ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയം - കൊല്ലത്തുനിന്ന് നെടുങ്കണ്ടത്ത് വന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍
നെടുങ്കണ്ടം: ഇടുക്കിയില്‍ നെടുങ്കണ്ടത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. പ്രതികളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കൊല്ലം സ്വദേശികളായ ബി.എസ് അരുണ്‍, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട യുവാക്കള്‍ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം മനസ്സിലാക്കി ഇരുവരും കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ വീട്ടില്‍ ആളില്ലാത്ത നേരത്ത് അപരിചിതരെ കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ ബഹളം വച്ചപ്പോള്‍ യുവാക്കള്‍ ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും പിടികൂടി പൊലിസിലേല്‍പ്പിക്കുകയായിരുന്നു. രണ്ട് പ്രതികള്‍ക്കുമെതിരെ രണ്ട് വത്യസ്ത പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പ്രതികളുടെ മൊബൈല്‍ഫോണുകളില്‍ നിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള നിരവധി പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളും മറ്റ് വിവരങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."