കൊവിഡും പരുക്കും, ദുരിതക്കയത്തില്‍ ബാഴ്സോലണ
ബാഴ്സലോണ: മയോര്‍ക്കക്കെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി താരങ്ങളുടെ ലഭ്യതയില്ലായ്മ ബാഴ്സലോണക്ക് തിരിച്ചടിയാകുന്നു. ഒസ്മാനെ ഡെംബലെ, സാമുവല്‍ ഉംറ്റിറ്റി, ഗാവി എന്നീ താരങ്ങള്‍ക്കു കൂടി കോവിഡ് പോസിറ്റിവ് ആയതോടെയാണ് ക്ലബിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്. ഇതോടെ പതിനാലോളം സീനിയര്‍ താരങ്ങളെയാണ് ടീമിനു നഷ്ടമാവുക.
ഡെംബലെ, ഉംറ്റിറ്റി, ഗാവി എന്നിവര്‍ക്കു പുറമെ ജോര്‍ദി ആല്‍ബ, അലെസാന്‍ഡ്രോ ബാള്‍ഡെ, ക്ലെമെന്റ് ലെങ്ലേറ്റ്, ഡാനി ആല്‍വസ് എന്നീ താരങ്ങളും കോവിഡ് പോസിറ്റിവാണ്. ഇതിനു പുറമെ പരുക്കിന്റെ പിടിയിലുള്ള താരങ്ങളും, പരുക്കു മാറി മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത താരങ്ങളുമാണ് സാവിക്ക് ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ പ്രതിസന്ധി നല്‍കുന്നത്. സെര്‍ജി റോബര്‍ട്ടോ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ തുടരുമ്പോള്‍ ഹാംസ്ട്രിങ്ങിനു പരുക്കേറ്റ മെംഫിസ് ഡീപേയും കളിക്കളത്തിനു പുറത്താണ്. സെര്‍ജിനോ ഡെസ്റ്റും പരുക്കില്‍ നിന്നും മോചിതനാവാനുള്ള ശ്രമങ്ങളില്‍ തുടരുമ്പോള്‍ മധ്യനിര താരം സെര്‍ജിയോ ബുസ്ക്വറ്റ്സിനു സസ്പെന്ഷന് കാരണവും മത്സരം നഷ്ടമാകും.
പെഡ്രി, അന്‍സു ഫാറ്റി എന്നിവരുടെ പരുക്ക് ഭേദമായെങ്കിലും രണ്ടു പേരും നവംബര്‍ മുതല്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ഇരുവരെയും നേരിട്ട് കളത്തിലിറക്കുന്നതിനു സാവി തയ്യാറാകാന്‍ സാധ്യത കുറവാണ്. മാര്ട്ടിന് ബ്രൈത്ത്വൈറ്റിന്റെ കാര്യവും ഏറെക്കുറെ സമാനമാണ്. സെപ്തംബര്‍ മുതല്‍ പരുക്കേറ്റു പുറത്തിരുന്ന താരം ജനുവരി പകുതിയോടെയേ മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കൂ.ഈ സീസണില്‍ വളരെ മോശം പ്രകടനം നടത്തുന്ന ബാഴ്സലോണ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് പുതിയ പ്രതിസന്ധി അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."