എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മുടങ്ങിയതോടെ ദുരിതത്തിലായി യാത്രക്കാര്‍
ദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ പൈലറ്റുമാര്‍ കൂട്ടമായി സിക്ക് ലീവ് എടുത്തതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങിയത് കാരണം ദുരിതം പേറി യാത്രക്കാര്‍. ദുബൈ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളില്‍ നിന്നും ബുധനാഴ്ച അതിരാവിലെ മുതല്‍ പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുടങ്ങിയതോടെയാണ് യാത്രക്കാര്‍ കടുത്ത പ്രയാസത്തിലകപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതലായിരുന്നു എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ 70ലേറെ ഇന്റര്‍നാഷണല്‍, ഡൊമെസ്റ്റിക് വിമാനങ്ങളുടെ സര്‍വീസ് ക്യാന്‍സല്‍ ചെയ്തത്. ഈ വിവരമറിയാതെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു.
ദുബൈയില്‍ നിന്ന് കോഴിക്കോട്, അമൃത്‌സര്‍, തിരുച്ചിറപ്പള്ളി; ഷാര്‍ജയില്‍ നിന്ന് കൊച്ചി, കണ്ണൂര്‍; റാസല്‍ഖൈമയില്‍ നിന്ന് രണ്ട് സര്‍വീസുകള്‍; അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കണ്ണൂര്‍ തുടങ്ങിയ സര്‍വീസുകളാണ് റദ്ദായത്. ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലും യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
തങ്ങളുടെ ഒരു വിഭാഗം കാബിന്‍ ക്രൂ അംഗങ്ങള്‍ അവസാന നിമിഷം സിക്ക് ലീവ് റിപ്പോര്‍ട്ട് ചെയ്തതു മൂലം വിമാനങ്ങള്‍ പലതും വൈകുകയും റദ്ദാക്കുകയും ചെയ്തുവെന്നും, ഇതിനു പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ ശ്രമിച്ചു വരികയാണെന്നും ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ്, യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചു നല്‍കുകയോ പകരം യാത്രാ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചത്. 300 മുതിര്‍ന്ന കാബിന്‍ ക്രൂ അംഗങ്ങള്‍ അവസാന നിമിഷം സിക്ക് ലീവ് നല്‍കി മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."