പുതിയ കൊവിഡ് വകഭേദം യാത്രാ നിരോധനത്തിന് നിർദേശം നൽകി രാജ്യങ്ങൾ; ദക്ഷിണാഫ്രിക്ക വീണ്ടും പ്രതിസന്ധിയിൽ
കേപ് ടൗൺ
പുതിയ കൊവിഡ് വകഭേദമായ ബി.1.1.529 കണ്ടെത്തിയതോടെ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന ദക്ഷിണാഫ്രിക്ക വീണ്ടും പ്രതിസന്ധിയിൽ. ബ്രിട്ടൻ, ജർമനി, സിങ്കപ്പൂർ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇവിടെനിന്നുള്ള വിമാന യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യത്ത് വേനലവധി തുടങ്ങാനിരിക്കുകയാണ്. ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമാണിത് സൃഷ്ടിക്കുക. ഒന്നരവർഷമായി അതിർത്തികൾ അടച്ചതിനാലും ലോക്ക്ഡൗണും മൂലം തകർന്ന ടൂറിസം മേഖല പതിയെ കരകയറി വരുകയായിരുന്നു.
ബ്രിട്ടനും മറ്റ് അഞ്ചു അയൽരാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് നിർത്തിവച്ചിരിക്കുകയാണ്. യൂറോപ്യൻ യൂനിയൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്ര വിലക്കുന്നത് പരിഗണിച്ചുവരുകയാണ്.
ദക്ഷിണാഫ്രിക്കയ്ക്കു പുറമെ ആഫ്രിക്കൻ രാജ്യങ്ങളായ ബോട്ട്‌സ്വാന, എസ്വാറ്റിനി, ലെസോതോ, മൊസാംബിക്, നമീബിയ, സിംബാബ് വെ എന്നിവയിൽ പുതിയ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെനിന്നുള്ള യാത്രയ്ക്കും യൂറോപ്യൻ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ആഫ്രിക്കൻ കൊവിഡ് ഇസ്‌റാഈലിലും
ടെൽഅവീവ്
അതിവേഗം സംക്രമിക്കുന്ന കൊവിഡ് വകഭേദമായ ബി 1.1.529 ഇസ്‌റാഈലിൽ കണ്ടെത്തി. വിദേശത്തുനിന്നെത്തിയ മൂന്നുപേരിലാണ് രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിലൊരാൾ മലാവിയിൽനിന്ന് തിരിച്ചെത്തിയതാണ്. മൂവരും വാക്‌സിനെടുത്തവരാണെന്നും ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 90 ലക്ഷം ജനസംഖ്യയുള്ള ഇസ്‌റാഈലിൽ 57 ലക്ഷംപേർക്കും വാക്‌സിൻ കുത്തിവച്ചിട്ടുണ്ട്.ആഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ഹോങ്കോങ്ങിലെത്തിയ രണ്ടു യാത്രക്കാരിലും കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരു യാത്രക്കാരിയിലും അവരുടെ എതിർഭാഗത്തുള്ള ഹോട്ടൽറൂമിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഒരാളിലുമാണ് രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെ രോഗാണു സംക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.
പുതിയ വകഭേദം
യൂറോപ്പിലും
ബ്രസൽസ്
പുതിയ കൊവിഡ് വകഭേദമായ ബി.1.1.529നെ ഭയന്ന് ബ്രിട്ടനും ജർമനിയുമടക്കമുള്ള രാജ്യങ്ങൾ യാത്രാ വിലക്കേർപ്പെടുത്തിയെങ്കിലും അതിവേഗം പടരുന്ന വൈറസ് യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലെത്തി. വിദേശത്തു നിന്നെത്തിയ വാക്‌സിനെടുക്കാത്തയാളിലാണ് വൈറസ് കണ്ടെത്തിയതെന്ന് ബെൽജിയം ആരോഗ്യ മന്ത്രി ഫ്രാങ്ക് വാൻഡൻബ്രൂക് അറിയിച്ചു. ഈമാസം 11ന് ഈജിപ്തിൽനിന്ന് മടങ്ങിയെത്തിയയാളിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."