മ്ലാവിറച്ചിയുമായി പൊലിസ് പിടികൂടിയ പ്രതികള്‍ വനപാലകരുടെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപെട്ടു
മൂന്നാര്‍: മ്ലാവിറച്ചിയുമായി വെള്ളത്തൂവല്‍ പൊലിസ് പിടികൂടിയെ പ്രതികള്‍ വനപാലകരുടെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു. ആനച്ചാല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പ്രസാദ് (39), കണ്ണന് ദേവന് കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന വെള്ളുദുരൈയെന്ന കറുപ്പസ്വാമി (40) എന്നിവരാണ് വനപാലകരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
ആനച്ചാല്‍ മേഖലയില്‍ കാട്ടിറച്ചി വ്യാപകമായി എത്തുന്നതായി കഴിഞ്ഞ ദിവസം വെള്ളത്തൂവല്‍ പൊലിസിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെ വെളളത്തൂവല്‍ എസ്.ഐ.കെ.വി.ഗണേശന്റെ നേത്യത്വത്തിലുളള സംഘം പ്രസാദിനെ തട്ടാത്തിമുക്കിലെ ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടി.
ഇയാളില്‍ നിന്ന് 15 കിലോയോളം മ്ലാവ് ഇറച്ചിയും കണ്ടെടുത്തു. തുടര്‍ന്ന് പൊലിസ് പ്രതിയെ രണ്ടാംമൈല്‍ ഫോറസ്റ്റ് ഡിവിഷനും അവര്‍ മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനും കൈമാറി. മൂന്നാര്‍ റേഞ്ചിലെ കടലാര്‍ മേഖലയില്‍ നിന്നാണ് പ്രസാദ് ഉല്‍പ്പടെ മൂന്നുപേര്‍ ചേര്‍ന്ന് മ്ലാവിനെ വേട്ടയാടി പിടിച്ചതെന്നും ഇറച്ചി തുല്യമായി പങ്കിട്ടെടുത്തെന്നും വനം വകുപ്പ് അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു. കടലാര്‍ എസ്റ്റേറ്റിലെ വെള്ളദുരൈയെന്ന കറുപ്പസ്വാമിയാണ് ഓട്ടോയില്‍ കാട്ടിറച്ചി വില്പനയ്ക്ക് എത്തിക്കുന്നതെന്ന വിവരം ലഭിച്ചു.
തുര്‍ന്ന് നടത്തിയ പരിശോധനയില്‍ കന്നിമലയില്‍ നിന്നും വെള്ളദുരൈയെ പിടികൂടുകയും വാഹനത്തില്‍ നിന്നും വില്‍പ്പനയ്ക്കെത്തിച്ച മ്ലാവിറച്ചി കണ്ടെത്തുകയും ചെയ്തു.
വെള്ളദുരൈയുടെ വീട്ടില്‍ ഇറച്ചിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രതികളുമായി വനപാലകര്‍ പരിശോധന നടത്തവെ പ്രതികള്‍ വിലങ്ങുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ വീട്ടിലുള്‍പ്പെടെ 20 കിലോ ഇറച്ചി കണ്ടെടുത്തിട്ടുണ്ട്. മൂന്നാര്‍ പൊലിസിന്റെ സഹായത്തോടെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."