സമസ്ത ഇ-ലേണിംഗ് ഗ്ലോബൽ ഇൻഫോ സമ്മിറ്റ്; അബൂ സാലിഹ് ശരീഫ് മുഖ്യാതിഥിയാകും.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാസ ബോർഡിനു കീഴിലുള്ള സമസ്ത ഇ-ലേണിംഗ് ആപ്ലിക്കേഷൻ ലോഞ്ചിംഗും സമസ്ത ഗ്ലോബൽ ഇൻഫോ സമ്മിറ്റും 2024 മെയ് 8 ബുധനാഴ്ച്ച കോഴിക്കോട് വെച്ച് നടക്കും. ഹോട്ടൽ വുഡീസിൽ രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ അക്കാദമിക സംവാദം, പ്രമോ വീഡിയോ റിലീസ്, ബ്രോഷർ പ്രകാശനം, അവാർഡ് ദാനം, തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഉപദേഷ്ടാവും സച്ചാർ കമ്മിറ്റി മെമ്പറുമായിരുന്ന അബൂ സാലിഹ് ശരീഫ് മുഖ്യാതിഥിയായാകും. ഇപ്പോൾ വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗ്ലോബൽ സ്റ്റഡീസിൻ്റെ ചീഫ് സ്കോളറാണ് അദ്ദേഹം.
സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജന: സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, എസ്.കെ.ഐ.എം.വി.ബി പ്രസിഡണ്ട് ഉസ്താദ് മൂസക്കുട്ടി ഹസ്‌റത്ത്, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവരും പങ്കെടുക്കും. സംഘടനാ, വിദ്യാഭ്യാസ, ഐടി മേഖലകളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്.
സമസ്ത ഇ-ലേണിംഗിനു കീഴിലുള്ള ഓൺലൈൻ ഗ്ലോബൽ മദ്‌റസ, തുടർ മതവിദ്യാഭ്യാസം, ഡിജിറ്റൽ മദ്‌റസ തുടങ്ങിയ പദ്ധതികളിൽ ക്ലാസുകൾ ഓൺലൈനായി നൽകുന്നതിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ / കമ്പ്യൂട്ടർ ആപ്ലിക്കേഷനാണ് പ്രവർത്തന സജ്ജമാകുന്നത്. അഡ്മിഷൻ നടപടിക്രമങ്ങൾ മുതൽ ദൈനംദിന ക്ലാസുകളും പരീക്ഷാ മൂല്യനിർണയങ്ങളും പാരന്റ്സ് കമ്മ്യൂണിക്കേഷനും വരെ ആപ്ലിക്കേഷനിലൂടെ തന്നെ സാധ്യമാകുന്ന നൂതനവും ലളിതവുമായ എജുക്കേഷൻ ആപ്ലിക്കേഷനാണിത്.
കോഴിക്കോട് സമസ്ത ഓഫീസിൽ പ്രവർത്തിക്കുന്ന സമസ്ത ഇ-ലേണിംഗ് ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ച ഗ്ലോബൽ എജുക്കേഷൻ സ്റ്റുഡിയോയിൽ വെച്ചാണ് തൽസമയ ക്ലാസുകൾ നടക്കുന്നത്. സമസ്ത ഓൺലൈൻ ഗ്ലോബൽ മദ്‌റസയിലേക്കുള്ള പുതിയ 2024 - 25 അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."