മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കാതെ പൊലിസ്; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡ്രൈവര്‍ യദു
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ കാര്‍ കുറുകേ നിര്‍ത്തി കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ എല്‍.എച്ച് യദു നിയമനടപടിക്ക്. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. മേയര്‍ക്കും എം.എല്‍.എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനാണ് യദുവിന്റെ തീരുമാനം. മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു.
തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു സാധാരണക്കാരനായിരുന്നു ബസ് തടഞ്ഞതെങ്കില്‍ കേസ് എന്താകുമായിരുന്നുവെന്നും യദു ചോദിച്ചു. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തിയതെന്നും യദു വിമര്‍ശിച്ചു.
അതേസമയം, കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തിയ സച്ചിന്‍ ദേവ് എം എല്‍ എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി. കെ.പി.സി.സി സെക്രട്ടറി അഡ്വ സി ആര്‍ പ്രാണകുമാറാണ് പരാതി നല്‍കിയത്.ഏതൊരു പൗരനും പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് 27,2024 തീയതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും, സച്ചിന്‍ ദേവ് എം എല്‍ എ യും അവരുടെ കാര്‍ പാളയം ജങ്ഷനില്‍ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രകാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം ഈ അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."