HOME
DETAILS

ക്രിപ്‌റ്റോകറൻസികളുടെ ഭാവി

  
backup
December 06 2021 | 20:12 PM

45325432-263

ഡോ. എൻ.പി അബ്ദുൽ അസീസ്


ക്രിപ്‌റ്റോ മാർക്കറ്റിന്റെ ജനപ്രീതിയും ക്രിപ്‌റ്റോകറൻസികളുടെ നിയന്ത്രണാതീതമായ എണ്ണവും കാരണം ലോകമെമ്പാടുമുള്ള സർക്കാരുകൾ വലിയ ആശങ്കയാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്രിപ്‌റ്റോകറൻസി എന്നത് കറൻസിയുടെ ഒരു ഡിജിറ്റൽ രൂപമാണ്, ശക്തമായ ക്രിപ്‌റ്റോഗ്രഫിയുള്ള ഓൺലൈൻ ലെഡ്ജർ ഉപയോഗിച്ചാണ് ഇടപാടുകളും ഉടമസ്ഥതയുടെ കൈമാറ്റവും സുരക്ഷിതമാക്കുന്നത്. നിയുക്ത സോഫ്റ്റ്‌വെയർ, മൊബൈൽ അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനുകൾ വഴിയാണ് ഇത് സംഭരിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്യുന്നത്. നാമെല്ലാവരും ദിവസവും ഉപയോഗിക്കുന്ന പരമ്പരാഗത കറൻസിയിൽനിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന ഒന്നാണ് ക്രിപ്‌റ്റോകറൻസികൾ. ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം, ഇത് നമ്മുടെ പോക്കറ്റിൽ സൂക്ഷിക്കാൻ കഴിയുന്ന നാണയങ്ങളുടെയോ നോട്ടുകളുടെയോ രൂപത്തിലല്ല നിലനിൽക്കുന്നത് എന്നതാണ്. മറിച്ച് അതൊരുതരം സാങ്കൽപ്പിക (വെർച്വൽ) കറൻസിയാണ്. ഒരു സെൻട്രൽബാങ്കോ ഗവൺമെന്റോ നിയന്ത്രിക്കുന്നതിനുപകരം, അതിന്റെ 'ഡെവലപ്പർമാർ' വിതരണം ചെയ്യുന്നതും നിയന്ത്രിക്കുന്നതും, പ്രത്യേക വെർച്വൽ കമ്യൂണിറ്റിയിലെ അംഗങ്ങൾക്കിടയിൽ സമർപ്പിത നെറ്റ്‌വർക്കുകൾ വഴി ഉപയോഗിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒന്നാണ്.


ബ്ലോക്ക്‌ചെയിൻ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്രിപ്‌റ്റോകറൻസികൾ പ്രവർത്തിക്കുന്നത്. ഇത് ഇടപാടുകളിലെ തട്ടിപ്പുകൾ ഒഴിവാക്കാനും സുതാര്യത കൊണ്ടുവരാനും കഴിവുള്ള വിപ്ലവാത്മകമായ ഒന്നാണ്. ഇടപാടുകൾ നിയന്ത്രിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന നിരവധി കംപ്യൂട്ടറുകളിൽ വ്യാപിച്ചുകിടക്കുന്ന വികേന്ദ്രീകൃതവും സുരക്ഷിതവുമായ വിദ്യയാണിത്. പിയർ-ടു-പിയർ (നെറ്റ്‌വർക്കിൽ ഫയലുകൾ സംഭരിക്കുകയും പങ്കിടുകയും ചെയ്യുന്ന ഒരു കൂട്ടം ഉപകരണങ്ങൾ) നെറ്റ്‌വർക്കിലൂടെ നടക്കുന്ന എല്ലാ മൂല്യ കൈമാറ്റ ഇടപാടുകളും റെക്കോർഡുചെയ്യുന്നതിനും അവയുടെ ട്രാക്ക് സൂക്ഷിക്കുന്നതിനുമുള്ള പ്രത്യേകതരം വികേന്ദ്രീകൃത പൊതുലെഡ്ജറാണിത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, പങ്കാളികൾക്ക് ഒരു കേന്ദ്ര ക്ലിയറിങ് അതോറിറ്റിയുടെ ആവശ്യമില്ലാതെ ഇടപാടുകൾ സ്ഥിരീകരിക്കാൻ കഴിയും.


സാധാരണ ചരക്കുകളും സേവനങ്ങളും വാങ്ങാൻ നമുക്ക് ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കാം, എന്നിരുന്നാലും പലരും സ്റ്റോക്കുകൾ പോലുള്ള ആസ്തികളിൽ നിക്ഷേപിക്കുന്നതുപോലെയാണ് ഇതിൽ നിക്ഷേപിക്കുന്നത്. അതൊരു നവീനവും ആവേശകരവുമായ നിക്ഷേപമാണെങ്കിലും, അതെങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പൂർണമായി മനസ്സിലാക്കാതെ വാങ്ങുന്നത് അപകടകരമായിരിക്കും. ഏറ്റവും ജനപ്രിയമായ ബിറ്റ്‌കോയിൻ, എതേറിയം എന്നിവ നമുക്ക് പരിചിതമായിരിക്കാം. എന്നാൽ അയ്യായിരത്തിലധികം വ്യത്യസ്ത ക്രിപ്‌റ്റോകറൻസികൾ മാർക്കറ്റിൽ പ്രചാരത്തിലുള്ളതായി കാണാം.
ബിറ്റ്‌കോയിനാണ് ആദ്യമായി സ്ഥാപിതമായ ക്രിപ്‌റ്റോകറൻസി. എന്നാൽ എൻക്രിപ്ഷൻ (മറ്റുള്ളവർക്ക് മനസിലാകാത്ത വിധത്തിൽ രഹസ്യ കോഡ്) വഴി സുരക്ഷിതമാക്കിയ ലെഡ്ജറുകൾ ഉപയോഗിച്ച് ഓൺലൈൻ കറൻസികൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനുമുമ്പും നടന്നിട്ടുണ്ട്. 2008ൽ 'സതോഷി നകമോട്ടോ' എന്ന ഓമനപ്പേരിൽ ഒരു അജ്ഞാത വ്യക്തി എഴുതിയ ഒരു ധവളപത്രത്തിലാണ് ബിറ്റ്‌കോയിൻ എന്ന ആശയം ഉടലെടുത്തത്. ബിറ്റ്‌കോയിന്റെ പരമാവധി വിതരണം 21 ദശലക്ഷമാണ്. ഇമെയിലിനു പിന്നിലെ സാങ്കേതികവിദ്യ ആരും സ്വന്തമാക്കാത്തതുപോലെ ബിറ്റ്‌കോയിൻ നെറ്റ്‌വർക്ക് ആരും സ്വന്തമാക്കിയിട്ടില്ല. ലോകമെമ്പാടുമുള്ള എല്ലാ ബിറ്റ്‌കോയിൻ ഉപയോക്താക്കളാണ് ബിറ്റ്‌കോയിൻ നിയന്ത്രിക്കുന്നത്. പ്രവർത്തനപരമായി, മിക്ക ക്രിപ്‌റ്റോകറൻസികളും ബിറ്റ്‌കോയിന്റെ വ്യതിയാനങ്ങളാണ്. എന്നാൽ പിന്നീട് സൃഷ്ടിക്കപ്പെട്ട ആയിരക്കണക്കിന് ക്രിപ്‌റ്റോകറൻസികളിൽ ഏറ്റവും മൂല്യവത്തായതും ജനപ്രീതിയുള്ളതും സാധാരണയായി നിക്ഷേപിക്കാൻ തെരഞ്ഞെടുക്കുന്നതുമായ ഒന്നാണ് ബിറ്റ്‌കോയിൻ.


എന്തുകൊണ്ടാണ് ക്രിപ്‌റ്റോകറൻസികൾ ഇത്രമാത്രം ജനപ്രിയവും ആകർഷകവുമായത്? ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസി ഭാവിയിലെ കറൻസിയായി അംഗീകരിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് അവയുടെ മൂല്യം വർധിക്കുന്നതിനുമുമ്പ് വാങ്ങാൻ ശ്രമിക്കുന്നു. പരമ്പരാഗത പേയ്‌മെന്റ് സംവിധാനങ്ങളേക്കാൾ സുരക്ഷിതവും സുതാര്യവുമായ ബ്ലോക്ക്‌ചെയിൻ എന്ന വികേന്ദ്രീകൃത സാങ്കേതികവിദ്യയാണ് മറ്റൊരാകർഷണം. അതുപോലെ ക്രിപ്‌റ്റോകറൻസികളിലെ മൂല്യ വ്യതിയാനങ്ങളിലൂടെ ലഭിക്കുന്ന ലാഭമാണ് മറ്റൊന്ന്. ചില നിക്ഷേപകർ ഇതിനെ അവരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഒരു നല്ല മാർഗമായി കാണുന്നു. ഈ കറൻസികളിൽ കേന്ദ്രബാങ്കുകളുടെയോ സർക്കാരുകളുടെയോ നിയന്ത്രണമില്ലാത്തതിനാൽ ഒരു പ്രത്യേക രാജ്യത്തിൻ്റെ പ്രശ്‌നങ്ങളെ ബാധിക്കാതെ ക്രിപ്‌റ്റോകറൻസികളുടെ സ്ഥിരത നിലനിർത്താൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വളരെ കുറഞ്ഞ ഫീസുകളോടെ എളുപ്പത്തിൽ ലഭിക്കുന്നതും, ഉപയോഗിക്കാവുന്നതും കൈമാറ്റം ചെയ്യാവുന്നതുമായ ഒന്നാണ് ഇതെന്നതാണ് മറ്റൊരാകർഷണം.


ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി നിക്ഷേപം അനുവദനീയമാണോ എന്നതിനെക്കുറിച്ചുള്ള നിയമപരമായ അവ്യക്തത നിലനിൽക്കെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ക്രിപ്‌റ്റോനിക്ഷേപകരുള്ള രാജ്യവും ഏകദേശം 10.07 കോടി ക്രിപ്‌റ്റോ ഉടമകളുടെ ആവാസ കേന്ദ്രവുമാണ് ഇന്ത്യ. ക്രിപ്‌റ്റോ ഉടമകളുടെ ഒരു വലിയ അടിത്തറയുണ്ടായിരുന്നിട്ടും, മൊത്തം ജനസംഖ്യയുടെ ശതമാനമായി ക്രിപ്‌റ്റോ ഉടമകളുടെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ ജനസംഖ്യയുടെ ഏതാണ്ട് 7.30 ശതമാനം പേർക്കും ക്രിപ്‌റ്റോ നാണയങ്ങളുണ്ട്. മൊത്തം ജനസംഖ്യയുടെ 12.73 ശതമാനം ക്രിപ്‌റ്റോ കൈവശമുള്ള ഉക്രെയ്‌നാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. റഷ്യ (11.91 ശതമാനം), കെനിയ (8.52 ശതമാനം), യു.എസ് (8.31 ശതമാനം) എന്നിവയാണ് ഇന്ത്യയുടെ മുന്നിലുള്ള മറ്റുരാജ്യങ്ങൾ. ക്രിപ്‌റ്റോ മാർക്കറ്റ് മെട്രോനഗരങ്ങളിൽനിന്ന് മാത്രമല്ല, രാജ്യത്തുടനീളം ഉയർന്ന വ്യാപാര വ്യാപനത്തിന് ഇന്ത്യ സാക്ഷ്യംവഹിക്കുന്നു. പാൻഡെമിക് വീണ്ടെടുക്കലിനൊപ്പം, റീട്ടെയിൽ, സ്ഥാപനനിക്ഷേപകർ പണപ്പെരുപ്പത്തെ മറികടക്കാനും അവരുടെ നിക്ഷേപത്തിൽനിന്നുള്ള ഉയർന്ന വരുമാനത്തിനുമുള്ള ഉപാധിയായി ക്രിപ്‌റ്റോകറൻസികൾ മാറിയിരിക്കുകയാണ്.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2013ലാണ് ആദ്യമായി വെർച്വൽ കറൻസികളുടെ സാമ്പത്തികമായും പ്രവർത്തനപരമായും നിയമപരമായും ഉപഭോക്തൃ സംരക്ഷണ, സുരക്ഷയുമായുമുള്ള അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. 2017 അവസാനത്തോടെ, വെർച്വൽ കറൻസികൾ നിയമപരമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആർ.ബി.ഐയും ധനമന്ത്രാലയവും വീണ്ടും മുന്നറിയിപ്പ് നൽകി. അതേസമയം, ക്രിപ്‌റ്റോകറൻസികൾ വാങ്ങുന്നതും വിൽക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പൊതുതാൽപ്പര്യ വ്യവഹാരങ്ങൾ (പിഐഎൽ) സുപ്രിംകോടതിയിൽ സമർപ്പിക്കപ്പെട്ടു. നവംബറിൽ, വെർച്വൽ കറൻസികളെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങൾ പഠിക്കാനും നടപടികൾ നിർദേശിക്കാനും സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. 2018 മാർച്ചിൽ, സെൻട്രൽ ബോർഡ് ഓഫ് ഡയരക്ട് ടാക്‌സ് (CBDT) വെർച്വൽ കറൻസികൾ നിരോധിക്കുന്നതിനുള്ള ഒരു കരട് പദ്ധതി ധനമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഒരു മാസത്തിനുശേഷം, വെർച്വൽ കറൻസി എക്‌സ്‌ചേഞ്ചുകൾക്കും അതുപോലെ ആസ്തികളുടെ ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽനിന്ന് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തടഞ്ഞുകൊണ്ട് ആർ.ബി.ഐ നിയന്ത്രണം കൊണ്ടുവന്നു. എന്നാൽ ആ നിയന്ത്രണം 2020 മാർച്ചിൽ സുപ്രിംകോടതി നീക്കം ചെയ്തു.


പിന്നീട്, 2021 നവംബറിൽ, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ ജയന്ത്‌ സിൻഹ, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ, ബ്ലോക്ക്‌ചെയിൻ, ക്രിപ്‌റ്റോ അസറ്റ്‌സ് കൗൺസിൽ (BACC) എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അതിന്റെ അടിസ്ഥാനത്തിൽ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കേണ്ടതില്ലെന്നും നിയന്ത്രിക്കേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി. ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമായതിനാൽ ക്രിപ്‌റ്റോകറൻസികളിൽ ഒരു നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പിന്നീട് പാർലമെന്റിനെ അറിയിച്ചു.


ക്രിപ്‌റ്റോകറൻസി 'അപകടസാധ്യതയുള്ള മേഖല'യാണെന്നും രാജ്യത്ത് ബിറ്റ്‌കോയിനെ കറൻസിയായി അംഗീകരിക്കാനാവില്ലെന്നും നിർമല സീതാരാമൻ രാജ്യസഭയിൽ പ്രസ്താവിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും മാക്രോഇകണോമിക് സ്ഥിരതയ്ക്കും ക്രിപ്‌റ്റോകറൻസികൾ ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ആർ.ബി.ഐയും അഭിപ്രായപ്പെട്ടു. അതിനാൽ 'ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021' എന്ന പേരിൽ പാർലമെന്റിൽ ബിൽ പാസാക്കാനിരിക്കയാണ്. നിർദിഷ്ട ക്രിപ്‌റ്റോകറൻസി ബില്ലിലെ കാബിനറ്റ് കുറിപ്പ് പ്രകാരം ഒരു ആസ്തിയെന്നനിലയിൽ സമ്പാദ്യം വളർത്തുന്നതിനു ക്രിപ്‌റ്റോകറൻസികളെ അംഗീകരിച്ചേക്കുമെന്നാണു വിലയിരുത്തൽ. അതേസമയം പേയ്‌മെന്റുകൾക്കായി ക്രിപ്‌റ്റോകറൻസികളെ പരിഗണിക്കില്ലെന്നും റിപ്പോർട്ടുണ്ട്. കൂടാതെ നിരോധിക്കുന്നതിനു പകരം സ്വകാര്യ ക്രിപ്‌റ്റോകറൻസിയെ നിയന്ത്രിക്കാനാണ് പദ്ധതിയിടുന്നത്. വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ക്രിപ്‌റ്റോ റെഗുലേറ്ററായി നിയമിക്കാനും സാധ്യതയുണ്ട്. ആർ.ബി.ഐയുടെ ഔദ്യോഗിക ക്രിപ്‌റ്റോകറൻസികൾ (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) പുറത്തിറങ്ങാനിരിക്കുകയാണ്. കറൻസി ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടുത്തുന്നതിനായി 'ബാങ്ക് നോട്ടിന്റെ' നിർവചനത്തെ വിപുലീകരിക്കുന്നതിന് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിൽ ഭേദഗതിവരുത്താൻ സർക്കാർ പദ്ധതിയിടുന്നു. പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് കുറച്ച് ഉയർന്ന ലാഭം നേടുക, സെറ്റിൽമെന്റ് റിസ്‌ക് കുറയ്ക്കുക, കൂടുതൽ ശക്തവും കാര്യക്ഷമവും വിശ്വസനീയവും നിയന്ത്രിതവും നിയമാനുസൃതവുമായ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെയായിരിക്കാം ആർ.ബി.ഐ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത് എന്ന് വിചാരിക്കാം. വിപണികളിൽ ഈ കറൻസികൾക്കു മുൻതൂക്കം നൽകാനായിരിക്കാം സ്വകാര്യകറൻസികളിലെ വരാനിരിക്കുന്ന നിയന്ത്രണങ്ങളെന്നും പ്രത്യാശിക്കാം.

(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ്
ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  37 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago