രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരേ സർക്കാർ അപ്പീലിന്
സ്വന്തം ലേഖകൻ
കൊച്ചി
അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനിയറായി നിയമനം നൽകിയത് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സർക്കാർ അപ്പീൽ നൽകും.
ആശ്രിത നിയമനം സർക്കാരിന്റെ അധികാരമാണെന്ന സുപ്രിംകോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് നിയമ മന്ത്രി പി. രാജീവ് അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. അതിക്രമത്തിനിരകളായി മരിക്കുന്ന പട്ടികവിഭാഗക്കാരുടെ ആശ്രിതർക്ക് മന്ത്രിസഭാ തീരുമാനപ്രകാരം ജോലി നൽകുന്നുണ്ടെന്നും പ്രത്യേക പരിഗണന നൽകി ആശ്രിത നിയമനം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നുമാണ് അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടാൻ പോകുന്നത്.
മുൻ എം.എൽ.എയുടെ മകന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
നിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം നിയമനങ്ങൾ അംഗീകരിക്കുന്നത് സർക്കാരിനെ കയറൂരിവിടുന്നതിന് തുല്യമാകുമെന്നും പറഞ്ഞിരുന്നു.
സർക്കാർ സർവിസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കു മാത്രമേ ചട്ടപ്രകാരം സർക്കാർ വകുപ്പുകളിൽ നിയമനം നൽകാനാവൂ.
മരിച്ചയാൾ ജോലി ചെയ്തിരുന്ന വകുപ്പിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികകളിൽ നിലവിലുള്ളതോ അടുത്ത് ഉണ്ടാകാവുന്നതോ ആയ ഒഴിവിലേക്കാണ് നിയമനം നൽകേണ്ടത്. ഓരോ വർഷവും വകുപ്പുകളിലുണ്ടാവുന്ന ആകെ ഒഴിവുകളുടെ അഞ്ചു ശതമാനം മാത്രമായിരിക്കണം അതെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്. പൊതു തസ്തികകളിൽ അപേക്ഷിച്ചവർക്ക് യോഗ്യതയ്ക്കനുസരിച്ച് സാങ്കേതിക തസ്തികകളിലടക്കം ഇപ്പോൾ നിയമനം നൽകുന്നുണ്ട്.
അഞ്ചു ശതമാനമെന്ന പരിധി ലംഘിച്ച് ആശ്രിത നിയമനം നടക്കുന്നതായി 2017- 2020ലെ നിയമനങ്ങൾ പരിശോധിച്ച ശമ്പള പരിഷ്‌കരണ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം കലക്ടറേറ്റിലെ 515 നിയമനങ്ങളിൽ 68 (13.20 ശതമാനം), എംപ്ലോയ്‌മെന്റ് ഡയരക്ടറേറ്റിലെ 209 നിയമനങ്ങളിൽ 28 (13.40 ശതമാനം), സംസ്‌കൃത സർവകലാശാലയിൽ 35 നിയമനങ്ങളിൽ അഞ്ചെണ്ണം (14.29 ശതമാനം), നിയമസഭാ സെക്രട്ടേറിയറ്റിൽ 131 നിയമനങ്ങളിൽ 18 എണ്ണം (13.74 ശതമാനം) എന്നിങ്ങനെ ആശ്രിത നിയമനമായിരുന്നു.
രാമചന്ദ്രൻ നായരുടെ മകന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ കോങ്ങാട് മണ്ഡലത്തിൽ നിയമസഭാംഗമായിരിക്കെ മരിച്ച കെ.വി വിജയദാസിന്റെ രണ്ടാമത്തെ മകൻ കെ.വി സന്ദീപിന് പാലക്കാട് ജില്ലയിൽ ഓഡിറ്ററായി നിയമനം നൽകിയതും തുലാസിലായി. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയാണ് നിയമനം നടത്തിയത്. സർക്കാർ അപ്പീൽ നൽകി ഉത്തരവ് കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ സന്ദീപിനെയും സർവിസിൽനിന്ന് നീക്കംചെയ്യേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."