നീതിക്കായി തെരുവിലിറങ്ങേണ്ട അവസ്ഥ
ഇന്നലെ ഭരണഘടനാദിനമായിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും രാവിലെ 11ന് ഭരണഘടനയുടെ ആമുഖം വായിക്കുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിച്ചത്. "ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്താനും..." എന്നിങ്ങനെ തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നത് ഭരണകൂടങ്ങൾ തന്നെയാണ്. ഇന്ത്യയുടെ പരമോന്നത നിയമമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഇന്നലെ അതു വായിച്ച പൊലിസ് സ്റ്റേഷനുകളിലും ഓർക്കണം. ഹൃദയത്തിൽ തൊട്ടായിരുന്നു വായിച്ചിരുന്നതെങ്കിൽ ഭരണഘടനയുടെ ആത്മാവ് എന്ന് പറയപ്പെടുന്ന ആമുഖത്തോടെങ്കിലും കേരളത്തിലെ ഭരണകൂടവും പൊലിസും നീതി പുലർത്തുന്നുവെന്ന് കരുതാമായിരുന്നു. ഇന്ത്യൻ ഭരണഘടന ജാതി, മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾക്ക് തുല്യനീതി ഉറപ്പാക്കുന്നു. അതാണോ ഇവിടെ സംഭവിക്കുന്നത്. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങൾക്കും ദലിതർക്കും സ്ത്രീകൾക്കും പൊലിസ് സ്റ്റേഷനുകളിൽനിന്ന് നീതി കിട്ടുന്നുണ്ടോ?.
അധരം കൊണ്ട് വായിച്ചു തള്ളുന്നതിന് അപ്പുറം ഭരണഘടനയുടെ ഉള്ളടക്കം ഉൾക്കൊണ്ടാണ് ഭരണാധികാരികൾ സംസ്ഥാനമോ, രാജ്യമോ ഭരിക്കുന്നതെങ്കിൽ മനുഷ്യർ നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നു. പൗരന്മാർക്കെതിരേ കടുത്ത നീതിനിഷേധമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നീതിക്കു വേണ്ടിയാണ് ഇന്ത്യൻ കർഷകർ ഒരു വർഷക്കാലം നീണ്ടുനിന്ന സഹനസമരം രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ നടത്തിയത്. ഭരണഘടനയുടെ ആമുഖം എല്ലാ സംസ്ഥാന ഓഫിസുകളിലും വായിക്കാൻ നിഷ്കർഷിച്ച കേന്ദ്ര സർക്കാർ അത് ഉൾക്കൊണ്ടിരുന്നുവെങ്കിൽ ഭാരതത്തെ അന്നമൂട്ടുന്ന കർഷകനെ ഒരു വർഷം തെരുവിൽ കിടക്കാൻ അനുവദിക്കില്ലായിരുന്നു.
ജനങ്ങളുടെ സുരക്ഷയ്ക്കും നിർഭയമായി ജീവിക്കാനും വേണ്ടിയാണ് ഭരണഘടനാ നിയമങ്ങൾ ആവിഷ്കരിച്ചത്. നിയമങ്ങളുടെയും നീതിയുടെയും കാവലാളുകൾ ആകേണ്ട ഭരണകൂടങ്ങളാകട്ടെ അതിന്റെ അന്തകരാകുന്ന കാഴ്ചയാണ് ഈ കെട്ട കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമുദായങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും ഒരുപോലെ നീതിയും നിയമവും നിഷേധിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. മുസ് ലിംകൾക്ക് മാത്രം സംവരണം ചെയ്യപ്പെട്ട സ്കോളർഷിപ്പ് പദ്ധതി നീതി നിഷേധത്തിലൂടെ സർക്കാർ അട്ടിമറിച്ചു. വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.എസിക്ക് വിടാനൊരുങ്ങി മറ്റൊരു നീതിനിഷേധത്തിനു കളമൊരുക്കിക്കൊണ്ടിരിക്കുന്നു. ഈ നീതി നിഷേധങ്ങൾ സർക്കാരിന്റെ നേരിട്ടുള്ള കാർമികത്വത്തിലാണ് നടക്കുന്നതെങ്കിൽ പൊലിസിൽനിന്നു സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പൗരന്മാർക്കു ഉണ്ടായിക്കൊണ്ടിരിക്കുന്നത് നീതിനിഷേധത്തിന്റെ പരമ്പരകളാണ്. പ്രതിസ്ഥാനത്ത് വരുന്ന സ്ഥാപന മേധാവികളെയും പൊലിസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും അവർക്ക് കവചമൊരുക്കുന്നു. പാവങ്ങളും ദരിദ്രരുമായ പൗരന്മാർക്ക് പല പൊലിസ് സ്റ്റേഷനുകളിൽ നിന്നും നീതി കിട്ടുകയെന്നത് അസംഭവ്യമായി മാറുകയാണ്.
മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ ഇഷ്ടക്കാരായി അഭിനയിച്ച് പൗരന്മാർക്ക് നീതി നിഷേധിച്ചും കൈക്കൂലി വാങ്ങിയും ഭരണത്തിലിരിക്കുന്ന മുഖ്യ പാർട്ടിയെ സുഖിപ്പിച്ചും വിരാജിക്കുന്ന അഴിമതിക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാനോ, അവരെ നിലയ്ക്കു നിർത്താനോ ഭരണകൂടത്തിനാവുന്നില്ല. ഭർത്താവ് കൊല്ലാനായി കൊണ്ടുവന്ന പാമ്പിൻ്റെ കടിയേറ്റ് മരിച്ച ഉത്രയുടെ ദയനീയ അന്ത്യത്തിനു ശേഷം കേരള മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ രണ്ട് സംഭവങ്ങളാണ് നൊന്തുപെറ്റ കുഞ്ഞിനെ തിരികെ കിട്ടാനായി അനുപമ എന്ന അമ്മ നടത്തിയ ഒറ്റയാൾ പോരാട്ടവും ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നുള്ള മോഫിയ പർവീൻ എന്ന നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയും.
അനുപമയുടെ കാര്യത്തിൽ സി.പി.എമ്മും ഭരണകൂടവും ഒറ്റക്കെട്ടായി നിന്നാണ് പാവം സ്ത്രീക്കെതിരേ നീതി നിഷേധത്തിന്റെ ശൃംഖല തീർത്തത്. അനധികൃത ദത്തിന് നേതൃത്വം നൽകിയ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ് ഷിജുഖാനെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സി.പി.എം നേതൃത്വവും ഭരണകൂടവും തുടക്കം മുതലേ സ്വീകരിച്ചുവന്നത്. ഒരേസമയം കുട്ടികളില്ലാത്ത ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്കും അനുപമക്കും നീതി നിഷേധിക്കുകയായിരുന്നു ശിശുക്ഷേമ സമിതി. ഒടുവിൽ നീതിക്കു വേണ്ടി തെരുവിൽ ഇറങ്ങേണ്ടിവന്നു അനുപമയ്ക്ക്.
ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു നിയമ വിദ്യാർഥിനി മോഫിയ പർവീനിന് ജീവനൊടുക്കേണ്ടി വന്നത്. ഗാർഹിക പീഡനത്തെക്കുറിച്ച് ഒരു മാസം മുമ്പ് തന്നെ ആലുവ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലിസ് നടപടിയെടുത്തിരുന്നില്ല. ഭർത്താവിനെയും ഭർതൃകുടുംബത്തെയും ന്യായീകരിക്കുന്ന നിലപാടായിരുന്നു കേസിൽ ആലുവ സി.ഐ സുധീർ സ്വീകരിച്ചത്. ഉത്രാ വധക്കേസിൽ പ്രതിയായ ഭർത്താവിനും ഭർതൃകുടുംബത്തിനും അനുകൂലമായ നിലപാടായിരുന്നു ഈ പൊലിസ് ഉദ്യോഗസ്ഥൻ സ്വീകരിച്ചതെന്ന പരാതി നേരത്തെയുള്ളതാണ്.
പൊലിസ് സ്റ്റേഷനിൽ ഭർത്താവിന്റെ കുടുംബത്തിന് മുമ്പിൽ വച്ച് സി.ഐ സുധീർ മോഫിയയെ അധിക്ഷേപിച്ച് സംസാരിച്ചതായും പരാതിയുണ്ട്. ഈ അപമാനവും നീതിനിഷേധവും താങ്ങാനാവാതെയാണ് അവർ വീട്ടിലെത്തിയ ശേഷം ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണാകുറ്റത്തിന് സുധീറിനെതിരേ കേസെടുക്കേണ്ടതിനു പകരം അയാളെ സംരക്ഷിച്ച് നീതിനിഷേധത്തിന് സർക്കാർ കൂട്ടുനിൽക്കുകയും ചെയ്തു. മോഫിയയുടെ സഹപാഠികളുടെ സമരം രൂക്ഷമാകുമെന്ന് കണ്ടാണ് വൈകിയ വേളയിലെങ്കിലും സുധീറിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ സന്നദ്ധമായത്. ഈ പൊലിസ് ഉദ്യോഗസ്ഥനെതിരേ പരാതി നൽകാനെത്തിയ മോഫിയയുടെ സഹപാഠികളായ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് മറ്റൊരു നീതിനിഷേധത്തിനും നാന്ദികുറിക്കുകയുമുണ്ടായി.
താമരശേരിയിൽ സ്ത്രീയെ വളർത്തുനായയിൽനിന്ന് രക്ഷിച്ച നാട്ടുകാർക്കെതിരേയാണ് പൊലിസ് കേസെടുത്തത്. നായയുടെ ഉടമയെ പറഞ്ഞുവിടുകയും ചെയ്തു. സാധാരണ ജനങ്ങൾക്ക് നീതിയും നിയമവും നിഷേധിക്കുന്ന കാര്യത്തിൽ സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളും ഒരേ തൂവൽ പക്ഷികളാണെന്നാണ് ഇത്തരം സംഭവങ്ങൾ എടുത്തുകാണിക്കുന്നത്. എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുമെന്ന ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണകൂടം സ്വയം വഞ്ചിക്കുകയാണ്. നീതിയും നിയമ പരിരക്ഷയും കിട്ടാൻ സാധാരണ പൗരൻ തെരുവിൽ പോരാടേണ്ടി വരികയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."