ക്ഷേത്ര പ്രവേശനങ്ങള്‍ക്ക് അനുമതി ലഭിച്ചതിനു പിന്നില്‍ മതമാറ്റ ഭീഷണിയും കാരണമായിട്ടുണ്ട്: വൈക്കം വിശ്വന്‍
ചാവക്കാട്: കേരളത്തില്‍ നടന്ന എല്ലാ ക്ഷേത്ര പ്രവേശനവും അനുവദിക്കാനിടയായതിനു പിന്നില്‍ അയിത്ത ജാതിക്കാരുടെ മതമാറ്റ ഭീഷണിയും കാരണമായിട്ടുണ്ടെന്ന് എല്‍.ഡി.എഫ് ഏകോപന സമിതി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'നമുക്ക് ജാതിയില്ല, നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ലെന്ന ശ്രീനാരായണ ഗുരുവിന്റെ മഹാവിളംബരത്തിന്റെ 100-ാം വാര്‍ഷികം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ ബുദ്ധമതവും ജൂതന്‍മാരും കൃസ്ത്യാനികളും മുസ്‌ലിംകളും വന്നപ്പോള്‍ സ്വാഗതം ചെയ്യപ്പെട്ടതിനു പിന്നിലെ ഒരു കാരണം ഒരു വിഭാഗം ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും തെറ്റായ ചില സമീപനങ്ങളായിരുന്നു.
ക്ഷേത്ര പ്രവേശനത്തെ കൂടുതലായി തടഞ്ഞു നിര്‍ത്താനാണ് നോക്കുന്നതെങ്കില്‍ ഇവിടെ ബുദ്ധ മതവും ജൂത മതവും ക്രൈസ്തവരും ഇസ്‌ലാം മതവും നില്‍ക്കുന്നുണ്ട്. അതിനാല്‍ അതിലോട്ട് പോകാന്‍ ഞങ്ങള്‍ മടിക്കില്ലെന്ന് പറഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിച്ചത്.
പ്രക്ഷോഭങ്ങളും സമരങ്ങളും അതിനെ സഹായിക്കുന്ന സ്ഥിതി ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാതുര്‍വര്‍ണ്യവും സവര്‍ണ്ണാധിപത്യവും തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ എതിരല്ല. അവയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന കാഴ്ചപ്പാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷനായി. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, എം.ആര്‍ രാധാകൃഷ്ണന്‍, കെ.ടി ഭരതന്‍, ചലച്ചിത്ര സംവിധായകന്‍ അനില്‍.പി.നാഗേന്ദ്രന്‍, കെ.പുരുഷോത്തമന്‍, ഷീജ പ്രശാന്ത്, കെ.എച്ച് സലാം, കെ.കെ മുബാറക്ക്, പി.വി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."