തമ്പുകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന് സുരക്ഷാവിഭാഗം
മക്ക: ഹജ്ജ് സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷം കടുത്ത മാര്‍ഗ നിര്‍ദേശങ്ങളുമായി സുരക്ഷാ അതോറിറ്റി. ആയിരം തീര്‍ഥാടകര്‍ക്ക് ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എന്ന തോതില്‍ നിയമിക്കണെമന്ന് ഹജ്ജ് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. തീര്‍ഥാടകരുടെ കര്‍മങ്ങള്‍ സുഖകരമാക്കുന്നതിനു 12 ഇന നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഹജ്ജിനെത്തുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനാണ് കടുത്ത രീതിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ നിശ്ചയിച്ച സമയക്രമം പാലിക്കാതെ കല്ലേറ് കര്‍മം നടത്താന്‍ പുറപ്പെട്ടത് ആയിരക്കണക്കിന് തീര്‍ഥാടകരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അതീവ സുരക്ഷയാണ് ഹജ്ജ് മന്ത്രാലയം ഒരുക്കുന്നത്.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ തമ്പുകളില്‍ 24 മണിക്കൂറും സ്വദേശികളായ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കണം. 1500 അധികം തീര്‍ഥാടകര്‍ താമസിക്കുന്ന ടെന്റുകളില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടായിരിക്കണം. ആയിരം തീര്‍ഥാടകര്‍ക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിയമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ടെന്റുകളില്‍ നിയമിക്കപ്പെടുന്ന സ്വദേശികള്‍ ഏതു അത്യാഹിതവും വന്നാല്‍ നേരിടാന്‍ പര്യാപ്തരായിരിക്കണം. പരിശീലനം വേണ്ടവര്‍ക്ക് ഇത് നല്‍കാനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ മുത്വവിഫ് എസ്റ്റാബ്ലിഷ്‌മെന്റ് ഉടമകളുമായി നടത്തിയ ശില്‍പശാലയിലാണ് 12 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.
ഓരോ ഗ്രൂപ്പിനും നിശ്ചയിക്കപ്പെട്ട സമയക്രമം കര്‍ശനമായി പാലിക്കുക, വാഹനം എത്തിച്ചേരാതെ ഹാജിമാര്‍ ടെന്റുകളില്‍ നിന്നും പുറത്തിറങ്ങുന്നില്ലെന്നു ഉറപ്പു വരുത്തുക, മശാഇറുകളില്‍ ഹാജിമാര്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുക, ഗോള്‍ഫ് കാര്‍ട്ടുകളോ ബൈക്കുകളോ ഉപയോഗിക്കുന്നത് തടയുക, വഴിയില്‍ ഇരിക്കുന്നതും ലഗേജുകള്‍ ചുമക്കുന്നതും തടയുക, ഓരോ ഹാജിയും ഇവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, തുടങ്ങിയ നിര്‍ദേശങ്ങളാണ് സിവില്‍ ഡിഫന്‍സ് മുന്നോട്ടു വച്ചത്. ജംറകളിലെ യാത്രകളില്‍ ലഗേജുകള്‍ കൈവശം വെക്കുന്നതിനും കര്‍ശന വിലക്കുണ്ട്. വഴികളില്‍ ഹാജിമാര്‍ ഇരിക്കുന്നതും വിശ്രമിക്കുന്നതും ഒഴിവാക്കണം, വരികളുടെ എണ്ണം എത്ര കൂടിയതാണെങ്കിലും ട്രാക്കുകള്‍ തെറ്റാതെ ഹാജിമാരെ ശ്രദ്ധിക്കണം എന്നീ കാര്യങ്ങളും കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹജ്ജ് സേവനത്തിനായി ഇത്തവണ ആംഡ് ഫോഴ്‌സിന്റെ സേവനവും ലഭ്യമാക്കുന്നുണ്ട്. മെഡിക്കല്‍, ടെലികമ്മ്യൂണിക്കേഷന്‍, ഐ.ടി, തുടങ്ങിയ രംഗങ്ങളിലാണ് ആംഡ് ഫോഴ്‌സ് രംഗത്തുണ്ടാവുക. എയര്‍ ആംബുലന്‍സ് സേവനത്തിനും ആശുപത്രികള്‍ സ്ഥാപിച്ചുമാണ് മെഡിക്കല്‍ രംഗത്ത് ആംഡ് ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കുക.
അതിനിടെ അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച പതിനായിരത്തില്‍ അധികം പേരെ ഇതുവരെ പിടികൂടിയതായും സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ്ജ് നിയമം ലംഘിക്കുന്ന പ്രവണത ഒരിക്കലും അനുവദിക്കില്ലെന്നും നുഴഞ്ഞുകയറുന്നത് തടയുന്നതിന് രഹസ്യ വിഭാഗം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.
ആഭ്യന്തര ഹാജിമാര്‍ക്ക്
ട്രാകിങ് സംവിധാനവും
മക്ക : ആഭ്യന്തര ഹാജിമാര്‍ക്കായി ജി.പി.എസ് സംവിധാനവും സജ്ജീകരിക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പാക്കുന്നത്. തമ്പുകളില്‍ നിന്നും മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള ആഭ്യന്തര ഹാജിമാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുവാനും അടിയന്തര ഘട്ടങ്ങളില്‍ നിര്‍ദേശം നല്‍കുവാനുമാണ് ഇത് ഉപയോഗിക്കുക. ആഭ്യന്തര സംഘങ്ങളെ നയിക്കുന്നവര്‍ക്കും ട്രെയിനുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഈ ഉപകരണം വിതരണം ചെയ്യും. ഓരോ കമ്പനിക്കു കീഴിലും 20 ഗൈഡുകളാണ് തീര്‍ഥാടകരുടെ മേല്‍നോട്ടത്തിനായി ഉണ്ടാവുക.
പാചക സംവിധാനത്തില്‍
അനിശ്ചിതത്വം ഒഴിഞ്ഞില്ല
നിസാര്‍ കലയത്ത്
ജിദ്ദ: ഗ്രീന്‍ കാറ്റഗറിയില്‍ താമസിക്കുന്നവര്‍ക്ക് താമസ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അനിശ്ചിതത്വം ഒഴിഞ്ഞില്ല. ഗ്യാസ് സിലണ്ടറിന് വിലക്ക് നീങ്ങിയിരുന്നതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചിരുന്നുവെങ്കിലും പല കെട്ടിടങ്ങളിലും ഇതുവരെ ഗ്യാസ് സിലിണ്ടറുകള്‍ ലഭിച്ചിട്ടില്ല.
ഇതോടെ ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് ഭക്ഷണത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഹാജിമാരുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദൂരെദിക്കില്‍ നിന്നും ഭക്ഷണം ഹറം പരിസരത്തു എത്തിച്ചുകൊടുക്കാനും കഴിയുന്നില്ല.
സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ കെട്ടിടങ്ങളില്‍ സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയെന്ന് പറയുമ്പോഴാണ് ഈ സ്ഥിതി. ഹറം പള്ളിയുടെ ഒന്നര കിലോമീറ്റര്‍ ദൂര പരിധിക്കുള്ളിലുള്ള ഈ കെട്ടിടങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് ഗ്യാസ് സിലിണ്ടറിന് വിലക്കേര്‍പ്പെടുത്തിയത്. 30 പേര്‍ക്ക് ഒരു അടുക്കള എന്ന തോതില്‍ ഈ കെട്ടിടങ്ങളിലുണ്ടെങ്കിലും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. എന്നാല്‍ ഗ്യാസിനുള്ള വിലക്ക് നീങ്ങിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക അറിയിപ്പ് കെട്ടിടമുടമകള്‍ക്ക് ലഭിച്ചിട്ടില്ല.
അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ പാചക വാതകം കഴിഞ്ഞ ദിവസം എത്തിച്ചിട്ടുണ്ടെങ്കിലും അറിയിപ്പ് കിട്ടാത്തതിനാല്‍ ഇവ വിതരണം ചെയ്തിട്ടില്ല. അതേസമയം ഹറം പള്ളിയില്‍ നിന്നും അല്‍പം അകലെ അസീസിയ കാറ്റഗറിയില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യമുണ്ട്. ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും താമസിക്കുന്നത് ഈ കാറ്റഗറിയിലാണ്.
പ്രശ്‌നത്തിന് ഹജ്ജ് മിഷന്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."