ഓണവിപണിയില്‍ ആശങ്ക; തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത പച്ചക്കറികളില്‍ നിരോധിച്ച കീടനാശിനി
പത്തനംതിട്ട: ഓണപ്പച്ചക്കറികള്‍ വിഷമയമായേക്കുമെന്ന ആശങ്ക ഉയര്‍ത്തി 'സേഫ് ടു ഈറ്റ്' പരിശോധനാഫലം. തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത കറിവേപ്പില, കത്തിരി, കോളി ഫ്‌ളവര്‍ എന്നിവയില്‍ നിരോധിച്ച കീടനാശിനിയുടെ സാന്നിധ്യം കണ്ടെണ്ടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം തമിഴ്‌നാടന്‍ പച്ചമുളകിലും മാരക കീടനാശിനിയുടെ അംശമുണ്ടണ്ട്. കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും സംയുക്തമായി നടത്തുന്ന 'സേഫ് ടു ഈറ്റ്' പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് കണ്ടെണ്ടത്തല്‍. എന്നാല്‍ ഇവ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ) പരിധി നിശ്ചയിക്കാത്ത കീടനാശിനികള്‍ ആയതിനാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കേണ്ട അവസ്ഥയിലാണ് കേരളാ ഭക്ഷ്യസുരക്ഷാ വകുപ്പും സര്‍ക്കാരും.
പ്രൊഫെനോഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് കറിവേപ്പില, കത്തിരി, കോളി ഫ്‌ളവര്‍ എന്നിവയില്‍ കണ്ടെണ്ടത്തിയത്. ഉഗ്രവിഷ വിഭാഗത്തില്‍ പെടുത്തി കേരളത്തില്‍ 2011 ല്‍ നിരോധിച്ച 14 കീടനാശിനികളില്‍ ഒന്നാണ് പ്രൊഫെനോഫോസ്. പരുത്തി കൃഷിക്കല്ലാതുള്ള മറ്റെല്ലാ ഉപയോഗവും രാജ്യവ്യാപകമായി നിരോധിച്ചതുമാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ പച്ചക്കറി കൃഷിയിടങ്ങളില്‍ ഇതിന്റെ ഉപയോഗം തുടരുന്നതായാണ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ഒരു കിലോ ഗ്രാം കറിവേപ്പിലയില്‍ 18 മില്ലി ഗ്രാമാണ് ഇതിന്റെ അളവ്. ഇത്ര വര്‍ധിച്ച തോതില്‍ ഈ കീടനാശിനിയുടെ സാന്നിധ്യം കണ്ടെണ്ടത്തുന്നത് ഇതാദ്യമായാണ്. കത്തിരി, കോളി ഫ്‌ളവര്‍ എന്നിവയില്‍ പ്രൊഫെനോഫോസ് മാത്രമാണുള്ളത് എങ്കില്‍ ഇറക്കുമതി കറിവേപ്പിലയില്‍ സൈഫ്‌ളുത്രിന്‍, ക്യുനാല്‍ഫോസ് എന്നിവയുടെ അംശവുമുണ്ടണ്ട്. പച്ചമുളകില്‍ എത്തയോണ്‍ എന്ന വിഷമാണുള്ളത്. അതേസമയം കേരളത്തിലെ ജൈവ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ പൂര്‍ണമായും ഭക്ഷ്യയോഗ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പച്ചക്കറികള്‍ക്കൊപ്പം വിപണിയില്‍ ലഭ്യമായ ഏലയ്ക്ക, മുളകുപൊടി, വറ്റല്‍ മുളക്, ജീരകം, പെരുംജീരകം എന്നിവയിലും മാരക കീടനാശിനീ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നിനും എഫ്.എസ്.എസ്.എ.ഐ പരിധി നിശ്ചയിച്ചിട്ടില്ല. നേരത്തേ യൂറോപ്യന്‍ സ്റ്റാന്റേര്‍ഡിനെ അടിസ്ഥാനപ്പെടുത്തിയാണ് കീടനാശിനികളുടെ വിഷാംശം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ പിടിവാശി മൂലം യൂറോപ്യന്‍ സ്റ്റാന്റേര്‍ഡിനെ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെണ്ടത്തിയിട്ടും നിരോധനം അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല.
അതേസമയം പ്രൊഫെനോഫോസ് മറ്റ് കൃഷികള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി തേടി കമ്പനി സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ പരിഗണനയിലാണ്. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലും ഇവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പൊതു വിലയിരുത്തല്‍. പച്ചക്കറികളിലും മറ്റും ഉപയോഗിക്കുന്ന ഇത്തരം കീടനാശിനികള്‍ മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ സ്വാഭാവിക ഹോര്‍മോണ്‍ പ്രവര്‍ത്തനത്തില്‍ ഇടപെട്ട് ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഏറ്റവും പുതുതായി പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം വിഷ പദാര്‍ഥങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ കൗണ്‍സില്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
അതിനിടെ സംസ്ഥാനത്ത് സജീവമാകുന്ന ഓണ വിപണിയില്‍ നിന്ന് വിഷമടങ്ങിയ പച്ചക്കറികള്‍ ഒഴിവാക്കാന്‍ ഈ മാസം 15 മുതല്‍ സംസ്ഥാന ആരോഗ്യ-കൃഷി വകുപ്പുകളുടെ സംയുക്ത പരിശോധന വ്യാപകമാക്കി. ഓണവിപണിയില്‍ നിന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ ശേഖരിച്ച ഉല്‍പ്പന്നങ്ങളുടെ പരിശോധന സേഫ് ടു ഈറ്റിന്റെ ഭാഗമായി നടന്നു വരുന്നു. ഇതിന്റെ ഫലം അടുത്ത ആറോടെ പ്രത്യേക റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."