കെജ്രിവാള് -അതിഷി കൂടിക്കാഴ്ച; തിഹാര്‍ ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രി അതിഷി അരവിന്ദ് കെജ്രിവാളുമായി നടത്താനിരുന്ന കൂടിക്കാഴ്ചക്ക് തിഹാര്‍ ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. ആംആദ്മി രാജ്യസഭാംഗം സഞ്ജയ് സിങാണ് ആരോപണം ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രി അതിഷിയും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനിരുന്നത്. ഇതിനായി അതിഷി ചൊവ്വാഴ്ച അപേക്ഷ നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നെന്ന് സിങ് പറഞ്ഞു.
ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ഇന്നലെ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം രാജ്യസഭാംഗം സന്ദീപ് പഥക് കെജ്രിവാളിനെ കാണാനെത്തിയെങ്കിലും അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ഭരദ്വാജിന് മാത്രമാണ് കെജ്രിവാളിനെ കാണാന്‍ അനുമതി ലഭിച്ചത്. 'ഇന്ന് മുഖ്യമന്ത്രിയുമായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കൂടിക്കാഴ്ചക്ക് നിങ്ങള്‍ അനുമതി നിഷേധിച്ചു. അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചക്കും അവര്‍ അനുമതി നല്‍കിയില്ല.
നാളെ, നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയെയും വിലക്കും. ഇത് ബ്രിട്ടീഷ് ഭരണത്തില്‍ പോലും ഇല്ലായിരുന്നു. സ്വേച്ഛാധിപത്യമല്ലെങ്കില്‍ മറ്റെന്താണിത്'- ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉദ്ദ്യേശിച്ച് സഞ്ജയ് സിങ് പറഞ്ഞു. 'നേരത്തെ, ഞങ്ങള്‍ക്ക് ഇന്‍സുലിനായി പോരാടേണ്ടിവന്നു. എന്തിനും കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് എന്തുകൊണ്ടാണ് കെജ്രിവാളിനെ തീവ്രവാദിയെപോലെ കാണക്കാക്കുന്നത്. കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നു പ്രധാനമന്ത്രിക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."