ആർ.എസ്.എസിനെതിരേ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണം: കോടിയേരി സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ എറണാകുളത്ത്
തിരുവനന്തപുരം
സി.പി.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റതിനു പിന്നാലെ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ ആർ.എസ്.എസിനെതിരേ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സി.പി.എമ്മിൻ്റെ 20 പ്രവർത്തകർ കൊലചെയ്യപ്പെട്ടു. ഇതിൽ 15 പേരെയും കൊലപ്പെടുത്തിയത് ബി.ജെ.പി ആർ.എസ്.എസ് സംഘമാണ്. ഇതിനകം കേരളത്തിൽ ആർ.എസ്.എസിൻ്റെ കൊലക്കത്തിക്കിരയായത് 215 സി.പി.എമ്മുകാരാണ്. ആർ.എസ്.എസിന്റെ പ്രകോപനത്തിൽ പെട്ടുപോകാതെ ആത്മസംയമനം പാലിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. പത്തനംതിട്ടയിൽ വിവിധ പ്രദേശത്ത് പ്രത്യേകമായി പരിപാടി സംഘടിപ്പിക്കും.
സി.പി.എം ദേശവ്യാപകമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഡിസംബർ ഏഴിന് കേരളത്തിലെ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യമുയർത്തി പ്രക്ഷോഭം സംഘടിപ്പിക്കും.ആർ.എസ്.എസുകാർ മതന്യൂനപക്ഷങ്ങൾക്കെതിരായും പട്ടികജാതി, പട്ടികവർഗ ജനവിഭാഗത്തിനെതിരായും ദേശവ്യാപകമായി അക്രമം നടത്തുകയാണ്. ഉത്തർ പ്രദേശിൽ മുസ് ലിംകൾക്കെതിരായ അക്രമങ്ങൾ വർധിച്ചുവരുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ ചില കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് സി.ബി.ഐ പ്രവർത്തിക്കുന്നത്. പ്രതിയാക്കപ്പെട്ടു എന്നുകരുതി ആരും കുറ്റവാളിയാകില്ല. ഇത്തരം നീക്കങ്ങൾ സി.ബി.ഐയുടെ അന്വേഷണ മികവിൽ മങ്ങലേൽപ്പിക്കുന്നുണ്ട്. തെറ്റായ അന്വേഷണത്തെയാണ് സി.പി.എം എതിർക്കുന്നത്. ശരിയായ അന്വേഷണത്തെ എതിർക്കില്ല. സി.പി.എം ജില്ലാ സമ്മേളനങ്ങൾ ഈ മാസം പത്ത് മുതൽ നടക്കും. ഡിസംബർ, ജനുവരി മാസങ്ങളിലായി എല്ലാ ജില്ലകളിലെയും സമ്മേളനങ്ങൾ പൂർത്തിയാകും. മാർച്ച് ഒന്നു മുതൽ നാലു വരെ എറണാകുളത്ത് സംസ്ഥാന സമ്മേളം നടക്കുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."