തിൽ ഞങ്ങൾ
മറുകര തേടുന്നു
അതെ,സുഹൃത്തെ സമയരഥത്തിലുള്ള യാത്ര തന്നെയാണ് ജീവിതം.
ഒരിക്കലെ നാം കണ്ടിട്ടുള്ളൂ. ആ ദിവസം ഓർമയുണ്ട് 2001 ഡിസംബർ 24 ആയിരുന്നു അത്. തലശ്ശേരി സാംസ്‌കാരി സമിതി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന റഫിസ്മൃതിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു നമ്മൾ മൂന്ന് പേരും: താങ്കളും ഞാനും പിന്നെ ജിതിൻ ശ്യാം എന്ന സംഗീത സംവിധായകനും. താങ്കളെ പരിചയപ്പെടുത്തുമ്പോൾ ജിതിൻ വാചാലനായി. തണൽ എന്ന ചിത്രത്തിൽ താങ്കളോടൊപ്പം സംഗീത രചന നടത്തിയതിന്റെ അനുഭവങ്ങൾ.
പ്രഭാതകിരണം മൗലിയിലണിയും എന്ന അതിലെ ഗാനം എനിക്കും ഇഷ്ടമായിരുന്നു. സുഹൃത്തെ , അക്കാലത്ത് ഒരേ ചിത്രത്തിൽ നമ്മൾ രണ്ടു പേരും പാട്ടുകളെ ഴുതുകയുണ്ടായല്ലൊ. ഫാസിൽ സംവിധാനം ചെയ്ത മറക്കില്ലൊരിക്കലും എന്ന സിനിമയിൽ താങ്കളുടെ വരികൾ എനിക്കോർമയുണ്ട്.
നക്ഷത്രങ്ങൾ മിന്നും
നയനങ്ങൾ രണ്ടിലും
നാണത്തിന്റെ പൂക്കൾ
ഒരു പൂ ഞാൻ ചോദിച്ചു.
സീറോ ബാബുവിന്റെ ഈണത്തിന്നനുസരിച്ചാണ് നമ്മൾ രണ്ടു പേരും വരികളെഴുതിയത്. ട്യൂണിന്നനുസരിച്ച് പാട്ടെഴുതുന്നതിൽ പ്രത്യേക മിടുക്ക് താങ്കൾക്കുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ അറിയാം: രഘുനാഥ് പലേരി എഴുതിയതോർക്കുന്നു: ഇളയരാജ മൂളിക്കൊണ്ടിരിക്കുന്നു, ബിച്ചു എഴുതിക്കൊണ്ടിരിക്കുന്നു, ചാത്തനും കുട്ടികളും ചുമരിലൂടെ നടന്നുകൊണ്ടിരിക്കുന്നു എല്ലാം അനായാസം.
രണ്ട് ചിത്രങ്ങളിൽ മാത്രം ഏതാനും പാട്ടുകൾ എഴുതാൻ കഴിഞ്ഞ എനിക്ക് താങ്കൾ ഒരത്ഭുതം തന്നെയായിരുന്നു. എന്നാൽ ചിരകാല സുഹൃത്തുക്കളെ പോലെയാണ് നാം അന്ന് ആ ദിവസം തലശ്ശേരിയിൽ കഴിച്ചുകൂട്ടിയത്. അന്ന് റഫി സാബിന്റെ ജന്മദിനമായിരുന്നു.എല്ലാവരും അദ്ദേഹത്തിന്റെ ചരമദിനം കൊണ്ടാടുമ്പോൾ അതിൽനിന്ന് വ്യത്യസ്തമായി ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിച്ച ചമ്പാടൻ വിജയനേയും തലശ്ശേരി റഫീഖിനെയും അഭിനന്ദിച്ചത് ജിതിൻ ശ്യാം ആയിരുന്നു.മുഹമ്മദ് റഫിയെക്കൊണ്ട് മലയാള ചിത്രത്തിൽ പാടിച്ച ഏക സംഗീത സംവിധായകൻ. തളിരിട്ട കിനാക്കൾ എന്ന ആ ചിത്രത്തിന്റ കഥയും തിരക്കഥയും ഗാനങ്ങളും എൻ്റേതായിരുന്നു, ഹിന്ദിയിലാണ് റഫി സാബ് അതിൽ പാടിയത്. മലയാള ഭാഷ പഠിക്കാതെ പാടില്ലെന്ന് ശഠിച്ച ആ ഗായകനെ ശ്ലാഘിക്കുകയാണ് താങ്കൾ ചെയ്തത്.
താങ്കൾ പറഞ്ഞു: 'മറുനാടൻ ഗായകർ പാടിയതൊക്കെ നാം കേട്ടിട്ടുള്ളതാണല്ലൊ. ഭാഷയോട് പൂർണ്ണമായി നീതി കാണിക്കാൻ എത്ര പേർക്ക് കഴിഞ്ഞു! റഫിയുടെ പെർഫെക്ഷനിസത്തെ നമ്മൾ അഭിനന്ദിക്കുകയാണ് വേണ്ടത്. കാരണം
തന്റെ കലയോടും തൊഴിലിനോടും അങ്ങേയറ്റം പ്രതിജ്ഞാബദ്ധനായ കലാകാരനായിരുന്നു റഫി. അദ്ദേഹത്തെ പോലൊരു വേഴ്‌സറ്റൈൽ പിന്നണി ഗായകനെ ഇന്ത്യ കണ്ടിട്ടില്ല'.
പ്രദർശനം, സെമിനാർ, ഗാനമേള തുടങ്ങി മൂന്ന് ദിവസത്തെ പരിപാടികളായിരുന്നു. മുഹമ്മദ് റഫിയുടെ ആദ്യത്തെ ജീവചരിത്രകാരൻ എന്നു പറഞ്ഞ ചമ്പാടൻ വിജയൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ താങ്കളെന്നെ അതിശയത്തോടെ നോക്കി.
ഞാൻ പറഞ്ഞു: അത് റഫി സാബിന്റെ പാട്ടുകളോടൊപ്പം പ്രസാധകന്റെ നിർബന്ധം കൊണ്ട് തട്ടിക്കൂട്ടിയ ഒരു ചെറു പുസ്തകമാണ്. ജീവചരിത്രമെന്ന് പറയാനാവില്ല.
അന്നേരം താങ്കൾ പറഞ്ഞു: 'എങ്കിൽ സമഗ്രമായ ഒരു ജീവചരിത്രം എഴുതണം. താങ്കൾക്കതിന്ന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലതാജിയെ കുറിച്ചുള്ള താങ്കളുടെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്'.
പിന്നീട് തിരുവനന്തപുരത്തേയ്ക്ക് വിളിക്കുമ്പോഴൊക്കെ ചോദിക്കുമായിരുന്നു: ആ പുസ്തകമെഴുതിയൊ? ഇക്കൊല്ലം മാതൃഭൂമി ബുക്‌സ് എന്റെ റഫിനാമ എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ഒരു കോപ്പി താങ്കൾക്കയച്ചു തരണമെന്ന് വിചാരിച്ചതാണ് എങ്കിലും മറന്നുപോയി. ക്ഷമിക്കുക സുഹൃത്തെ.
അന്ന് എന്റെ അളിയൻ റഊഫ് തലശ്ശേരിയിലെ തറവാട്ട് വീട്ടിൽ നിർബന്ധിച്ച് ഞങ്ങളെ മൂന്ന് പേരെയും സൽക്കരിച്ചു. തലശ്ശേരി ബിരിയാണിയുടെ രുചിയെ കുറിച്ച് തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത് വരെ താങ്കൾ പറഞ്ഞുകൊണ്ടിരുന്നു.
ഒരൊറ്റ ദിവസംകൊണ്ട് നമ്മൾ ചിരകാല സുഹൃത്തുക്കളെ പോലെയായി.
ബിച്ചു ഭായ്, താങ്കളുടെ ഗാനങ്ങളെക്കുറിച്ച് ഒന്നും എഴുതിയില്ല. അവയെല്ലാം അത്ര മാത്രം പോപ്പുലറാണല്ലൊ. മലയാളിയുള്ള കാലത്തോളം ഓർമിക്കുന്ന ഗാനങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."