ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും അല്‍ഖസ്സാം
ദുബൈ: ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും റോക്കാറ്റാക്രമണം. തുടര്‍ച്ചയായ മൂന്നാംദിവസമാണ് ഇസ്‌റാഈല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സ് റോക്കറ്റാക്രമണം നടത്തുന്നത്. ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ദക്ഷിണ ലബനാനില്‍ നിന്ന് ഹിസ്ബുല്ലയും കൂടുതല്‍ മിസൈല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്‌റാഈലിന്റെ സൈനിക കേന്ദ്രങ്ങളും സൈനിക വാഹനങ്ങളും മറ്റും ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ് വേരേയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ വീഡിയോ സംഘം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
അതസമയം, ഗസ്സയിലെ റഫക്കു നേരെയും മറ്റും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. റഫയില്‍ താമസ കെട്ടിടങ്ങള്‍ക്കു മേല്‍ നടത്തിയ ബോംബിങ്ങില്‍ ആറു കുരുന്നുകളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. പിന്നിട്ട 24 മണിക്കൂറിനിടെ 37 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പില്‍ തുടരുന്ന ഇസ്‌റാഈല്‍ റെയ്ഡില്‍ മരണം 14 ആയി.
അതിനിടെ, ഗസ്സയില്‍ പിന്നിട്ട ഏഴ് മാസക്കാലമായി കൊടുംക്രൂരതകള്‍ തുടരുന്ന ഇസ്‌റാഈലിന് സൈനിക സഹായം നല്‍കരുതെന്ന സമാധാനകാംക്ഷികളുടെ അഭ്യര്‍ഥന തള്ളി മുന്നോട്ടു നീങ്ങുകയാണ് യു.എസ്.
ഇസ്‌റാഈലിന് 2640 കോടി ഡോളറിന്റെ അടിയന്തര സൈനിക സഹായം അനുവദിക്കാനുള്ള ബൈഡന്‍ ഭരണകൂട നിര്‍ദേശത്തിന് അമേരിക്കന്‍ പ്രതിനിധി സഭ പച്ചക്കൊടി കാട്ടി. യുക്രയിന് 6080 കോടി ഡോളറും തായ്‌വാന്‍ ഉള്‍പ്പെടെ ഇന്തോ പസഫിക് മേഖലക്ക് 810 കോടി ഡോളറും സൈനിക സഹായമായി ലഭിക്കും. സെനറ്റിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ എത്രയും പെട്ടെന്ന് ഇസ്‌റാഈലിനും മറ്റും സൈനിക സഹായം കൈമാറുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം വ്യാപിക്കാന്‍ ഇസ്‌റാഈലിനുള്ള യു.എസ് പിന്തുണ വഴിയൊരുക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകസംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാനുള്ള നീക്കം കൂടിയാണിതെന്നും റഷ്യ ചൂണ്ടിക്കാട്ടി. 34,000 മനുഷ്യരെ കൊന്നൊടുക്കിയ ഇസ്‌റാഈലിന് കൂടുതല്‍ പേരെ വധിക്കാനുള്ള സഹായമാണിതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞു.
എന്നാല്‍, ബൈഡന്‍ ഭരണകൂട തീരുമാനത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. ഡമോക്രാറ്റുകളും റിപബ്ലിക്കന്‍ വിഭാഗവും ഇസ്‌റാഈലിനൊപ്പം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും നെതന്യാഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."