2022 അറിയാം സാമ്പത്തിക രംഗത്തിലെ മാറ്റങ്ങള്‍
പുതുവര്‍ഷം വരികയാണല്ലോ. അറിയാം സാമ്പത്തിക രംഗത്തിലെ മാറ്റങ്ങള്‍.
എ.ടി.എം ഇടപാടുകളുടെ ചാര്‍ജ്ജ് കൂടും
2022 പിറക്കുമ്പോള്‍ പരിധി കവിഞ്ഞ എ.ടി.എം ഇടപാടുകള്‍ക്ക് ചെലവേറും. മാസത്തില്‍ നടത്താവുന്ന ഇടപാടുകളുടെ പരിധി കവിഞ്ഞാല്‍ കൂടുതല്‍ നടത്തുന്ന ഇടപാടുകള്‍ക്ക് ബാങ്കുകള്‍ നേരത്തെ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഈ ചാര്‍ജ് 2022 ജനുവരി മുതല്‍ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.
പോസ്‌റ്റോഫിസ് ബാങ്കിലെ ഇടപാടുകളുടെ ചാര്‍ജിലും വര്‍ധന
ഇന്‍ഡ്യ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐ.പി.പി.ബി) ഇടപാടുകളുടെ ചാര്‍ജ് 2022 ജനുവരി ഒന്നു മുതല്‍ വര്‍ധിപ്പിക്കുകയാണ്. പരിധിക്ക് പുറത്തുള്ള പണം പിന്‍വലിക്കലിനും പരിധിക്കകത്തുള്ള പണം പിന്‍വലിക്കലിനും ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. പണം നിക്ഷേപിക്കുന്നതിനും ജനുവരി 1 മുതല്‍ പുതിയ നിരക്കാണ്. ചാര്‍ജുകള്‍ക്ക് ജി.എസ്.ടി, സെസ്സ് തുടങ്ങിയവയും ബാധകമാണ്.
ലോക്കറുകളുടെ ഉത്തരവാദിത്തം ബാങ്കുകള്‍ക്ക്
ബാങ്കുകളിലെ ലോക്കറുകളുടെ ഉത്തരവാദിത്വം ഇനിമുതല്‍ ബാങ്കുകള്‍ക്ക് തന്നെയായിരിക്കും. ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് പുതുക്കി.
തീപിടിത്തം, കവര്‍ച്ച, മറ്റെന്തെങ്കിലും കാരണം കൊണ്ടുള്ള തകര്‍ച്ച എന്നിവയൊന്നും സംഭവിക്കുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ എന്തെങ്കിലും നാശമുണ്ടായാല്‍ ലോക്കറുകളുടെ വാര്‍ഷിക വാടകയുടെ നൂറു മടങ്ങ് നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്. ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പുകള്‍ കാരണമോ മറ്റോ ലോക്കറുകളില്‍ സൂക്ഷിക്കുന്നവ നഷ്ടപ്പെട്ടാലും ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു. 2022 ജനുവരി 1 മുതല്‍ ഈ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകും.
ജി.എസ്.ടിയിലും മാറ്റം, ഗാര്‍മെന്‍സ് ഇനങ്ങള്‍ക്ക് വിലകൂടും
ജനുവരി മുതല്‍ ജി.എസ്.ടി സ്ലാബുകളിലും മാറ്റം വരുന്നുമുണ്ട്. നികുതി ഏകീകരണത്തിന്റെ ഭാഗമായി വരുത്തുന്ന മാറ്റമനുസരിച്ച് ഗാര്‍മെന്‍സ് ഇനങ്ങള്‍ക്ക് വില കൂടും. 1000 രൂപയില്‍ താഴെയുള്ള ഗാര്‍മെന്‍സ് ഇനങ്ങള്‍ക്ക് നേരത്തെ 5 ശതമാനം നികുതി ഉണ്ടായിരുന്നത് 12 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതിമാസ റിട്ടേണുകളിലെ പിഴവുകള്‍ക്ക് വ്യാപാരികള്‍ ഇനി വലിയ വില കൊടുക്കേണ്ടി വരും. പ്രതിമാസം നല്‍കുന്ന ജി.എസ്.ടി.ആര്‍ 1, ജി.എസ്.ടി.ആര്‍ 3ബി റിട്ടേണുകളില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്ന് വ്യാപാരികള്‍ ഉറപ്പു വരുത്തണം. പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടിസ് നല്‍കാതെ നടപടി എടുക്കാനാകും. നികുതിയും പിഴയും ഈടാക്കാനും ഇല്ലെങ്കില്‍ ജപ്തിയടക്കമുള്ള റിക്കവറി നടപടികളിലേക്ക് കടക്കാനുമാകും.
ആധാറുമായി യു.എ.എന്‍ ബന്ധിപ്പിക്കൂ
പ്രോവിഡന്റ് ഫണ്ട് ഉപയോക്താക്കളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യു.എ.എന്‍) ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം 2021 ഡിസംബര്‍ 31 ന് അവസാനിക്കുകയാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പി.എഫ് വിഹിതം അടക്കുന്നതിലടക്കം തടസം നേരിടാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ 31 നകം പി.എഫ് നോമിനിയെ ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."