ഓണാഘോഷം: എക്‌സൈസ്-പൊലിസ് സംയുക്ത പരിശോധന വ്യാപകമാക്കും
കോട്ടയം : ലഹരി വസ്തുക്കളുടെ നിര്‍മ്മാണവും വിപണനവും തടയുന്നതിന് ഓണത്തോടനുബന്ധിച്ച് ജില്ലയിലുടനീളം എക്‌സൈസ്-പൊലിസ് വകുപ്പുകള്‍ പരിശോധന വ്യാപകമാക്കണമെന്ന് ജില്ലാതല ജനകീയ സമിതി യോഗത്തില്‍ തീരുമാനിച്ചു. ബസ് സ്റ്റാന്റുകള്‍, താമസമില്ലാത്ത വീടുകള്‍, പുരയിടങ്ങള്‍, നദീതീരങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പരിശോധന കര്‍ശനമാക്കും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. വൈക്കം, കുറിച്ചി എന്നിവിടങ്ങളില്‍ പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. പഞ്ചായത്ത് മുനിസിപ്പാലിറ്റിതല ജനകീയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിക്കും.
കഴിഞ്ഞ മാസം 191 പേര്‍ക്കെതിരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 4481 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഏഴെണ്ണം പിടിച്ചെടുത്തു. ലഹരി കലര്‍ത്തിയ മരുന്ന് വില്പന കണ്ടത്തുന്നതിന് 54 മെഡിക്കല്‍ ഷോപ്പുകളിലും അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.
എഡിഎം പി. അജന്തകുമാരിയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. മൈക്കിള്‍ (ഏറ്റുമാനൂര്‍), ജോര്‍ജ്ജ് അഗസ്റ്റിന്‍ (ളാലം), കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."