പൊന്നുംവിലയിൽ കറുത്ത പൊന്ന്, എന്നിട്ടും കർഷകർക്ക് നിരാശ ഒരു വർഷത്തിനിടെ കുരുമുളകിന് വില വർധിച്ചത് ഇരട്ടിയോളം
കോഴിക്കോട്
കൊവിഡ് പ്രതിസന്ധിയിൽ പൂർണമായും തകർന്ന കാർഷിക മേഖലയ്ക്ക് ആശ്വാസമായി കറുത്ത പൊന്നിന് മാർക്കറ്റിൽ പൊന്നുംവില. ഒരു വർഷത്തിനിടെ ഇരട്ടിയോളമാണ് കുരുമുളകിന് വില വർധിച്ചത്.
ചേട്ടൻ ഇനത്തിന് ക്വിൻ്റലിന് 51,100 രൂപയും വയനാടന് 52, 400ഉം നാടന് 49,300വുമാണ് നിലവിവെ മാർക്കറ്റ് വില. കഴിഞ്ഞവർഷം ഇതേ കാലയളവിൽ കിലോക്ക് 250 രൂപ ലഭിച്ചിരുന്ന കുരുമുളകിന് ഇപ്പോൾ ഇരട്ടിയിലധികം വർധിച്ച് 511 മുതൽ 524 രൂപ വരെ ലഭിക്കുന്നുണ്ട്. എന്നാൽ നല്ല വില ലഭിക്കുമ്പോഴും കുരുമുളക് വിൽക്കാനില്ലാത്ത അവസ്ഥയിലാണ് കർഷകർ. കാലാവസ്ഥാ വ്യതിയാനവും ചെടികൾക്കുണ്ടാകുന്ന രോഗങ്ങളും കാരണം ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. മാത്രമല്ല കേരളത്തിൽ വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.
ഇറക്കുമതി കുറഞ്ഞാൽ ഇനിയും വിലകൂടും
നീണ്ട ഇടവേളയ്ക്കുശേഷം ഫെബ്രുവരി അവസാനത്തിലാണ് കുരുമുളക് വിലയിൽ കാര്യമായ വർധന കണ്ടുതുടങ്ങിയത്. ജൂണിൽ വില 36,800 വരെയെത്തിയത് ഒക്‌ടോബറോടെ 40,000മായി. നവംബറിൽ പിന്നെയും ഉയർന്ന് 45,300ലേക്ക് കുതിച്ചു.
ക്രിസ്മസ് വിപണി സജീവമായതോടെ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ ജനുവരി രണ്ടാം വാരം കഴിയുന്നത് വരെ ഉത്തരേന്ത്യയിൽ വിവാഹം പോലുള്ള ആഘോഷങ്ങൾ കുറവായിരിക്കുമെന്നത് കുരുമുളക് വിപണിയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുള്ളതായി കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരികൾ പറയുന്നു. ഇറക്കുമതി കൂടുതലായി എത്തിയില്ലെങ്കിൽ ജനുവരി അവസാനത്തോടെ കുരുമുളക് വില ഉയരാൻ സാധ്യയുണ്ടെന്നും ഇവർ പറയുന്നു.
കുരുമുളക് വിലയിലെ കുതിപ്പ് കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണെങ്കിലും ശാസ്ത്രീയമായി കുരുമുളക് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൃഷിഭവനു കീഴിൽ കുരുമുളക് കൃഷിക്കാരെ സഹായിക്കാനായി സമിതികൾ രൂപീകരിച്ചിരുന്നെങ്കിലും പലയിടത്തും അവ നിർജീവമാണ്. വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ കുരുമുളക് കൃഷിയിൽ പലനൂതന മാർഗങ്ങളും അവലംബിക്കുമ്പോഴും കേരളത്തിലെ കർഷകർ പരമ്പരാഗത രീയിയാണ് പിന്തുടരുന്നത്. പലയിടത്തും കർഷകർ പലനൂതന രീതികൾ പരീക്ഷിക്കുന്നുണ്ടെങ്കിലും അവയൊന്നും വ്യാപകമാക്കുന്നതിനുള്ള നടപടികളും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കൂലിയിലുണ്ടായ വർധനവും കർഷകന് താങ്ങാവുന്നതിലും അധികമാണ്. കുരുമുളക് പറിക്കുന്നതിന് ആയിരം രൂപ കൂലി നൽകണം. കൂലിയും ചെലവുകളും കഴിഞ്ഞാൽ തുച്ഛമായ തുക മാത്രമാണ് കർഷകന് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."