ആലപ്പുഴ മുതല്‍ സില്‍വര്‍ ലൈന്‍ വരേ; പ്രതിരോധത്തിലായി മുഖ്യമന്ത്രിയും സര്‍ക്കാരും; ഇന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: പൊലിസിന്റെ നിഷ്‌ക്രിയത്വവും രാഷ്ട്രീയ കൊലപാതകങ്ങളും ചര്‍ച്ചയായ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം നടക്കും. വിവാദങ്ങള്‍ ഒന്നൊന്നായി കടന്നുവരികയും ഒന്നിനുപോലും പരിഹാരം ഇല്ലാതാകുകയും ചെയ്യുമ്പോള്‍ ഓണ്‍ലൈനായാണ് യോഗംചേരുക. രാവിലെ ഒന്‍പതരക്കാണ് യോഗം.
ഇന്റലിജന്‍സിനും പൊലിസിനും വീഴ്ചകള്‍ സംഭവിച്ചു എന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. പൊലിസ് സേനക്കുള്ളില്‍ ആര്‍.എസ്.എസ് ഘടകം ഉണ്ടെന്ന ആരോപണവും ആവര്‍ത്തിച്ചുയരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടയില്‍പോലും സര്‍ക്കാരിനെ വല്ലാതെ പ്രതിരോധത്തിലാക്കുകയാണ് സംസ്ഥാനത്തെ പുതിയ സാഹചര്യങ്ങള്‍. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നിടത്തും പ്രതിബന്ധങ്ങള്‍ തന്നെയാണ്. അതിനിടയിലാണ് ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്കും ഉത്തരം പറയാനാകാതെ ആഭ്യന്തരവകുപ്പും പൊലിസും പ്രതിക്കൂട്ടിലായത്. ഇതെല്ലാം മന്ത്രിസഭായോഗം വിലയിരുത്തിയേക്കും. പ്രധാനമായും ആലപ്പുഴയുടെ പ്രശ്‌നങ്ങള്‍ തന്നെയാകും മുഖ്യ അജന്‍ഡ.
പൊലിസ് നടപടികള്‍, സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ഒമിക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിയും വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും ചര്‍ച്ച ചെയ്‌തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."