ഒമിക്രോണ്‍ ജാഗ്രത കേരളത്തിലും; കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ കൊവിഡ് വകഭേദം കണ്ടെത്തിയതോടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേരളവും. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് ജാഗ്രത നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എയര്‍പോര്‍ട്ട് സര്‍വൈലന്‍സ് ശക്തമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതനുസരിച്ചുള്ള ജാഗ്രതാ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയശേഷമാണ് വിദേശരാജ്യത്തു നിന്നും യാത്രക്കാര്‍ നാട്ടിലെത്തുന്നത്. എന്നാല്‍ നാട്ടിലെത്തിയശേഷവും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണം. കൂടാതെ കേന്ദ്ര നിര്‍ദേശപ്രകാരമുള്ള കര്‍ശന ക്വാറന്റീന്‍ മാനദണ്ഡങ്ങളും പാലിക്കണം. ഇത് ശക്തമായി നടപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കാജനകമായ വകഭേദമാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
വൈറസിന്റെ ജനിതകശ്രേണീകരണം നിലവില്‍ നടത്തിവരുന്നുണ്ട്. സംശയമുള്ള വിഭാഗങ്ങള്‍ അടക്കം ഓരോ തലത്തിലും ഐഡന്റിഫൈ ചെയ്താണ് സാംപിള്‍ എടുക്കുന്നത്. നിലവില്‍ പുതിയ വൈറസ് വകഭേദങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ കണ്ടെത്തിയിട്ടില്ല. ഇസ്രായേലിലും ഇംഗ്ലണ്ടിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വകഭേദമുള്‍പ്പെടെ ഒന്നും കേരളത്തില്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും നിരന്തര ജനിതകശ്രേണീകരണ പരിശോധനകള്‍ തുടരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."