ഓണക്കാല വിപണി: പൊതുവിതരണ വകുപ്പ് പരിശോധന ശക്തമാക്കി
തൊടുപുഴ: ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് പൊതുവിതരണ വകുപ്പ് പരിശോധന ശക്തമാക്കി.
റേഷന്‍ മൊത്ത - ചില്ലറ വിതരണ ഡിപ്പോകളിലും പൊതുവിപണിയിലെ വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നതിനും പാചക ഗ്യാസ് ദുരുപയോഗം തടയുന്നതിനും വേണ്ടി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ അതത് മേഖലകളിലും ജില്ലകളിലും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തിലും പരിശോധനകള്‍ നടത്തുന്നതതിന് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
ഇതിനോടകം 55 വ്യാപാര സ്ഥാപനങ്ങളിള്‍ പരിശോധന നടത്തുകയും 33 ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ജില്ലയിലെ പല റേഷന്‍ കടകളിലും രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് പരിശോധനാ സംഘം കണ്ടത്തെി. 26 പൊതുവിതരണ കേന്ദ്രങ്ങളില്‍ പരിശോധനയില്‍ 13 ഇടത്തും മൂന്ന് മൊത്തവ്യാപാര ഡിപ്പോകളില്‍ രണ്ടിടത്തും ക്രമക്കേട് കണ്ടെത്തി.
തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സപ്ലൈ ഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എല്ലാ താലൂക്കുകളിലെയും വ്യാപാരകേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചിലയിടങ്ങളില്‍ അമിതവില ഈടാക്കുന്നതായും പരിശോധനയില്‍ കണ്ടത്തെി. സിവില്‍ സപ്ലൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന.
ഇതോടൊപ്പം ജോമി ജോണ്‍ നോഡല്‍ ഓഫിസറായി സര്‍പ്രൈസ് മോണിറ്ററിങ് സെല്‍ ഇടുക്കി താലൂക്ക് സപ്ലൈ ഓഫിസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അമിതവില, പൂഴ്ത്തിവെപ്പ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 9744412564, 04862 236075 എന്നീ നമ്പറുകളില്‍ നോഡല്‍ ഓഫിസറെ വിവരം അറിയിക്കണമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ക്രമക്കേടുകള്‍ തടയാന്‍ പൊതുവിതരണ സ്‌പെഷല്‍ സ്‌ക്വാഡ് രൂപവത്കരിച്ച് പരിശോധനകള്‍ ആരംഭിച്ചതായും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുവെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."